റെയിൽവേ കൗണ്ടറിൽ പോയാണ് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതെങ്കിൽ! ഇക്കാര്യം അറിഞ്ഞിരിക്കാം

പുതിയ നടപടി ബുക്കിങ് പ്രക്രിയ കൂടുതൽ സുതാര്യവും സുരക്ഷിതവും സൗകര്യപ്രദമാക്കുകയും ചെയ്യും

റെയിൽവേ റിസർവേഷൻ കൗണ്ടറിലാണ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതെങ്കിൽ ഇനി മുതൽ ഇക്കാര്യം കൂടി ഒന്ന് അറിഞ്ഞിരിക്കാം. യാത്രക്കാരുടെ മൊബൈൽ ഫോണിൽ വരുന്ന ഒരു ഒടിപി വെരിഫിക്കഷേൻ ചെയ്യണമെന്ന പുത്തൻ രീതി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണ് റെയിൽവേ. ലാസ്റ്റ് മിനിറ്റ് ബുക്കിങ് സംവിധാനം ദുരുപയോഗം ചെയ്യാതിരിക്കാനാണ് പുതിയ പ്രക്രിയ റെയിൽവേ മന്ത്രാലയം ആരംഭിച്ചിരിക്കുന്നത്. ഇതുവഴി ഹൈ - ഡിമാൻഡ് ടിക്കറ്റുകൾ കൃത്യമായി ആവശ്യക്കാരിലെത്തിക്കാൻ കഴിയും. പരീക്ഷണാടിസ്ഥാനത്തിൽ നവംബർ 17നാണ് ഈ സംവിധാനം ആദ്യം ആരംഭിച്ചത്. ആദ്യം ചുരുക്കം ചില ട്രെയിനുകളിലെ ടിക്കറ്റ് ബുക്ക് ചെയ്യാനായി ഈ സംവിധാനം ഉപയോഗിച്ചിരുന്നു. ഇനി മുതൽ ഇതേ സംവിധാനം 52ഓളം ട്രെയിനുകളിലെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനായി ഉപയോഗിക്കാനാണ് തീരുമാനം.

ഈ സംവിധാനത്തിന് കീഴിൽ റിസർവേഷൻ കൗണ്ടറിൽ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ റിസർവേഷൻ ഫോമിലുള്ള മൊബൈൽ നമ്പറിൽ ഒരു ഒടിപി യാത്രക്കാരന് ലഭിക്കും. ഒടിപി വെരിഫിക്കേഷന് ശേഷമേ ടിക്കറ്റ് സ്ഥിരീകരിക്കപ്പെടൂ. അർഹരായ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റ് സംവിധാനത്തിലൂടെ കൃത്യമായ സേവനം ലഭ്യമാക്കാനാണ് ഈ സംവിധാനം. പുതിയ നടപടി ബുക്കിങ് പ്രക്രിയ കൂടുതൽ സുതാര്യവും സുരക്ഷിതവും സൗകര്യപ്രദമാക്കുകയും ചെയ്യും.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ടിക്കറ്റ് ബുക്കിങ്ങിലുണ്ടാവുന്ന അനാവശ്യ ഇടപെടലുകൾ നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സ്വീകരിച്ച് വരികയായിരുന്നു റെയില്‍വേ. ഇക്കഴിഞ്ഞ ജൂലായിലാണ് തത്കാൽ ബുക്കിങ്ങിൽ ഒടിപിയിലൂടെ ആധാർ വെരിഫിക്കേഷൻ നിർബന്ധമാക്കിയത്. ഒക്ടോബർ ഒന്ന് മുതൽ ഐആർസിടിസി വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്ലിക്കേഷനിലൂടെ ആധാർ ഓതന്റിക്കേറ്റഡ് ഉപയോക്തകാക്കൾക്ക് മാത്രമേ റിസർവ്ഡ് ജനറൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കു എന്ന മാറ്റവും റെയിൽവേ മന്ത്രാലയം നടപ്പാക്കിയിരുന്നു.

Content Highlights: New update on Tatkal ticket booking in Railway counters

To advertise here,contact us