ആകാശത്തിലൂടെ ഒരു ട്രെയിന് യാത്ര, ക്വിന്ഗ്ഹായ്-തിബറ്റ് റെയില്പാതയെ അങ്ങനെ വിശേഷിപ്പിച്ചാല് തെറ്റുപറയാനാകില്ല. ഈ എന്ജിനീറിങ് അത്ഭുതത്തിന് സമുദ്രനിരപ്പില് നിന്നുള്ള ഉയരം 5702 മീറ്ററാണ്. സ്വര്ഗത്തിലേക്കുള്ള പാത, ആകാശപാത തുടങ്ങി നിരവധി വിശേഷണങ്ങളുള്ള ഈ റെയില്പാത സാഹസിക പ്രേമികളുടെ ബക്കറ്റ് ലിസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ്. ക്വിന്ഗ്ഹായ് പ്രവിശ്യയിലെ ഷിനിങ് പ്രവിശ്യമുതല് തിബറ്റിലെ ലാസ വരെ 1956 കിലോമീറ്റര് ദൂരത്തിലാണ് ഈ പാത നീണ്ടുകിടക്കുന്നത്.
നൂറ്റാണ്ടുകളായി ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും കാലാവസ്ഥയാലും പുറംലോകത്തില് നിന്ന് ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഒരിടമായിരുന്നു തിബറ്റ്. 2006-ല് ക്വിന്ഗ്ഹായ്-തിബറ്റ് റെയില്പാത വരുന്നത് വരെ സാഹസികയാത്രകള് ഇഷ്ടപ്പെടുന്നവര്ക്ക് മാത്രമെത്തിച്ചേരാന് കഴിയുന്ന ഒരു ഭൂഭാഗമായി അത് മാറിയിരുന്നു.2006ല് പാത ലോഞ്ച് ചെയ്തതുമുതല് അഭൂതപൂര്വമായ തിരക്കാണ് ഇവിടെ..ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്ന് അത്യുന്നതങ്ങളിലൂടെയുള്ള ഈ ട്രെയിന്യാത്ര ആസ്വദിക്കാനായി നിരവധി യാത്രക്കാരാണ് എത്തുന്നത്.മഞ്ഞുപാളികള്, കൊടുമുടികള്, ഉപ്പുതടാകങ്ങള്, മനോഹരമായ ഗ്രാമങ്ങള് തുടങ്ങി നയന മനോഹരമായ കാഴ്ചകളും ആസ്വദിച്ചുകൊണ്ട് ഈ യാത്ര പൂര്ത്തിയാക്കാം.
1955ലാണ് ഇങ്ങനെയൊരു പാതയുടെ സാധ്യതകള് തിരഞ്ഞ് ലോകത്തിലെ തന്നെ ഏറ്റവും മികച്ച എന്ജിനീയര്മാരെ ചൈനീസ് നേതാവായ മാവോ ഇവിടേക്ക് അയയ്ക്കുന്നത്. കുന്ലുന് പര്വതനിരയ്ക്ക് കുറുകെ ഇത്ര ഉയരത്തില് ഒരു റെയില്പാത സാധ്യമല്ലെന്നായിരുന്നു റെയില്വേ ട്രാവല് വിദഗ്ധനായ പോള് തന്റെ ട്രാവല് എറൗണ്ട് ചൈന എന്ന പുസ്തകത്തില് അവകാശപ്പെട്ടത്. പക്ഷെ അതെല്ലാം തിരുത്തിക്കുറിച്ച് 1958ല് ആരംഭിച്ച നിര്മാണ പ്രവര്ത്തനങ്ങള് 2006ല് ലക്ഷ്യം കണ്ടു. 4.2 ബില്യണ് ഡോളര് ചെലവഴിച്ചുകൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ ഈ റെയില്പാത പൂര്ത്തിയാകുന്നത്. ദുര്ബലമായ ആവാസവ്യവസ്ഥ, ഓക്സിജന്റെ കുറവ് തുടങ്ങി നിരവധി വെല്ലുവിളികളെ മറികടന്നുകൊണ്ടായിരുന്നു പാതയുടെ നിര്മാണം. തുടര്ച്ചയായി ഭൂമികുലുക്കങ്ങള് അനുഭവപ്പെടുന്ന പ്രദേശത്തുകൂടിയാണ് ഈ പാത കടന്നുപോകുന്നത് എന്നോര്ക്കണം. തന്നെയുമല്ല അന്നത്തെ കാലത്ത് ഇത്രയധികം പണം ചെലവഴിക്കാന് ചൈനയുടെ കയ്യില് ഉണ്ടായിരുന്നുമില്ല. എങ്കിലും ദൃഢനിശ്ചത്തിന് മുന്നില് ആ തടസ്സങ്ങളെല്ലാം വഴിമാറി. പാതയുടെ വരവോടെ തിബറ്റിന്റെ വ്യാപാരം പോലും മെച്ചപ്പെട്ടു. തൊഴിലവസരങ്ങള് സൃഷ്ടിക്കപ്പെട്ടു.
പക്ഷെ ഉയരം കൂടുന്തോറും യാത്രികര് നേരിടുന്ന വെല്ലുവിളികളും ഏറെയായിരിക്കുമല്ലോ. അതിനാല് തന്നെ ആ വെല്ലുവിളികളെ മറികടക്കാന് കെല്പുള്ള രീതിയിലാണ് ഇതുവഴി കടന്നുപോകുന്ന ട്രെയിനുകളുടെ നിര്മാണം പോലും പൂര്ത്തിയാക്കിയിരിക്കുന്നത്. അതില് എടുത്തുപറയേണ്ടത് ഓക്സിജന് സംവിധാനമാണ്. 4000 മീറ്റര് ഉയരത്തില് യാത്ര ചെയ്യുന്നതിനാല് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒാക്സിജന് വിതരണ സംവിധാനം അത്യാവശ്യമാണ്. ഓക്സിജന് സപ്ലൈ ട്യൂബുകളും സ്വകാര്യ മാസ്കുകളും കാബിനുകളില് ലഭ്യമാണ്. ഇതെല്ലാം പ്രവര്ത്തന സജ്ജമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമേ യാത്രക്കാര് ടിക്കറ്റ് നല്കൂ.
ബജറ്റ് ഫ്രണ്ട്ലിയായ സ്ലീപ്പര് ബെര്ത്തുകള്, സോഫ്റ്റ് സ്ലീപ്പര് കാബിനുകള് എന്നിവയും ഈ ട്രെയിനിലുണ്ട്. ചൈനീസ്, തിബറ്റന് രുചിയിലുള്ള ഭക്ഷണം യാത്രക്കാര്ക്ക് ലഭിക്കും. ഏഷ്യന്, വെസ്റ്റേണ് ടോയ്ലറ്റുകളുമുണ്ട്. എന്തെങ്കിലും വൈദ്യസഹായം ആവശ്യമായി വരികയാണെങ്കില് മെഡിക്കല് വിദഗ്ധരുടെ സേവനവും ലഭ്യമാണ്.
Content Highlights: The Train That Takes You to the Skies: Oxygen Masks and Doctors Onboard