കാനഡയിലെ കൺസർവേറ്റീവ് പാർട്ടി ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള പദ്ധതിയെ കുറിച്ചുള്ള നിർദേശങ്ങൾ മുന്നോട്ടുവച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് വൈറലായിരിക്കുകയാണ്. വെക്കേഷൻ എന്ന പേരില് വിദേശികളായ ഗർഭിണികൾ കാനഡയിലേക്ക് പ്രസവിക്കാന് വരികയാണെന്നാണ് ആ കുറിപ്പിലെ ആരോപണം. മാരിയോ സെലാസിയാ എന്നയാളാണ് എക്സിൽ വിവാദ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. കുഞ്ഞുങ്ങള്ക്ക് ജന്മാവകാശ പൗരത്വം ലഭിക്കുന്നതോടെ സൗജന്യമായി എല്ലാ ആനുകൂല്യങ്ങളും സ്വന്തമാക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നാണ് ആക്ഷേപം.
എട്ടരമാസത്തോളം ഗർഭിണികളായ സ്ത്രീകൾ കാനഡ സന്ദർശിക്കാൻ എത്തുന്നു. ഇവിടെ പ്രസവിക്കുന്നു. എന്നിട്ട് ബില്ലുപോലും കൊടുക്കാതെ ആശുപത്രി വിടുന്നു. എട്ടുമാസത്തിലധികം ഗർഭിണിയായ ഒരു വിദേശിക്ക് ഇവിടെ വന്ന് വെക്കേഷൻ ആസ്വദിക്കേണ്ട കാര്യമില്ല. അവരുടെ ലക്ഷ്യം ഒരു കുഞ്ഞിനെ പ്രസവിച്ച് കാനഡയുമായി ബന്ധം സ്ഥാപിക്കുക എന്നതാണ്. കുഞ്ഞുങ്ങള് വളരുമ്പോള് ഒരു തുക പോലും നികുതിയടയ്ക്കാതെ ഇവിടുത്തെ ആരോഗ്യസംരക്ഷണവും പണവും വെറുതെ ലഭിക്കും. ഇതൊരു അഴിമതിയാണ് എന്നാണ് പോസ്റ്റിലുള്ളത്.
എന്നാൽ പോസ്റ്റിന് താഴെ വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്. 8.5 മാസം പ്രായമുള്ള സ്ത്രീകൾ എങ്ങനെ വിമാനയാത്ര ചെയ്യാനാകുമെന്ന് ചിലർ ചോദിക്കുന്നു. എന്നാൽ പലരും എത്രമാസം ഗർഭിണിയാണെന്നുള്ളതിൽ കള്ളം പറഞ്ഞ് കാനഡയിൽ എത്തുന്നുണ്ടെന്നാണ്ഇതിന് ചിലർ മറുപടി നൽകുന്നത്. ഇനി എപ്പോഴാണ് കാനഡ ജന്മാവകാശ പൗരത്വം അവസാനിപ്പിക്കുന്നത് എന്ന ചോദ്യവും മറ്റു ചിലർ അതിനിടയിൽ ഉയർത്തുന്നുണ്ട്.
മാതാപിതാക്കളിൽ ഒരാളെങ്കിലും കാനഡ പൗരനും സ്ഥിരമായി രാജ്യത്ത് താമസിക്കുന്ന ആളുമാണെങ്കിൽ മാത്രമേ കനേഡിയൻ പൗരത്വം അവിടെ ജനിക്കുന്ന കുഞ്ഞിന് നൽകാവു എന്നതാണ് കൺസർവേറ്റീവ് പാർട്ടി മുന്നോട്ടുവച്ച നിർദേശം. നിലവിൽ ആര് കാനഡയിൽ ജനിച്ചാലും അവർക്ക് പൗരത്വം ലഭിക്കുമെന്നതാണ് രീതി. ഈ രീതിയിലൂടെ ബർത്ത് ടൂറിസത്തിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്. വിദേശികൾ കാനഡയിൽ പ്രസവത്തിനായി മാത്രം എത്തുന്ന സ്ഥിതിയാണ് ഇതുവഴി ഉണ്ടായത്.
ജന്മാവകാശ പൗരത്വം അവസാനിപ്പിച്ചാൽ, രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം പൗരത്വം ലഭിക്കുന്നതിൽ പരിധികൊണ്ടുവന്ന ഓസ്ട്രേലിയ, ന്യൂസിലൻഡ്, യുകെ എന്നീ രാജ്യങ്ങളുടെ പട്ടികയിൽ കാനഡയും ഇടംപിടിക്കും.
Content Highlights: allegation states Foriegn pregnant ladies arrive canada to get birthright citizenship for babies