300 കിലോമീറ്റർ വേഗതയിൽ രാജ്യത്ത് ട്രെയിൻ ഓടിയാലോ?; ഇന്ത്യൻ റെയിൽവെക്കുള്ളത് വലിയ സ്വപ്‌നങ്ങൾ

2047ഓടെ 7000 കിമോലേറ്റർ ദൂരം വരുന്ന ഇടനാഴി നിർമിക്കാൻ പദ്ധതി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ റെയിൽവെ നിരവധി മാറ്റങ്ങളിലൂടെ കടന്ന് പോകുകയാണ്. പാത വൈദ്യുതീകരണം, പുതിയ ട്രെയിനുകളുടെ സർവീസുകൾ, സംസ്ഥാനങ്ങളിലേക്ക് പുതിയ പാതകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് റെയിൽവെയിൽ നടന്നത്. ഇതിനൊപ്പം തന്നെ ചേർത്തുവെക്കേണ്ട ഒന്നാണ് ഡെഡിക്കേറ്റഡ് ഫ്രയ്റ്റ് കോറിഡോർ. ഗുഡ്‌സ് ട്രെയിനുകൾക്ക് മാത്രമായുളള പാതയാണിത്. ഇതിലൂടെ പാസഞ്ചർ ട്രെയിനുകൾ ഓടിക്കാൻ കഴിയില്ല. ഇത്തരത്തിൽ വലിയ മാറ്റങ്ങൾ വന്നിരിക്കെ, ഇനി നമ്മുടെ റെയിൽവെ മേഖലയിൽ വരേണ്ടുന്ന മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് റെയിൽവെ മന്ത്രി.

പതിനാറാമത് ഇന്റർനാഷണൽ റെയിൽവെ എക്വിപ്മെന്റ് എക്‌സിബിഷനിൽ സംസാരിക്കുമ്പോഴാണ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ത്യയുടെ റെയിൽവെ വികസനത്തെക്കുറിച്ച്‌ സംസാരിച്ചത്. ഡെഡിക്കേറ്റഡ് ഫ്രയ്റ്റ് കോറിഡോറിനെപ്പോലെത്തനെ പാസഞ്ചർ യാത്രാ തീവണ്ടികൾക്കായി ഡെഡിക്കേറ്റഡ് പാസഞ്ചർ കോറിഡോർ നിർമിക്കുകയാണ് ലക്ഷ്യം എന്നാണ് മന്ത്രി പറയുന്നത്. 140 കോടി ജനങ്ങളുളള നാടാണ് നമ്മുടേത് എന്നും ഡിമാൻഡ് അത്രയധികം കൂടുതലാണെന്നും മന്ത്രി പറയുന്നു. ഇതേ രീതി പരീക്ഷിച്ച നിരവധി രാജ്യങ്ങൾ ഉണ്ടെന്നും മന്ത്രി പറയുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ വികസിത് ഭാരത് വിഷന്റെ ഭാഗമായിട്ടാണ് ഇത്തരം ഇടനാഴികൾ നിർമിക്കുക. 2047 -ാടെ ഇത്തരത്തിൽ 7000 കിമോലേറ്റർ ദൂരം വരുന്ന ഇടനാഴി നിർമിക്കാനാണ് പദ്ധതി. പുതുതലമുറ കണ്‍ട്രോള്‍ സിസ്റ്റങ്ങൾ എന്നിവ ഉൾപ്പെടുത്തി, 350 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാവുന്ന വിധത്തിലായിരിക്കും ഈ ഇടനാഴികൾ നിർമിക്കുക.

ഇന്ത്യൻ റെയിൽവെയുടെ അധുനികവത്കരണത്തിനും വിപുലീകരണത്തിനും പ്രത്യേക ഊന്നൽ നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനായി റെയിൽവേ ബഡ്ജറ്റ് കേന്ദ്രസർക്കാർ നിരന്തരം ഉയർത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 11 വർഷത്തിൽ 35000 കിലോമീറ്റർ ട്രക്കുകൾ സ്ഥാപിച്ചതായും 46000 കിലോമീറ്റർ പാതയിൽ വൈദ്യുതീകരണം നടത്തിയതായും മന്ത്രി പറഞ്ഞു.

ഇതിനിടെ രാജ്യത്തോടുന്ന വന്ദേ ഭാരതുകളുടെയും മറ്റും എണ്ണം എടുത്തുപറയുകയും അശ്വിനി വൈഷ്ണവ് ചെയ്തിരുന്നു. രാജ്യത്ത് നിലവിൽ 156 വന്ദേ ഭാരതുകൾ, 30 അമൃത് ഭാരത് ട്രെയിനുകൾ, 4 നമോ ഭാരത് സർവീസുകൾ എന്നിവയാണ് സർവീസ് നടത്തുന്നത്. 2024-25 കാലയളവിൽ 7,000ത്തിലധികം കോച്ചുകൾ, 42,000 വാഗണുകൾ, 1681 എൻജിനുകൾ എന്നിവ നിർമിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: railway minister on indias new railway plans and diversification

To advertise here,contact us