അടുത്തനാൾ വരെ ഇന്ത്യൻ ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട സന്ദർശന കേന്ദ്രങ്ങളായിരുന്നു അസർബൈജാനും തുർക്കിയും. എന്നാൽ പുതിയ വിവരങ്ങൾ പ്രകാരം ഇവിടങ്ങളിലേയ്ക്കെത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ കുറവാണ് സംഭവിച്ചിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമാണ് ഇന്ത്യക്കാർ അസർബൈജാനെയും തുർക്കിയെയും കൈ ഒഴിഞ്ഞ് തുടങ്ങിയതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മെയ് മാസത്തിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷത്തിൽ ഈ രാജ്യങ്ങൾ പാകിസ്താനെ പിന്തുണച്ചിരുന്നു. ഇതാണ് ഇവിടങ്ങളിലേയ്ക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക് കുറയാൻ കാരണമായതെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ സഞ്ചാരികളുടെ കുറവ് ഏറ്റവും സാരമായി ബാധിച്ചിരിക്കുന്നത് അസർബൈജാനെയാണ്. മെയ്-ഓഗസ്റ്റ് കാലയളവിൽ അസർബൈജാനിൽ എത്തുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 56 ശതമാനമാണ് കുറവുണ്ടായിരിക്കുന്നത്. തുർക്കിയിൽ എത്തുന്ന ഇന്ത്യൻ സഞ്ചാരികളിൽ ഇക്കായളവിൽ സംഭവിച്ചിരിക്കുന്നത് 33.3 ശതമാനത്തിൻ്റെ കുറവാണ്.
ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി അടുത്തകാലത്തായി അസർബൈജാനും തുർക്കിയും ഇടം നേടിയിരുന്നു. ഇവിടങ്ങളിലേയ്ക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവും ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഇവിടങ്ങളിലേയ്ക്ക് നേരിട്ടുള്ള വിമാന സർവീസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിരുന്നു. പശ്ചിമേഷ്യയിലെ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്താംബുൾ ഒരു പ്രധാന വ്യോമയാന കേന്ദ്രം കൂടിയായി മാറിയിരുന്നു.
ഇന്ത്യ പാകിസ്താൻ സംഘർഷത്തിൽ ഇസ്ലാമാബാദിന് അനുകൂലമായി തുർക്കിയും അസർബൈജാനും നിലപാട് സ്വീകരിച്ചതോടെ ഇരുരാജ്യങ്ങളിലേയ്ക്കുമുള്ള സഞ്ചാരം ബഹിഷ്കരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിന് പിന്നാലെ മെയ് മാസത്തിൽ തന്നെ ഈ രാജ്യങ്ങളിലേയ്ക്കുള്ള ബുക്കിംഗ് കുറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. നേരത്തെയുണ്ടായിരുന്ന ബുക്കിംഗുകൾ കാൻസൽ ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചെന്നും ട്രാവൽ ബുക്കിംഗ് പോർട്ടലുകൾ വ്യക്തമാക്കുന്നുണ്ട് ഇതിന് പുറമെ ഇക്സിഗോ, കോക്സ് & കിംഗ്സ് പോലുള്ള ചില ഇന്ത്യൻ യാത്രാ സേവനദാതാക്കളും തുർക്കിയിലേക്കും അസർബൈജാനിലേക്കും വിമാന, ഹോട്ടൽ ബുക്കിംഗുകൾ നൽകുന്നത് നിർത്തിവെച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂരിനുശേഷം തുർക്കിയിലേക്കും അസർബൈജാനിലേക്കും അത്യാവശ്യമല്ലാത്ത യാത്രകൾ നടത്തുന്നതിനെതിരെ ഓൺലൈൻ ട്രാവൽ ബുക്കിംഗ് സേവന ദാതാക്കളായ മേക്ക്മൈട്രിപ്പും ഈസ്മൈട്രിപ്പും സഞ്ചാരികളെ ഉപദേശിച്ചിരുന്നു. 