

യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ജപ്പാൻ ഇഷ്ടപ്പെട്ട ഒരു ഇടമാണ്. ജീവിതത്തെ മാറ്റിമറിച്ച നിരവധി ജപ്പാനീസ് യാത്രാ അനുഭവങ്ങൾ നമ്മൾ വായിച്ചറിഞ്ഞിട്ടുമുണ്ട്. ജപ്പാൻ്റെ സമ്പന്നമായ സംസ്കാരവും വ്യത്യസ്തമായ ഭക്ഷണവും സാങ്കേതികമായ മികവുമെല്ലാം ഒരിക്കലെങ്കിലും ജപ്പാനിൽ പോകാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാൽ ഇന്ത്യക്കാരെ സംബന്ധിച്ച് ജപ്പാനിലേയ്ക്ക് യാത്ര പോകാനുള്ള ചെലവാണ് പലപ്പോഴും തടസ്സമായി മാറുന്നത്. എന്നാൽ വെറും 1.3 ലക്ഷം രൂപയ്ക്ക് ചുവടെ മാത്രം മുടക്കി ജപ്പാൻ കണ്ടുമടങ്ങാമെന്നാണ് മുംബൈക്കാരിയായ ഒരു ട്രാവൽ വ്ളോഗറാണ് അവകാശപ്പെടുന്നത്. ചാർമി എന്ന ട്രാവൽ വ്ളോഗറാണ് 1.25 ലക്ഷം രൂപ ഉപയോഗിച്ച് ജപ്പാനിൽ ഒൻപത് ദിവസത്തെ യാത്ര പൂർത്തിയാക്കി എന്ന് അവകാശപ്പെട്ടിരിക്കുന്നത്.
ചാർമി ട്രാവൽസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ചാർമി ജപ്പാൻ യാത്രയുടെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബർ 17നാണ് ചാർമി വീഡിയോ പങ്കുവെച്ചത്. 'ജപ്പാൻ ചെലവേറിയതായി ആളുകൾ ഇപ്പോഴും കരുതുന്നതിൽ എനിക്ക് അത്ഭുതമുണ്ട്, നിങ്ങൾക്ക് ഒരു ദിവസത്തെ യാത്രാ പദ്ധതി വേണമെങ്കിൽ താഴെ കമന്റ് ചെയ്യുക' എന്ന അടിക്കുറിപ്പോടെയായിരുന്നു ചാർമി വീഡിയോ പങ്കുവെച്ചത്.
തന്ത്രപരമായ ആസൂത്രണവും സ്മാർട്ട് ബുക്കിംഗുമാണ് ചെലവ് കുറഞ്ഞ യാത്രയ്ക്ക് സഹായിച്ചതെന്നാണ് ചാർമി വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. 'വെറും ₹1,25,000 കൊണ്ട് ഞാൻ എന്റെ 9 ദിവസത്തെ ജപ്പാൻ യാത്ര പൂർത്തിയാക്കി, അതിന്റെ മുഴുവൻ ചെലവും ഞാൻ നിങ്ങൾക്ക് വിശദീകരിക്കാം' എന്ന് പറഞ്ഞു കൊണ്ട് യാത്രയുടെ ചെലവിൻ്റെ മുഴുവൻ വിശദാംശങ്ങളും ചാർമി പങ്കുവെച്ചിട്ടുണ്ട്.
വിമാനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ മുതൽ ഏങ്ങനെ ബഡ്ജറ്റ് ഫ്രെൻഡ്ലി ആകാമെന്ന് ചാർമി വിശദീകരിക്കുന്നുണ്ട്. മുംബൈ → ടോക്കിയോ → ഒസാക്ക → ടോക്കിയോ → മുംബൈ എന്ന രീതിയിൽ റൂട്ട് ക്രമീകരിച്ച് റിട്ടേൺ ടിക്കറ്റ് ഉൾപ്പെടെ എടുത്തുവെന്നാണ് ചാർമി വ്യക്തമാക്കുന്നത്. ഒരാൾക്ക് ₹40,600 എന്ന നിലയിലാണ് വിമാന ടിക്കറ്റിന് ചെലവായതെന്നും ചാർമി അവകാശപ്പെടുന്നുണ്ട്. താമസത്തിനായി ഹോട്ടലുകൾ തെരഞ്ഞെടുത്തതിനെക്കുറിച്ചും ചാർമി ചൂണ്ടിക്കാണിക്കുന്നുണ്ട്. താമസത്തിനായി ഹോട്ടലുകളുടെയും Airbnb താമസ സൗകര്യങ്ങളുമാണ് ബുക്ക് ചെയ്തതെന്നാണ് ചാർമിയുടെ അവകാശവാദം. ടോക്കിയോ ഹോട്ടലിന് ഒരു രാത്രിക്ക് ₹5,600 രൂപ ചെലവായപ്പോൾ ഒസാക്കയിൽ 3,800 രൂപയും ക്യോട്ടോ Airbnbയിൽ ഇത് ഏകദേശം 2,500 രൂപയും ചെലവായി എന്നാണ് ചാർമി പറയുന്നത്. താമസത്തിനായി ഒരാൾക്ക് ഏകദേശം 35,000 രൂപ വരെ ചിലവായി എന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ജപ്പാനിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലേയ്ക്കുള്ള യാത്രയ്ക്ക് മുൻകൂട്ടി പണം നൽകിയെന്നും അതിനായി ആകെ 32,200 രൂപ ചെലവായി എന്നുമാണ് ചാർമിയുടെ അവകാശവാദം. ജപ്പാനിലെ ഗതാഗതത്തിനും ഭക്ഷണത്തിനുമായി 18,000 രൂപയോളം ചെലവായി എന്നാണ് ചാർമി പറയുന്നത്. വ്യക്തിപരമായ ആവശ്യങ്ങൾക്കായി വിനിയോഗിച്ച പണം അടക്കം ഇങ്ങനെ 1,25,000 രൂപയാണ് ജപ്പാൻ യാത്രയ്ക്ക് ചെലവായതെന്നാണ് ചാർമി പറയുന്നത്. എന്നാൽ ഷോപ്പിംഗ് മറ്റൊരു അവസരത്തിലേയ്ക്ക് മാറ്റിവെച്ചു എന്നും ചാർമി പറയുന്നു. അടുത്ത ഇൻസ്റ്റാഗ്രാം റീൽസിൽ ജപ്പാനിൽ പോയ എല്ലാ സ്ഥലങ്ങളും പങ്കുവെയ്ക്കുമെന്നും ചാർമി വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights: A travel vlogger from Mumbai has shared details of her budget-friendly trip to Japan