വിമാനത്തിലെ സീറ്റിന്റെ നീലനിറത്തിന് പിന്നിലെ രഹസ്യം ഇതാണ്

ഇതിന് പിന്നില്‍ മനശാസ്ത്രപരമായ ഒരു കാരണവും കൂടിയുണ്ട്

മിക്ക വിമാനങ്ങളിലും സീറ്റുകള്‍ക്ക് കൂടുതലായി കാണപ്പെടുന്ന നിറം നീല ആയിരിക്കും. ഇത് ഡിസൈനിന്റെ ഭാഗമായിട്ടുള്ളതാണെന്ന് കരുതേണ്ട. ഈ തിരഞ്ഞെടുപ്പിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്.

നീല സമാധാനവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന നിറമാണ്. ഇത് കാഴ്ചയുടെ സമ്മര്‍ദ്ദം കുറയ്ക്കും. മാത്രമല്ല പൊടി, ഭക്ഷണത്തിന്റെ കറ, സീറ്റുകളിലെ ചെറിയ പോറല്‍ ഇവയൊന്നും നീലനിറത്തില്‍ എളുപ്പത്തില്‍ ദ്യശ്യമാവില്ല. ഇത് സീറ്റുകള്‍ വൃത്തിയായി കാണാനും പരിപാലന ചെലവ് കുറയ്ക്കാനും സഹായിക്കുന്നു.

ശാന്തമായ നിറം

വിമാന യാത്രയ്ക്കിടയില്‍ ചിലര്‍ക്ക് ഭയമോ അസ്വസ്ഥതയോ അനുഭവപ്പെടാറുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ പല എയര്‍ലൈനുകളിലും നീല സീറ്റുകള്‍ തിരഞ്ഞെടുക്കുന്നു.കാരണം നീല നിറം ശാന്തമാണ്.നിറങ്ങളുമായി ബന്ധപ്പെട്ട മനശാസ്ത്രം പറയുന്നത് ആളുകളുടെ മനസ് ശാന്തമാക്കാന്‍ ഈ നിറം സഹായിക്കുന്നു എന്നാണ്. 1970- 80 കാലഘട്ടങ്ങളില്‍ വിമാന കമ്പനികള്‍ ചുവന്ന സീറ്റുകള്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിച്ചത് ചുവപ്പ് യാത്രക്കാരില്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നാണ്.

മനശാസ്ത്രം

നിറങ്ങള്‍ക്ക് ഈര്‍പ്പം, താപനില,സുഗന്ധം എന്നിവയെക്കുറിച്ചുളള ഒരു വ്യക്തിയുടെ ധാരണയെ സ്വാധീനിക്കാന്‍ കഴിയും. മനശാസ്ത്രപ്രകാരം നീല നിറം സമാധാനത്തിന്റെയും വിശ്വാസത്തിന്റെയും സ്ഥിരതയുടെയും പ്രതീകമാണ്. ഇത് കണ്ണുകള്‍ക്ക് തണുപ്പ് നല്‍കുകയും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. മാത്രമല്ല യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വവും സുഖവും അനുഭവിക്കാന്‍ സഹായിക്കും.

Content Highlights :The reason behind the blue color of airplane seats

To advertise here,contact us