'കഴിഞ്ഞ ഒരു ആഴ്ചയിൽ അസർബൈജാനിലേക്കും തുർക്കിയിലേക്കും ഉള്ള ബുക്കിംഗുകൾ 60% കുറഞ്ഞു. ഇക്കാലയളവിൽ ബുക്കിംഗ് റദ്ദാക്കലുകൾ 250% വർദ്ധിച്ചു. നമ്മുടെ രാജ്യത്തോടുള്ള ഐക്യദാർഢ്യവും നമ്മുടെ സായുധ സേനയോടുള്ള ആഴമായ ബഹുമാനവും പ്രകടിപ്പിച്ചുകൊണ്ടുള്ള ഈ വികാരത്തെ ഞങ്ങൾ ശക്തമായി പിന്തുണയ്ക്കുന്നു. അസർബൈജാനിലേക്കും തുർക്കിയിലേക്കും ഉള്ള എല്ലാ അത്യാവശ്യമല്ലാത്ത യാത്രകളും വേണ്ടെന്ന് വെയ്ക്കണമെന്ന് ഉപദേശിക്കുകയും ചെയ്യുന്നു. ഈ രണ്ട് സ്ഥലങ്ങളിലേക്കുള്ള ടൂറിസത്തെ നിരുത്സാഹപ്പെടുത്തുന്നതിന് ഞങ്ങളുടെ പ്ലാറ്റ്ഫോമിലെ എല്ലാ പ്രമോഷനുകളും ഓഫറുകളും ഞങ്ങൾ ഇതിനകം നിർത്തലാക്കിയിട്ടുണ്ട്' എന്നായിരുന്നു മെയ് 14ന് പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ മേക്ക്മൈട്രിപ്പ് വ്യക്തമാക്കിയത്.
2025 ജനുവരി-ഏപ്രിൽ മാസങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം വർഷം തോറും 33 ശതമാനം വളർച്ച കൈവരിച്ചെന്നായിരുന്നു അസർബൈജാൻ ടൂറിസം ബോർഡ് പുറത്ത് വിട്ട നേരത്തെയുള്ള കണക്ക്. എന്നാൽ പിന്നീടുള്ള നാല് മാസം ഇത് ഏകദേശം 56 ശതമാനം കുറഞ്ഞുവെന്നാണ് ഇവർ വ്യക്തമാക്കുന്നത്. 2024 മെയ്-ഓഗസ്റ്റ് കാലയളവിൽ ഇന്ത്യയിൽ നിന്ന് അസർബൈജാനിലേക്ക് പോയ സന്ദർശകരുടെ എണ്ണം ഒരു ലക്ഷത്തോളമായിരുന്നെങ്കിൽ 2025 മെയ്-ഓഗസ്റ്റ് മാസത്തിൽ ഇത് 44,000 ആയി കുറഞ്ഞുവെന്നാണ് കണക്ക്. ഓപ്പറേഷൻ സിന്ദൂറിന് മുമ്പുള്ള 2025ലെ ആദ്യ നാല് മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 81,000 സന്ദർശകർ അസർബൈജാനിൽ എത്തിയിരുന്നു എന്നാണ് കണക്ക്. 2024ൽ ഇക്കാലയളവിൽ 61,000 ഇന്ത്യക്കാരാണ് അസർബൈജാൻ സന്ദർശിച്ചത്.
2025 ആഗസ്റ്റ് വരെയുള്ള ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യയിൽ നിന്ന് അസർബൈജാനിലേക്കുള്ള സന്ദർശകരുടെ എണ്ണം മാസം തോറും 22 ശതമാനമാണ് കുറഞ്ഞതെന്നാണ് കണക്കുകൾ പറയുന്നത്. നേരത്തെ അസർബൈജാൻ ടൂറിസം ബോർഡ് ഇന്ത്യയെ "അസർബൈജാനിലെ ടൂറിസം മേഖല ലക്ഷ്യമിടുന്ന പ്രധാന വിപണിയായി വിശേഷിപ്പിച്ചിരുന്നു. മാത്രമല്ല ഇന്ത്യയെ അതിന്റെ മികച്ച അഞ്ച് ടൂറിസം ഉറവിട വിപണികളിൽ ഒന്നായി കണക്കാക്കുകയും ചെയ്തിരുന്നു. ആഗസ്റ്റിലെ കണക്ക് പ്രകാരം അസർബൈജാനിലെത്തുന്ന വിദേശ സന്ദർശകരുടെ എണ്ണത്തിൽ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. 2025 ഓഗസ്റ്റിൽ ഇന്ത്യയിൽ നിന്ന് വെറും 6,032 പേർ മാത്രമാണ് അസർബൈജാനിലേയ്ക്ക് യാത്ര ചെയ്തത്. 2024 ഓഗസ്റ്റിൽ ഇത് 21,137 ആയിരുന്നു. 2023ൽ അസർബൈജാൻ സന്ദർശിച്ച ഇന്ത്യക്കാരുടെ എണ്ണം 1.17 ലക്ഷമായിരുന്നു. 2024ൽ ഇത് 2.44 ലക്ഷമായി ഇരട്ടിയിലധികം വളർച്ച രേഖപ്പെടുത്തിയിരുന്നു. 2022 ൽ അസർബൈജാനിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം 60,731 ആയിരുന്നെങ്കിൽ 2014 ൽ ഇത് 4,853 പേർ മാത്രമായിരുന്നു.
