13 വയസുകാരനായ ഒരു കുട്ടി കാബൂളിൽ നിന്നും പറന്നുയർന്ന വിമാനത്തിന്റെ ലാൻഡിങ് ഗിയറിലിരുന്ന് ദില്ലി വിമാനത്താവളത്തിൽ വന്നിറങ്ങിയത് വലിയ വാർത്തയായിരുന്നു. സെപ്തംബർ 21നാണ് സുരക്ഷാ ഭീതിയുയർത്തിയ ഈ സംഭവം നടന്നത്. എയർക്രാഫ്റ്റിന്റെ അണ്ടർകാര്യേജിൽ ഒളിച്ച് കടന്ന കുട്ടിയെ ചോദ്യംചെയ്യലിന് ശേഷം കാബൂളിലേക്ക് തിരിച്ചയച്ചു. പ്രായപൂർത്തിയാകാത്തതിനാൽ അഫ്ഗാനി ബാലനെതിരെ കേസെടുത്തിരുന്നില്ല. എയർലൈൻ ഉദ്യോഗസ്ഥരാണ് വിമാനത്തിന് സമീപം കറങ്ങിതിരിഞ്ഞ കുട്ടിയെ ശ്രദ്ധിച്ചതും അധികൃതരെ വിവരമറിയിച്ചതും. പിന്നാലെയാണ് അത്യപൂർവമായ തന്റെ യാത്രയുടെ കഥ കുട്ടി വിവരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ ലാൻഡിങ് ഗിയർ ഏരിയയിൽ ചെറിയ റെഡ് ഓഡിയോ സ്പീക്കർ കണ്ടെത്തി.
30,000 അടി ഉയരത്തിൽ പറന്ന വിമാനത്തിൽ കുട്ടി എങ്ങനെ അതിജീവിച്ചുവെന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നായിരുന്നു വ്യോമയാന വിദഗ്ധരുടെ അഭിപ്രായം. 10,000 അടിക്ക് മുകളിൽ എത്തിയാൽ തന്നെ ഓക്സിജന്റെ അളവ് കുറയും. ഇത് മിനിറ്റുകൾക്കുള്ളിൽ ഒരാളെ അബോധാവസ്ഥയിലാക്കാനും മരണത്തിലേക്ക് നയിക്കാനും കാരണമാകും. ഇതിന് പുറമെ താപിനിലയിലെ കുറവും വില്ലനായേക്കാം. ഇത്തരത്തിൽ വിമാനത്തിന്റെ ടയറിൽ യാത്ര ചെയ്ത 5ൽ ഒരാൾ മാത്രമെ അതിജീവിക്കാൻ സാധ്യതയുള്ളൂവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സമാനമായ സംഭവം ആദ്യമായല്ല റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യക്കാരായ രണ്ട് സഹോദരന്മാർ ഇത്തരത്തിൽ ഒരു സാഹസിക യാത്ര നേരത്തെ നടത്തിയിട്ടുണ്ട്. ഇന്ത്യയിലെ പഞ്ചാബിൽ നിന്നുള്ള സഹോദരന്മാരാണ് ഇത്തരത്തില് ഒരു യാത്ര നടത്തിയിട്ടുണ്ട്. 1996ലാണ് സംഭവം. അന്ന് 23 വയസു മാത്രം പ്രായമുണ്ടായിരുന്ന പ്രദീപ് സൈനിയും സഹോദരന് 19വയസുകാരനായ വിജയ് സൈനിയുമാണ് അപകടകരമായ യാത്ര നടത്തിയത്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബ്രിട്ടീഷ് എയർവേഴ്സിലാണ് ഇവർ രാജ്യം കടക്കാൻ നോക്കിയത്.
