ഇൻഡിഗോ പ്രതിസന്ധി; അടുത്ത മൂന്ന് ദിനം 89 സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

കഴിഞ്ഞ അഞ്ചു ദിവസമായി ഇൻഡിഗോ വിമാനക്കമ്പനി ഫ്‌ളൈറ്റുകൾ റദ്ദാക്കുന്നതിനെ തുടർന്ന് യാത്രക്കാർ പ്രതിസന്ധിയിലാണ്

ഇൻഡിഗോ ഫ്‌ളൈറ്റുകൾ റദ്ദാക്കപ്പെട്ടതോടെ വലയുന്ന യാത്രികർക്ക് ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. 89 സ്‌പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിലേക്കായി നൂറോളം സർവീസുകൾ ഈ ട്രെയിനുകൾ നടത്തും. ഇന്ന് ആരംഭിച്ച് മൂന്ന് ദിവസം ഈ ട്രെയിനുകൾ ഓടുമെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

യാത്ര സുഗമമാക്കാനും മതിയായ യാത്രാസൗകര്യങ്ങൾ ഉറപ്പാക്കാനും റെയിൽവേയുടെ പിന്തുണ ഉറപ്പാക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി ഇൻഡിഗോ വിമാനക്കമ്പനി ഫ്‌ളൈറ്റുകൾ റദ്ദാക്കുന്നതിനെ തുടർന്ന് യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിനെ തുടർന്നാണ് റെയിൽവേയുടെ അടിയന്തര ഇടപെടൽ. പുതിയതായി നടപ്പാക്കുന്ന FTDL നിയമങ്ങൾ, കാലാവസ്ഥ പ്രശ്‌നങ്ങൾ മുതലായവ ചൂണ്ടിക്കാട്ടിയാണ് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയിരിക്കുന്നത്.

സെൻട്രൽ റെയിൽവേ , ദക്ഷിണ കിഴക്കൻ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, ഈസ്റ്റേൺ റെയിൽവേ, വെസ്റ്റേൺ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, നോർത്ത് വെസ്റ്റേൺ റെയിൽവേ, നോർത്ത് സെൻട്രൽ റെയിൽവേ, നോർത്തേൺ റെയിൽവേ അടക്കമാണ് 89 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്തുന്നത്.

Content Highlights: Indian Railway announced 89 special trains amidst Indigo crisis

To advertise here,contact us