യാത്രകൾ സുന്ദരമാക്കാം; വിമാനത്താവളത്തിന് 'സ്‌പെഷ്യൽ ഗിഫ്റ്റായി' റെയിൽവേ സ്റ്റേഷൻ!

ഈ റെയിൽവേ സ്റ്റേഷൻ ഡിസംബർ 25നാണ് പ്രവർത്തനം ആരംഭിക്കുക

ക്രിസ്മസ് ദിനത്തിൽ നവി മുംബൈ വിമാനത്താവളത്തിൽ നിന്നും വിമാനങ്ങൾ പറന്നുയരാനായി കാത്തിരിക്കുന്നതിനിടയിൽ മറ്റൊരു സന്തോഷ വാർത്ത കൂടി മുംബൈക്കാരെ തേടി എത്തിയിരിക്കുകയാണ്. വിമാനത്താവളത്തിന് തൊട്ടടുത്തായി ഒരു റെയിൽവേ സ്റ്റേഷൻ കൂടി സജ്ജമാകുകയാണ്. ഉറാൻ - ബേലാപൂർ ലൈനിൽ പ്രവർത്തിക്കുന്ന തർഘർ സ്റ്റേഷനിൽ നിന്നും ലോക്കൽ ട്രെയിനുകളാണ് സർവീസ് നടത്തുക. തന്റെ അപേക്ഷ സ്വീകരിച്ച് ഇത്തരമൊരു നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എക്‌സിൽ നന്ദി അറിയിച്ചിട്ടുണ്ട്.

ഈ റെയിൽവേ സ്റ്റേഷൻ ഡിസംബർ 25നാണ് പ്രവർത്തനം ആരംഭിക്കുക. നേരുൽ - ഉറാൻ - നേരുൽ(നാല് ട്രിപ്പുകൾ), ബേലാപൂർ - ഉറാൻ - ബേലാപൂർ (ആറ് ട്രിപ്പുകൾ) എന്ന തരത്തിലാണ് ട്രെയിൻ സർവീസുകൾ ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുംബൈക്കാരുടെ ദിവസേനയുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ ഈ സംവിധാനം സഹായിക്കുമെന്നാണ് മുഖ്യമന്ത്രി പ്രതീക്ഷയോടെ പറയുന്നത്.

വിമാനത്താളത്തിൽ നിന്നും വെറും 1.5 കിലോമീറ്റർ ദൂരത്തിലാണ് റെയിൽവേ സ്റ്റേഷൻ സ്ഥാപിച്ചിരിക്കുന്നത്. റെയിൽവേ യാത്രികർക്ക് പുറമേ വിമാനയാത്രികർക്കും എയർപോർട്ട് ജീവനക്കാർക്കും ഈ സംവിധാനം വലിയ സഹായമായിരിക്കും. റെയിൽവേ സ്റ്റേഷനിൽ നിന്നും എയർപോർട്ടിലേക്ക് വാക്ക്‌വേകൾ, ഷട്ടിലുകൾ എന്നിവ ഉണ്ടാകും.

രണ്ട് ലക്ഷം സ്‌ക്വർ ഫീറ്റിലാണ് പുതിയ സ്റ്റേഷന്റെ നിർമാണം. നവി മുംബൈ എയർപോർട്ടിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ഒരു ഫ്യൂച്ചർ റെഡി ട്രാൻസിറ്റ് ഹബ്ബായി ഇതിനെ മാറ്റാണ് പദ്ധതി. ഹാർബർ ലൈൻ, ഇനി വരാനിരിക്കുന്ന കോസ്റ്റൽ മെട്രോ, ആലോചനയിലുള്ള എയർപോർട്ട് സ്‌കൈ ട്രെയിൻ എന്നിവയുമായി ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഇടമായി ഈ റെയിൽവേ സ്റ്റേഷൻ മാറും. ഇത് വിമാനയാത്രികർക്കാകും ഏറ്റവും ഉപയോഗപ്രദം.

നവി മുംബൈയുടെ നോഡൽ ഏജൻസിയായ സിറ്റി ഇൻഡസ്ട്രിയൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ 112 കോടി ചിലവാക്കിയാണ് ഈ സ്റ്റേഷൻ നിർമിക്കുന്നത്. മൂന്ന് ഐലൻഡ് പ്ലാറ്റ്‌ഫോമുകളും രണ്ട് എൻഡ് പ്ലാറ്റ്‌ഫോമുകളുമാണ് ഇവിടെയുണ്ടാവുക. ഈ രണ്ട് പ്ലാറ്റ്‌ഫോമുകൾക്ക് 270 മീറ്റർ നീളവും 12 മീറ്റർ വീതിയുമാണുള്ളത്. പ്ലാറ്റ്‌ഫോമുകളിലെത്താൻ സബ്‌വേകൾ, നാലു കോർണറുകളിലും പാർക്കിങ്, ബസുകൾ, കാറുകൾ, ഓട്ടോകൾ എന്നിവയ്ക്ക് യാത്രക്കാരെ കയറ്റാനും ഇറക്കാനുമുള്ളയിടങ്ങളും സജ്ജമാണ്.

Content Highlights: Navi Mumbai Airport to get a railway station nearby

To advertise here,contact us