വിദേശത്ത് മരണപ്പെട്ടവരുടെ മൃതദേഹം വഹിക്കുന്ന കാർഗോയുടെ മുകളിൽ അമിതഭാരമെന്ന് എഴുതി ആനയുടെ സ്റ്റിക്കർ ഒട്ടിച്ച ഇൻഡിഗോ എയർലൈൻസിന്റെ നടപടിയിൽ കടുത്ത വിമർശനവുമായി സോഷ്യൽ മീഡിയ. മരണപ്പെട്ടവരെ അപമാനിക്കുന്ന പ്രവൃത്തിയാണ് ഇൻഡിഗോയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിമർശനം. ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ച ഇതിന്റെ ചിത്രങ്ങൾക്ക് താഴെയാണ് വിമർശനം ശക്തമാവുന്നത്. വിമാനയാത്രയിൽ പാലിക്കപ്പെടേണ്ട മര്യാദ മരിച്ചുപോയവർക്ക് ലഭിക്കുന്നില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.
ശവപ്പെട്ടി വൃത്തിയായി പൊതിഞ്ഞ് അതിന് മുകളിലാണ് സ്റ്റിക്കർ ഒട്ടിച്ചിരിക്കുന്നത്. അമിതഭാരം, നൂറു കിലോഗ്രാമിന് മുകളിൽ എന്നെഴുതിയിരിക്കുന്നതിനൊപ്പം ആനയുടെ പടവും സ്റ്റിക്കറിലുണ്ട്. കൂടാതെ ഹ്യൂമൻ റിമൈൻസ് എന്നും എഴുതിയിട്ടുണ്ട്. ഹിരാവ് എന്നൊരു ഏജൻസിയാണ് ഇതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. ഇൻഡിഗോ ടാഗ് ചെയ്ത പോസ്റ്റിൽ അവരൊരു നിർദേശവും നൽകിയിട്ടുണ്ട്.
'നിങ്ങൾക്ക് ഇത് വെറും നിസാരമായിരിക്കും പക്ഷേ മരിച്ചവരുടെ ഭൗതികശരീരത്തിന്റെ ഷിപ്പ്മെന്റ് നടത്തുമ്പോൾ ജീവൻനഷ്ടപ്പെട്ടവരോടുള്ള ബഹുമാന സൂചകമായി അമിതഭാരം എന്നെഴുതി ആനയുടെ സ്റ്റികർ പതിക്കുന്ന രീതിക്ക് മാറ്റം വരുത്തണം'- പോസ്റ്റിൽ അവർ കുറിച്ചു.
നിമിഷങ്ങൾക്കുള്ളിലാണ് ഈ പോസ്റ്റ് വൈറലായത്. ചിലപ്പോൾ എയർലൈൻ അധികൃതർ ഇതിലിങ്ങനൊരു കാര്യം ഉണ്ടെന്ന് ചിന്തിച്ച് കാണില്ല, മനപൂർവമാകില്ല തുടങ്ങിയ ഇന്ഡിഗോയെ പിന്തുണയ്ക്കുന്ന കമന്റുകളും പോസ്റ്റിനു താഴെ വരുന്നുണ്ടെങ്കിലും വിമർശനങ്ങളാണ് അധികവും. അതിനിടയിൽ മരിച്ചവരുടെ സ്വകാര്യത മാനിക്കാതെ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെയും വിമർശിക്കുന്നുണ്ട്. ഇന്ത്യയിൽ സ്വകാര്യത എന്നാൽ തമാശയാണ്. ഈ ചിത്രങ്ങളൊക്കെ എങ്ങനെ ഇൻസ്റ്റഗ്രാമിലും മറ്റും വന്നു എന്നാണ് ആ കമന്റ്.Content Highlights: Elephant sticker with Extremely heavy warning on coffin, Indigo faces backlash