2025 മെയ്-ഓഗസ്റ്റ് കാലയളവിൽ തുർക്കിയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞെന്നാണ് തുർക്കിയിലെ സാംസ്കാരിക, ടൂറിസം മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ നാലുമാസങ്ങളിൽ തുർക്കിയിൽ എത്തിയത് 90,400 ഇന്ത്യക്കാർ ആണെന്നാണ് കണക്ക്. 2024 മെയ്-ഓഗസ്റ്റ് മാസങ്ങളിൽ ഇത് ഏകദേശം 1.36 ലക്ഷമായിരുന്നു. 2025ലെ ആദ്യ നാല് മാസങ്ങളിൽ ഏകദേശം 83,300 ഇന്ത്യക്കാർ തുർക്കി സന്ദർശിച്ചുവെന്നാണ് കണക്ക്. 2024 ജനുവരി-ഓഗസ്റ്റ് മാസങ്ങളിൽ തുർക്കിയിലേക്കുള്ള ഇന്ത്യൻ സന്ദർശകരുടെ എണ്ണം 2023ലെ ഇക്കാലയളവിൽ നിന്ന് 28.5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്.
2024-ൽ 3.31 ലക്ഷം ഇന്ത്യൻ പൗരന്മാരാണ് തുർക്കിയിലേയ്ക്ക് എത്തിയതെന്നാണ് കണക്ക്. 2023-ൽ 2.74 ലക്ഷം ഇന്ത്യക്കാരാണ് തുർക്കി സന്ദർശിച്ചത്, ഏകദേശം 21 ശതമാനത്തിൻ്റെ വർദ്ധനവ്. 2022-ൽ തുർക്കി സന്ദർശിച്ച ഇന്ത്യൻ പൗരന്മാരുടെ എണ്ണം 2.32 ലക്ഷമായിരുന്നു. 2024ൽ ഇന്ത്യയിൽ നിന്ന് തുർക്കിയിലേക്ക് നേരിട്ടുള്ള വിമാനങ്ങളിൽ 5.05 ലക്ഷം യാത്രക്കാർ പറന്നുവെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) കണക്കുകൾ വ്യക്തമാക്കുന്നത്. 2023-നെ അപേക്ഷിച്ച് ഏകദേശം 15 ശതമാനം വർധനവാണിത്. ഇസ്താംബുൾ വിമാനത്താവളം ഒരു ട്രാൻസിറ്റ് ഹബ്ബായി ഉപയോഗിച്ച് തുർക്കിക്ക് പുറത്തുള്ള സ്ഥലങ്ങളിലേക്ക് പോയ യാത്രക്കാരുടെ എണ്ണവും ഈ കണക്കിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഇന്ത്യയെയും അസർബൈജാനെയും ബന്ധിപ്പിക്കുന്ന വിമാനങ്ങളുടെ എണ്ണം വർദ്ധിച്ചതോടെ ഇന്ത്യയിൽ നിന്ന് അസർബൈജാനിലേക്ക് നേരിട്ട് പറന്ന യാത്രക്കാരുടെ എണ്ണം 2024ൽ 80,567 ആയിരുന്നു. 2023-ൽ ഇത് 28,899 ആയിരുന്നു.
Content Highlights: Azerbaijan and Turkey backed Pakistan in Operation Sindoor, see dip in Indian tourists