ബെംഗളൂരു-മുംബൈ യാത്ര കുറച്ചുകൂടി വേഗത്തിലായി; പുതിയ സൂപ്പര്‍ഫാസ്റ്റ് എത്തുന്നു

യാത്രാ സമയം 18 മണിക്കൂറായി കുറയും

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് മെട്രോനഗരങ്ങളാണ് മുംബൈയും ബാംഗ്ലൂരും. എന്നാല്‍ ഈ രണ്ട് സ്ഥലങ്ങള്‍ക്കിടയിലുള്ള ദൂരം വളരെ കൂടുതലായതു കൊണ്ട് തന്നെ ഈ സ്ഥലങ്ങളിലേക്ക് പരസ്പരം എത്തിപ്പെടുക എന്നതുള്ളത് ദൈര്‍ഘ്യമേറിയ ഒരു യാത്രയാണ്. പുതിയ ബെംഗളൂരു-മുംബൈ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ അവതരിപ്പിക്കുന്നതിലൂടെ രണ്ട് നഗരങ്ങള്‍ക്കിടയിലുള്ള യാത്ര വേഗത്തിലും സുഖകരവുമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ ഇപ്പോള്‍ ഒരുങ്ങുകയാണ്.

ഏകദേശം 1,136 കിലോ മീറ്ററാണ് ഈ രണ്ട് നഗരങ്ങള്‍ക്കിടയിലെ ദൂരം. ഇതുവരെ ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള ഒരേയൊരു ട്രെയിന്‍ ഉദ്യാന്‍ എക്‌സ്പ്രസ് ആയിരുന്നു. ഈ ട്രെയിനില്‍ ഏകദേശം 23 മണിക്കൂറാണ് രണ്ടു നഗരങ്ങള്‍ക്കിടയിലെ യാത്രാ സമയം. ദൊഡ്ഡബല്ലാപൂര്‍, ഗുണ്ടക്കല്‍, റായ്ച്ചൂര്‍, യാദ്ഗിര്‍, കലബുറഗി, സോളാപൂര്‍ എന്നിവിടങ്ങളിലൂടെയാണ് ഈ ട്രെയിന്‍ കടന്നുപോകുന്നത്. ഈ റൂട്ടില്‍ ഒരു ഭാഗത്തേക്ക് 32 സ്റ്റോപ്പുകളും മടക്കയാത്രയില്‍ 31 സ്റ്റോപ്പുകളുമാണ് ഉള്ളത്.

ഹുബ്ബള്ളി വഴിയാണ് പുതിയ സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ എത്തുന്നത്. ഏകദേശം 18 മണിക്കൂറാണ് ഈ യാത്രയ്ക്ക് എടുക്കുന്ന സമയം. റിപ്പോര്‍ട്ടുകള്‍ പ്രകാരം യാത്രക്കാര്‍ക്ക്, പ്രത്യേകിച്ച് ബിസിനസ് ആവശ്യത്തിനോ ടൂറിസത്തിനോ വേണ്ടി യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്രവും മികച്ച സൗകര്യങ്ങളോടും കൂടിയായിരിക്കും ട്രെയിനിലെ സജ്ജീകരണങ്ങള്‍.

ബെംഗളൂരുവിലെ സര്‍ എം. വിശ്വേശരയ്യ ടെര്‍മിനലില്‍ (SMVT) നിന്ന് യാത്ര ആരംഭിച്ച് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസില്‍ (CSMT) അവസാനിക്കും. തുമകുരു, ദാവണഗെരെ, ഹാവേരി, ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലാണ് ഈ ട്രെയിനിന് സ്‌റ്റോപ്പുള്ളത്. ലോഞ്ച് തീയതിയും ട്രെയിന്‍ ഷെഡ്യൂളും ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Content Highlights: New Bengaluru-Mumbai Superfast Train coming soon

To advertise here,contact us