ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഇന്ന് ഒരുപാട് വഴികളുണ്ട്. റെയിൽവേ സ്റ്റേഷനിലെ നീണ്ട വരിയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്ന കാലമെല്ലാം കഴിഞ്ഞു. ഓൺലൈൻ സംവിധാനങ്ങളുടെ വരവോടെ റിസർവ്ഡ് ടിക്കറ്റുകൾ ഓൺലൈനിൽ തന്നെ ബുക്ക് ചെയ്യാം എന്നായിട്ടുണ്ട്. ഐആർസിടിസി ആപ്പ് തുടങ്ങി നിരവധി തേർഡ് പാർട്ടി ആപ്പുകൾ നിലവിലുണ്ട്. ഇപ്പോൾ ഇത്തരത്തിൽ ആപ്പുകളെ ആശ്രയിക്കുന്നവർ ശ്രദ്ധിക്കാൻ ഒരു പുതിയ അപ്ഡേറ്റുമായി റെയിൽവേ എത്തിയിരിക്കുകയാണ്.
ഇന്ന് മുതൽ (ഒക്ടോബർ 1) റിസർവ്ഡ് ടിക്കറ്റ് ബുക്കിങുകൾക്ക് ആധാർ ഓതന്റിക്കേഷൻ നിർബന്ധമാക്കുകയാണ് റെയിൽവേ. ബുക്കിങ് തുടങ്ങി ആദ്യ 15 മിനുട്ടിനുള്ളിൽ ടിക്കറ്റ് എടുക്കാൻ ആധാർ ഓതന്റിക്കേഷൻ കർശനമാക്കിയിട്ടുണ്ട്. നിലവിൽ തത്കാൽ ടിക്കറ്റുകൾക്ക് മാത്രമാണ് ഈ നിയമം ബാധകമാകുക. അനധികൃത ടിക്കറ്റ് വിൽപ്പന തടയാനും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ കാര്യങ്ങൾ നീക്കാനുമാണ് ഈ പരിഷ്കാരം.
ടിക്കറ്റ് ബുക്കിങ് സമയങ്ങളിൽ മാറ്റമുണ്ടാകില്ല എന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. നിലവിൽ ഉള്ളതുപോലെ, തത്കാൽ എസി ടിക്കറ്റ് 10 മണിക്കും നോൺ എസി ടിക്കറ്റ് 11 മണിക്കുമാണ് ബുക്കിങ് ആരംഭിക്കുക. ആദ്യത്തെ 15 മിനുട്ടിന് ശേഷം ആധാർ ഇല്ലാതെ ആളുകൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ നേരിട്ടുള്ള കൗണ്ടർ ബുക്കിങ്ങിനെ ഇവയൊന്നും ബാധിക്കില്ല.
ഐആർസിടിസി അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കാനും എളുപ്പമാണ്. അക്കൗണ്ടിൽ ലോഗ് ഇൻ ചെയ്ത ശേഷം മൈ പ്രൊഫൈൽ സെക്ഷനിലേക്ക് പോകുക. അവിടെ ആധാർ വെരിഫിക്കേഷൻ സെക്ഷനിൽ ക്ലിക്ക് ചെയ്ത ശേഷം ആധാർ നമ്പർ നൽകുക. തുടർന്ന് ഒരു ടിപി ലഭിക്കും. ഇതോടെ ആധാർ അക്കൗണ്ടുമായി ലിങ്ക് ചെയ്യാനാകും.
Content Highlights: