രാജസ്ഥാനിലെ രന്തംബോർ കടുവാ സങ്കേതത്തിലെ അപൂർവ്വ കാഴ്ചയ്ക്കാണ് കഴിഞ്ഞ ദിവസം അവിടെയെത്തിയ വിനോദ സഞ്ചാരികൾ സാക്ഷ്യം വഹിച്ചത്. അമ്മയും മകളും തങ്ങളുടേതായ പ്രദേശത്തിനായി ഏറ്റുമുട്ടുന്ന അതിതീവ്രമായ ദൃശ്യങ്ങളാണ് ഇവിടെ നിന്നും വിനോദ സഞ്ചാരികൾ പകർത്തിയത്. രന്തംബോർ സങ്കേതത്തിലെ പ്രശസ്ത കടുവയായ റിദ്ധി (T-124) തന്റെ മകൾ മീരയുമായാണ് കടുവാ സങ്കേതത്തിലെ സേൺ 3ൽ അവകാശം സ്ഥാപിക്കാനായി പരസ്പരം ഏറ്റമുട്ടിയത്. പ്രഭാത സഫാരിക്കിറങ്ങിയ വിനോദ സഞ്ചാരികളുടെ കൺമുമ്പിലായിരുന്നു ഈ ഏറ്റമുട്ടൽ.
കടുവകൾക്കിടയിൽ അവരുടേതായ ഒരു ടെറിട്ടറിയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റമുട്ടൽ സാധാരണമാണ്. എന്നാൽ ഇത്തരം ഏറ്റുമുട്ടലുകൾ നേരിട്ട് കാണാൻ സാധിക്കുക എന്നത് സഞ്ചാരികളെ സംബന്ധിച്ച് അപൂർവ്വ അനുഭവമാണ്. റിസർവിലെ സോൺ 3 ലെ പ്രദേശത്തെ ആധിപത്യത്തെ ചൊല്ലിയാണ് ഏറ്റുമുട്ടൽ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ടെറിട്ടറിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനായി മീര തൻ്റെ അമ്മയായ റിദ്ധിയെ വെല്ലുവിളിക്കുകയായിരുന്നു.പിന്നീട് നടന്നത് പൊരിഞ്ഞ പോരാട്ടമായിരുന്നു. ഉച്ചത്തിൽ ഗർജ്ജിച്ച് അലറി വിളിച്ച് രണ്ട് കടുവകളും ഏറ്റുമുട്ടുകയായിരുന്നു. കാടുമുഴങ്ങുമാറുച്ചത്തിലുള്ള ഗർജ്ജനത്തിനും അക്രമാസക്തമായ പേരാട്ടത്തിനുമാണ് സഞ്ചാരികൾ സാക്ഷ്യം വഹിച്ചത്. അധികനേരം നീണ്ടു നിന്നില്ലെങ്കിലും ഇരു കടുവകളും തമ്മിലുള്ള പോരാട്ടം ശക്തമായിരുന്നു. പോരാട്ടത്തിനൊടുവിൽ റിദ്ധി വിജയിച്ചത്. റിദ്ധിയെ കീഴടക്കാനാവാതെ വന്നതോടെ പോരാട്ടം തുടരുന്നത് മതിയാക്കി മീര കാട്ടിലേയ്ക്ക് നടന്ന് മറയുകയായിരുന്നു.
പോരാട്ടത്തിൽ റിദ്ധിക്കും മീരയ്ക്കും പരിക്കേറ്റിട്ടുണ്ട്. എന്നാൽ കടുവകളെ സംബന്ധിച്ച് വളരെ സ്വാഭാവികമാണ് ഈ പോരാട്ടം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രതികരിച്ചു. കുഞ്ഞുങ്ങൾ വളരുകയും സ്വന്തം ഇടം തേടാൻ തുടങ്ങുകയും ചെയ്യുമ്പോൾ ഇത്തരം ഏറ്റമുട്ടലുകൾ സാധാരണമാണ് എന്നും ഇവർ കൂട്ടിച്ചേർത്തു.
Mother Tiger & Daughter Fight Over TerritoryThis happened in Ranthambore National Park, India. pic.twitter.com/JmHuWUqi2z
റിദ്ധിയുടെ മൂന്ന് കുഞ്ഞുങ്ങൾ വളരുകയും അവർ അമ്മയിൽ നിന്ന് വേർപെട്ട് സ്വന്തം ടെറിട്ടറി സൃഷ്ടിക്കാൻ തുടങ്ങുകയും ചെയ്യുന്ന സമയത്താണ് ഈ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഒരു കുട്ടി സ്വന്തം ടെറിട്ടറിക്കായി ശ്രമിക്കുമ്പോൾ അതിന്റെ ആദ്യ വെല്ലുവിളി സാധാരണയായി അമ്മയോടായിരിക്കുമെന്നാണ് വന്യജീവി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
പ്രശസ്ത കടുവയായ മച്ചാലിയുടെ അഞ്ചാം തലമുറയിൽ പെട്ട പെൺകടുവയാണ് റിദ്ധിയെന്നാണ് രൺതംബോർ ദേശീയോദ്യാനത്തിലെ അധികൃതർ പറയുന്നത്. മച്ചാലിയെപ്പോലെ ശക്തയും ആകർഷകയുമാണ് റിദ്ധിയെന്നാണ് പറയപ്പെടുന്നത്.
റിദ്ധി ഇപ്പോൾ അവളുടെ അമ്മയ്ക്ക് സ്വന്തമായിരുന്ന പ്രദേശത്താണ് ടെറിട്ടറി സൃഷ്ടിച്ചിരിക്കുന്നത്. സോൺ 3, 4 എന്നിവയിൽ ഉൾപ്പെട്ട പദം തടാകം, രാജ്-ബാഗ്, മാലിക് തടാകം, മണ്ടൂബ് പ്രദേശം എന്നിവിടങ്ങളിളും റിദ്ധിയെ കാണാൻ കഴിയും. ഈ പ്രദേശം രൺതംബോറിന്റെ ഹൃദയമായി കണക്കാക്കപ്പെടുന്നു. ഈ പ്രദേശത്ത് പ്രബല കടുവകളുടെ പാരമ്പര്യം ആരംഭിച്ചത് മച്ചാലിയിൽ നിന്നാണ്. തുടർന്ന് മച്ചലായുടെ മകൾ സുന്ദരി പിന്നാലെ കൃഷ്ണ, ആരോഹെഡ്, ഇപ്പോൾ റിദ്ധി എന്നിവയാണ് ഈ മേഖലയിൽ ആധിപത്യം സ്ഥാപിച്ച കടുവകൾ. അമ്മ ആരോഹെഡിൽ നിന്നാണ് റിദ്ധി ഈ മേഖലയുടെ ആധിപത്യം സ്വന്തമാക്കിയത്. നേരത്തെ രന്തംബോർ ദേശീയോദ്യാനത്തിലെ അമ ഘാട്ടി വനമേഖലയിൽ ടെറിട്ടറി സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ ഏകദേശം 3.5 വയസ്സ് പ്രായമുള്ള ഒരു ആൺ കടുവ ചത്തിരുന്നു.
Content Highlights: Mother Tiger Fights Daughter Over Territory at Ranthambore