ആയിരക്കണക്കിന് യാത്രികർ കടന്നുപോകുന്ന 'അജ്ഞാത' റെയിൽവെ സ്റ്റേഷൻ! സൺഡേ ഇവിടെ 'പ്രവേശനമില്ല'

ഈ റെയിൽവെ സ്റ്റേഷൻ 2008 മുതലാണ് പ്രവർത്തനം ആരംഭിച്ചത്

ഇന്ത്യയിൽ ലക്ഷകണക്കിന് പേരാണ് ട്രെയിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നത്. ചരിത്രപരമായ സംഭവങ്ങൾ, സ്ഥലങ്ങൾ, പ്രശസ്തരായ ആളുകളുടെ പേരുകൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് റെയിൽവേ സ്റ്റേഷനുകൾക്ക് പേര് നിശ്ചയിക്കുക. എന്നാൽ നെയിംബോർഡിൽ ഒന്നും എഴുതാത്ത ഒരു റെയിൽവെ സ്റ്റേഷൻ നമ്മുടെ രാജ്യത്തുണ്ട്. അങ്ങ് പശ്ചിമബംഗാളിലെ പൂർവ ബർത്തമാൻ ജില്ലയിലാണീ റെയിൽവെ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ബർദമൻ ജില്ലയിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ഈ റെയിൽവെ സ്റ്റേഷൻ 2008 മുതലാണ് പ്രവർത്തനം ആരംഭിച്ചത്.

നിരവധി പാസഞ്ചർ - ഗുഡ്‌സ് ട്രെയിനുകൾ കടന്നുപോകുന്ന ഈ സ്റ്റേഷനിൽ ആകെ ഒരു പാസഞ്ചർ ട്രെയിന് മാത്രമാണ് സ്റ്റോപ്പുള്ളത്. മറ്റ് എക്‌സ്പ്രസ് ട്രെയിനുകൾ നിർത്താതെ കടന്നുപോകും. ആകെയുള്ള ഒരേയൊരു ടിക്കറ്റ് കൗണ്ടറിൽ നിന്നും ലഭിക്കുന്ന ടിക്കറ്റിൽ റായ്‌നഗർ എന്ന് സ്റ്റേഷന്റെ പേര് എഴുതിയിട്ടുണ്ടെങ്കിലും ബോർഡുകൾ എല്ലാം ശൂന്യമാണ്. ആദ്യം ഈ റെയിൽവെ സ്റ്റേഷന് റായ്‌നഗർ എന്ന പേരിടാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സ്റ്റേഷനു സമീപത്തുള്ള രണ്ട് ഗ്രാമങ്ങൾ തമ്മിൽ ഇതിന്റെ പേരിൽ തർക്കമായി. തങ്ങളുടെ ഗ്രാമത്തിന്റെ പേരായിരിക്കണം സ്റ്റേഷനെന്നായിരുന്നു ഇവരുടെ ആവശ്യം. ഒടുവിൽ തർക്കം കോടതിയിലെത്തി. തർക്കം മൂർച്ഛിച്ചതും ഒരു തീരുമാനം ആകുന്നത് വരെ റെയിൽവെ സ്റ്റേഷനിലെ ബോർഡിലുള്ള പേര് നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടു. അതിന് ശേഷം അജ്ഞാത സ്റ്റേഷൻ എന്നാണ് ഇത് അറിയപ്പെടുന്നത്. ശൂന്യമായ മഞ്ഞ ബോർഡ് കണ്ടാണ് ആളുകൾ ഈ സ്റ്റേഷൻ തിരിച്ചറിയുന്നത്. ആ മഞ്ഞ ബോർഡാണ് ഇപ്പോൾ സ്റ്റേഷന്റെ തിരിച്ചറിയൽ അടയാളം. ഈ രീതിയോട് തങ്ങൾ പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നാണ് യാത്രക്കാർ പറയുന്നത്.

ഇവിടെയും തീർന്നില്ല ഞാറാഴ്ചകളിൽ ഈ സ്റ്റേഷൻ അടഞ്ഞ്കിടക്കും. ഈ ദിവസമാണ് ട്രെയിൻ മാസ്റ്റർ ടിക്കറ്റ് ബില്ലുകൾ സെറ്റിൽ ചെയ്യാനായി ബർത്തമാനിലേക്ക് പോകുന്നത്. അതിനാൽ അന്നേ ദിവസം ഇവിടെ നിന്നും ട്രെയിൻ സർവീസ് ഉണ്ടാകില്ല.Content Highlight: Railway station without name board

To advertise here,contact us