തെരഞ്ഞെടുപ്പ് അടുക്കുന്ന ബിഹാറിനായി വാരിക്കോരി ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. അമൃത് ഭാരത് എക്സ്പ്രസ്സ് അടക്കമുള്ള ഏഴ് പുതിയ ട്രെയിനുകളാണ് അനുവദിച്ചത്. നാളെ (സെപ്റ്റംബർ 29) മുതൽ ഇവ ഓടിത്തുടങ്ങും.
ദാനാപുർ - ജജ ഫാസ്റ്റ് പാസഞ്ചർ, പട്ന - ബിക്സർ ഫാസ്റ്റ് പാസഞ്ചർ, പട്ന - നവാഡ ഡെമു, പട്ന - ഇസ്ലാംപുർ ഡെമു, മുസാഫർനഗർ - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്സ്, ധർഭാംഗ - മാദർ അമൃത് ഭാരത് എക്സ്പ്രസ്സ്. ചാപ്ര - ആനന്ദ് വിഹാര ടെർമിനൽ അമൃത് ഭാരത് എക്സ്പ്രസ്സ് എന്നിവയാണ് പ്രഖ്യാപിച്ച ട്രെയിനുകൾ.
മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ജനറൽ കോച്ചുകളും സ്ലീപ്പർ കോച്ചുകളും മാത്രമുള്ള ദീർഘദൂര ട്രെയിനുകളാണ് അമൃത് ഭാരത്. അതിനാൽ തന്നെ ഇവയെ ആശ്രയിക്കുന്നവർ നിരവധിയാണ്. മുസാഫർനഗർ - ചാർലപ്പള്ളി അമൃത് ഭാരത് എക്സ്പ്രസ്സ് മുസാഫർനഗറിൽ നിന്ന് എല്ലാ ചൊവ്വാഴ്ചകളിലും ചാർലപ്പള്ളിയിൽ നിന്ന് എല്ലാ വ്യാഴാഴ്ചകളിലും പുറപ്പെടും. ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അധികമുണ്ടാകും.
വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിനുകൾ എന്നുണ്ടാകും എന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ റെയിൽവേ മന്ത്രി തന്നെയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ഒക്ടോബർ 15 ഓടെ ട്രെയിൻ പുറത്തിറക്കുമെന്നാണ് മന്ത്രി നൽകിയ സൂചന.
വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം റെയിൽവേ നേരത്തെത്തന്നെ പൂർത്തീകരിച്ചിരുന്നു. മുംബൈ അഹമ്മദാബാദ് പാതയിലായിരുന്നു ട്രയൽ റൺ നടന്നത്. എന്നാൽ അതിന് ശേഷം ട്രെയിൻ ഔദ്യോഗികമായി എന്ന് ഓടിത്തുടങ്ങുമെന്ന് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. രാജധാനി ശ്രേണിയിലുള്ള പ്രീമിയം ട്രെയിനായാണ് വന്ദേ ഭാരത് സ്ലീപ്പർ ഓടിത്തുടങ്ങുക. പ്രീമിയം ട്രെയിൻ ആയതിനാൽ ഭക്ഷണമടക്കം എല്ലാം ടിക്കറ്റ് നിരക്കുകളിൽ തന്നെ ഉൾപ്പെട്ടിട്ടുണ്ടാകും.
രാത്രിയിലായിരിക്കും ട്രെയിൻ സർവീസ് നടത്തുക എന്നാണ് സൂചന. പ്രീമിയം സൗകര്യങ്ങളാണ് ട്രെയിനിൽ ഉള്ളത്. ട്രെയിൻ കൂട്ടിയിടികൾ ഒഴിവാക്കാൻ സഹായിക്കുന്ന കവച് സംവിധാനവുമായാണ് ട്രെയിൻ പുറത്തിറങ്ങുക. ട്രെയിൻ മാനേജരുമായും ലോക്കോ പൈലറ്റുമായും യാത്രക്കാർക്ക് നേരിട്ട് സംസാരിക്കാനുമുള്ള സംവിധാനങ്ങളും ട്രെയിനിലുണ്ടാകും. പ്രായമായവർക്കും ഭിന്നശേഷിയുള്ളവർക്കും ഉപയോഗിക്കാൻ സൗകര്യപ്രദമായ ബാത്റൂമുകളായിരിക്കും ട്രെയിനിൽ ഉണ്ടാകുക.
Content Highlights: 7 trains alloted for bihar, to start run by tomorrow