വിസയോ മതിയായ ഫണ്ടോ ഇല്ലാതെ ലണ്ടനിലെത്തുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. പക്ഷേ വിമാനം വെസ്റ്റ് ലണ്ടനിലെത്തിയപ്പോൾ സഹോദരന്മാരിൽ ഒരാളെ ജീവനോട് ഉണ്ടായിരുന്നുള്ളു. പ്രദീപ് സൈനി മാത്രം യാത്ര പൂർത്തിയാക്കി. അനിയൻ വിജയ് ഹൈപ്പോതെർമിയ മൂലം രണ്ടായിരം അടി മുകളിൽ നിന്നും താഴെക്ക് പതിച്ചു, മരണത്തിന് കീഴടങ്ങി. ശരീരത്തിന്റെ ഊഷ്മാവ് 35 ഡിഗ്രിയിൽ നിന്നും കുറയുന്ന അവസ്ഥയാണ് ഹൈപ്പോതെർമിയ.
ഈ സംഭവത്തെക്കുറിച്ച് വളരെ വേദനയോടെ പ്രദീപ് പ്രതികരിച്ചിരുന്നു. 'ആറു വർഷമെടുത്തു കടുത്ത ഡിപ്രഷനിൽ നിന്നും ജീവിതത്തിലേക്ക് വരാൻ. രണ്ടു പേരും മരിച്ചെങ്കിൽ അല്ലെങ്കിൽ രണ്ടുപേരും ജീവിച്ചിരുന്നെങ്കിൽ കഥ മറ്റൊന്നായേനെ, പക്ഷേ എനിക്കെന്റെ സഹോദരനെ നഷ്ടമായി. എന്റെ നല്ല സുഹൃത്തായിരുന്നു അവൻ. ഒരുമിച്ച് കളിച്ചുവളർന്നവർ' 2019ല് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രദീപ് പറഞ്ഞത് ഇങ്ങനെയാണ്. പത്തു മണിക്കൂർ നീണ്ട യാത്രയാണ് പ്രദീപ് അതിജീവിച്ചത്. ഹൈപ്പോതെർമിയ മൂലം അവശനായ പ്രദീപിനെ റൺവേയിൽ താളംതെറ്റിയ നിലയിലാണ് കണ്ടെത്തിയത്. പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകിയ ശേഷം പിന്നീട് ബ്രിട്ടീഷ് അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
35, 000 അടി ഉയരം, -60 ഡിഗ്രി താപനില, വളരെ കുറഞ്ഞ അളവില് മാത്രം ഓക്സിജന്, തീര്ന്നില്ല ജെറ്റ് എന്ജിന്റെ അസഹനീയമായ ശബ്ദവും ശാരീരിക പ്രശ്നങ്ങളും നേരിട്ടായിരുന്നു ഇവരുടെ യാത്ര. ഹൈപ്പോക്സിയ, ഹൈപ്പോതെര്മിയ എന്നിങ്ങനെ രണ്ട് അവസ്ഥകളും ഉണ്ടായതാണ് പ്രദീപിന്റെ ശരീരം ഇത്രയും മാരകമായ അവസ്ഥയെ തരണം ചെയ്യാന് കാരണം എന്നാണ് ഡോക്ടര്മാര് പറയുന്നത്.( രക്തചംക്രമണം ശരിയായി നടക്കുമ്പോഴും കോശങ്ങള്ക്ക് മതിയായ ഓക്സിജന് ലഭിക്കാത്ത അവസ്ഥയാണ് ഹൈപ്പോക്സിയ). നീണ്ടകാലത്തെ നിയമപോരാട്ടത്തിനൊടുവിലാണ് പ്രദീപിന് യുകെയിൽ താമസിക്കാനായത്. ഇപ്പോൾ യുകെയില് സ്ഥിരതാമസക്കാരനാണ് പ്രദീപ്.
2015ല് തെമ്പ കമ്പേക്ക, കാര്ലിറ്റോ വാലേ എന്നീ സുഹൃത്തുക്കള് ജോഹന്നാസ്ബര്ഗില് നിന്നും ലണ്ടനിലേക്ക് ഇത്തരത്തില് ലാന്ഡിങ് ഗിയറിലിരുന്നു യാത്ര നടത്തിയിരുന്നു. ഇതില് വാലേ മരിച്ചു. ഇവരുടെ യാത്ര ദ മാന് ഹു ഫെല് ഫ്രം സ്കൈ എന്ന പേരില് ഡോക്യുമെന്ററിയായിരുന്നു.Content Highlights: Tale of two punjabi brothers hid in plane's landing gear years ago