ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നാണ് ബെംഗളൂരു. അതുകൊണ്ടു തന്നെ ബെംഗളൂരുവിലെ ട്രാഫിക് ബ്ലോക്കും പലപ്പോഴും വാര്ത്തകളില് ഇടം നേടാറുണ്ട്. നഗരം ദിവസേന വികസിക്കുന്നുണ്ടെങ്കിലും സിറ്റിയിലെ റോഡ് ഗതാഗതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില് യാതൊരു മാറ്റവും വരുന്നില്ലെന്നാണ് റെഡ്ഡിറ്റ് ഉപയോക്താവ് കുറിച്ചിരിക്കുന്നത്. ജെ പി നഗറില് താമസിക്കുന്ന ഒറാക്കിളിലെ ടെക് ജീവനക്കാരനാണ് ഈ ഉപയോക്താവ്.
'ട്രാഫിക് ആണ് പുതിയ നികുതി' എന്ന തലക്കെട്ടോടു കൂടിയാണ് അദ്ദേഹം പോസ്റ്റിട്ടിരിക്കുന്നത്. വാര്ഷിക വരുമാനം 28 ലക്ഷം രൂപയാണെന്നും എന്നാല് ദൈനംദിന ചെലവുകള്ക്കായി ഏകദേശം 6.5 ലക്ഷം രൂപ ആദായനികുതിയും 1.4 ലക്ഷം രൂപ ജിഎസ്ടിയും നല്കുന്നുണ്ടെന്നും ഇയാള് പോസ്റ്റില് പറയുന്നു. ഇത്രയൊക്കെ നല്കിയിട്ടും തനിക്ക് ട്രാഫിക് ബ്ലോക്ക് കാരണം റോഡിലിറങ്ങാന് സാധിക്കാത്ത അവസ്ഥയാണെന്നുമെന്നാണ് അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ഈ നികുതി നാടിനു വേണ്ടി ചെലവഴിക്കാന് സാധിക്കാത്ത ഏതെങ്കിലും അക്കൗണ്ടിലേക്കാണോ പോകുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.
അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് നിന്ന് ജോലിസ്ഥലത്തേക്ക് ഏകദേശം 14 കിലോ മീറ്ററാണ്, കണക്കനുസരിച്ച് അവിടെ എത്താന് ഏകദേശം 30 മിനിറ്റാണ് വേണ്ടത്. എന്നാല് ട്രാഫിക് ബ്ലോക്കില് അകപ്പെട്ട് ഏകദേശം 90 മിനിറ്റു കൊണ്ടാണ് എത്തിച്ചേരുന്നതെന്നും അദ്ദേഹം പറയുന്നു. ഈ സമയം കണക്കാക്കിയാല് അദ്ദേഹത്തിന് ഏകദേശം നഷ്ടമാകുന്നത് ഒരു വര്ഷത്തിൽ രണ്ടര മാസത്തിനടുത്തുള്ള സമയമാണ്.
പോസ്റ്റ് സോഷ്യല് മീഡിയയില് വൈറലായതോടെ നിരവധിപ്പേരാണ് അഭിപ്രായവുമായി എത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള ബ്ലോക്കില് അകപ്പെട്ട് ഒരാളുടെ ഒരു ദിവസം ചിലവഴിക്കേണ്ട എനര്ജി പകുതിയായി പോകുന്നുവെന്നാണ് ഒരാള് കുറിച്ചിരിക്കുന്നത്. ജിഎസ്ടി അടച്ചിട്ടും ബെംഗളൂരുവിലുളളവരെ മരണത്തിലേക്ക് തള്ളിവിടുകയാണ് സര്ക്കാര് ചെയ്യുന്നതെന്ന് മറ്റൊരു ഉപയോക്താവ് പറയുന്നു.
Content Highlights: Viral reddit post of Bangalore techie about bangalore traffic