നമ്മുടെ അയൽരാജ്യമായ പാകിസ്താനിൽ പോയി അവിടുത്തെ വിശേഷങ്ങളും കാഴ്ചകളും പങ്കുവച്ച് വൈറലായിരിക്കുകയാണ് മലയാളിയായ വെറ്റില സ്വദേശി ഷെറിൻ. ഷെറിൻസ് വ്ളോഗ്സെന്ന തന്റെ ചാനലിലൂടെയാണ് പാകിസ്താനെത്തിയ വിശേഷങ്ങള് അദ്ദേഹം പങ്കുവയ്ക്കുന്നത്.
കല്യാണം കഴിഞ്ഞ് ഹണിമൂണിന് പോലും പോകാതെ താൻ പാകിസ്താനിലേക്ക് യാത്ര ചെയ്യുകയായിരുന്നെന്നാണ് ഷെറിൻ പറയുന്നത്. വാഗ അതിർത്തി കടന്നാണ് ഷെറിൻ പാകിസ്താനിൽ കാലുകുത്തിയത്. മറ്റൊരു പ്രധാനകാര്യം പാകിസ്താനിൽ പോയി ആദ്യമായി മലയാളത്തിലൊരു വ്ളോഗ് ചെയ്യുന്നത് ഷെറിനാണെന്നതാണ് ആ പ്രത്യേകത. അതിഥികളായി എത്തിയവരിൽ നിന്നും ചായയുടെ പണം വാങ്ങാതെ ആതിഥ്യമര്യാദ കാണിക്കുന്ന പാകിസ്താനികളെയും ഷെറിൻ ഈ വീഡിയോയിൽ പരിചപ്പെടുത്തുന്നുണ്ട്.
കോവിഡ് കാലത്ത് കൊച്ചിയിലൂടെ സൈക്കളിൽ കറങ്ങി താരമായി, പിന്നീട് സിനിമാതാരങ്ങളുടെ വീടുകൾ തേരാപാരാ എന്ന പേരിൽ പരിചയപ്പെടുത്തി ഹിറ്റായ ഷെറിൻ ഇപ്പോൾ തന്റെ ചാനലിലൂടെ പാകിസ്താൻ വിശേഷങ്ങളാണ് പങ്കുവച്ചുകൊണ്ടിരിക്കുന്നത്.
പാകിസ്താന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലേക്കുള്ള യാത്രക്കിടയിൽ വലിയ എക്സ്പ്രസ് ഹൈവേയും പാകിസ്താനിലെ കടകളും നെൽ - ഗോതമ്പ് പാടങ്ങളുമെല്ലാം ഷെറിൻ കാണിച്ചു തരുന്നുണ്ട്. അതേദിവസം വൈകുന്നേരം ഒരു ചായ കുടിച്ച് കടയിൽ നിന്നിറങ്ങുന്ന വഴിയാണ് പാകിസ്താനിലെ അല്ലു അർജുൻ ഫാനിനെ ഷെറിൻ പരിചയപ്പെടുന്നത്. ഷെറിനെ കണ്ട ഒരു യുവാവ് ഭാഷ ഏതാണെന്ന് ചോദിക്കുകയും മലയാളമാണ്, സൗത്ത് ഇന്ത്യയാണെന്ന് മറുപടി പറയുമ്പോഴാണ്.. പുഷ്പ സിനിമയെക്കുറിച്ചും അല്ലു അർജുനെ കുറിച്ചും അയാൾ പറയുന്നത്. ഒപ്പം മഹേഷ് ബാബുവിന്റെ പേരും പറയുന്നുണ്ട്.
പൂർണമായും നിയമപരമായാണ് താനീ യാത്ര നടത്തിയിരിക്കുന്നതെന്നും ഇതിന് രാഷ്ട്രീയപരമായോ മതപരമായോ യാതൊരു ബന്ധവുമില്ലെന്നും വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ ഷെറിൻ പറയുന്നുണ്ട്.
Content Highlights: Meet a fan of Allu Arjun from Pakistan in a Malayalee's Vlog