കാറിന്റെ പകുതി വിലയുള്ള വിമാന ടിക്കറ്റ്; ചെലവേറെയെങ്കിലും ഒട്ടും സുഖകരമല്ലാത്ത പണ്ടത്തെ വിമാനയാത്ര

ഹിസ്റ്ററി സീസണ്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ പങ്കുവച്ച 1920-30കളിലെ വിമാനത്തിന്റെ ഉള്‍ഭാഗത്തുനിന്നുള്ള ചിത്രങ്ങള്‍ പഴയകാല വിമാനയാത്ര വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്.

dot image

ദൂരമേറുന്തോറും യാത്രകള്‍ക്ക് കനമേറും.. ലഗേജുകളും തൂക്കിയുള്ള ആ യാത്രകള്‍ സുഖകരവും ആഡംബരവുമാക്കി മാറ്റിയത് വിമാനങ്ങളാണ്. പക്ഷെ ഒരു നൂറ്റാണ്ടുമുന്‍പ് വിമാനയാത്ര അത്രയേറെ ആഡംബരം നിറഞ്ഞതായിരുന്നില്ലെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിമാനങ്ങളിലെ ഒട്ടും സുഖകരമല്ലാത്ത കസേരകളും നോണ്‍ പ്രഷറൈസ്ഡ് ക്യാബിനുകളും യാത്രക്കാരെ രോഗികളാക്കി പോലും മാറ്റിയിരുന്നുവത്രേ. ഹിസ്റ്ററി സീസണ്‍ എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം ഹാന്‍ഡില്‍ പങ്കുവച്ച 1920-30കളിലെ വിമാനത്തിന്റെ ഉള്‍ഭാഗത്തുനിന്നുള്ള ചിത്രങ്ങള്‍ പഴയകാല വിമാനയാത്ര വീണ്ടും ചര്‍ച്ചയാക്കിയിരിക്കുകയാണ്.

ചിത്രങ്ങള്‍ക്കൊപ്പം അവര്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്

1920-1930 കളിലെ വിമാനയാത്ര വളരെയധികം ചെലവേറിയതും ഒട്ടും സുഖകരമല്ലാത്തതും ആയിരുന്നു. 1914ല്‍ ആണ് ലോകത്തിലെ ആദ്യത്തെ ഷെഡ്യൂള്‍ ചെയ്ത പാസഞ്ചര്‍ ഫ്‌ളൈറ്റ് പറന്നുയരുന്നത്. 1920കളില്‍ നിരവധി വിമാനക്കമ്പനികള്‍ മുളച്ചുപൊന്തി.

അതുവരെ, വിമാനയാത്ര ധനാഢ്യര്‍ക്ക് മാത്രം പറഞ്ഞിട്ടുള്ളതായിരുന്നു. ന്യൂയോര്‍ക്കില്‍ നിന്ന് ലോസ് ആഞ്ചലസ് വരെയുള്ള റൗണ്ട് ട്രിപ്പിന് അന്ന് 260 ഡോളറാണ് നല്‍കേണ്ടിയിരുന്നത്. അതായത് ഒരു പുതിയ കാര്‍ വാങ്ങുന്നതിന്റെ പകുതിയോളം തുക. പക്ഷെ അത്രയധികം തുക ചെലവഴിക്കുമ്പോഴും യാത്ര സുഖകരമോ, ആഡംബരം നിറഞ്ഞതോ ആയിരുന്നില്ല.

അന്ന് വിമാനങ്ങളില്‍ മര്‍ദനിലകള്‍ ക്രമീകരിക്കപ്പെട്ടിരുന്നില്ല. വളരെ താഴ്ന്നാണ് അവ പറന്നിരുന്നത്. കാറ്റും കാലാവസ്ഥയും നോക്കി വേണമായിരുന്നു യാത്ര. അതുകൊണ്ടുതന്നെ യാത്രകള്‍ക്ക് ശേഷം പല യാത്രക്കാരും അസുഖബാധിതരാകുമായിരുന്നു. കാബിനുകള്‍ക്കവശം നല്ല തണുപ്പാണ് ഉണ്ടായിരുന്നത്. തന്നെയുമല്ല പറക്കുമ്പോള്‍ വലിയ ശബ്ദമാണ് വിമാനങ്ങള്‍ക്കുണ്ടായിരുന്നത്. യാത്രക്കാരുമായി സംസാരിക്കുന്നതിന് വേണ്ടി ഫ്‌ളൈറ്റ് അറ്റന്‍ഡിന് മെഗാഫോണുകള്‍ ഉപയോഗിക്കേണ്ടി വന്നിരുന്നു.

1930കളിലാണ് ആദ്യ സ്റ്റുവഡെസ്സിനെ നിയമിക്കുന്നത്. ആദ്യകാലത്തെ പലരും പരിശീലനം ലഭിച്ച നഴ്‌സുമാരായിരുന്നു, വിമാനയാത്രയെ ആശങ്കയോടെ കണ്ടിരുന്ന യാത്രക്കാരെയും എയര്‍ സിക്ക്‌നെസ്സ് ഉള്ളവരെയും പരിചരിക്കുകയായിരുന്നു അവരുടെ പ്രാഥമിക കടമ. അതുപോലെ ആദ്യത്തെ എയര്‍ഫീല്‍ഡുകളും ലളിതമായിരുന്നു. പതിയെയാണ് റണ്‍വേയും, മികച്ച നാവിഗേഷന്‍ ടൂളുകളുമുള്ള വിമാനത്താവളങ്ങള്‍ രൂപപ്പെടുന്നത്.

ആദ്യകാലത്തെ കമേഴ്ഷ്യല്‍ വിമാനങ്ങള്‍ പലതും ഒന്നാം ലോകമഹായുദ്ധത്തിന്റെ ശേഷിപ്പുകളായ യുദ്ധ വിമാനങ്ങളായിരുന്നു. 1930കളുടെ അവസാനത്തിലാണ് വിശാലമായ സൗകര്യങ്ങളുള്ള ആഡംബര വിമാനങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നത്. ചിലതിന് ഉറങ്ങുന്നതിന് വേണ്ടിയുള്ള സ്വകാര്യ സ്ലീപ്പിങ് ക്വാട്ടേഴ്‌സ്, ലോഞ്ചസ്, യാത്രക്കാര്‍ക്കായി പ്രത്യേക മുറികള്‍ എന്നിവ ഉണ്ടായിരുന്നു.

1939ലാണ് ആദ്യ പ്രഷറൈസ്ഡ് വിമാനം ആകാശത്തേക്ക് പറന്നുയരുന്നത്. അതിനാല്‍ തന്നെ നല്ല ഉയരത്തില്‍ അതിന് പറക്കാന്‍ സാധിക്കുമായിരുന്നു. യാത്രക്കാര്‍ക്ക് നല്ലൊരു ആശ്വാസ യാത്രയും സമ്മാനിക്കാന്‍ ആ വിമാനത്തിന് സാധിച്ചിരുന്നു. 1920 മുതല്‍ 1940 വരെയുള്ള കാലഘട്ടത്തിലാണ് വിമാനയാത്ര കൂടുതല്‍ ജനപ്രിയമാകുന്നത്. 1929ല്‍ ആകെ 6000 പേരാണ് പ്രതിവര്‍ഷം പറന്നുയര്‍ന്നിരുന്നത്. പത്തുവര്‍ഷത്തിന് ശേഷം 1.2 മില്യണായാണ് അത് ഉയര്‍ന്നതെന്നും കുറിപ്പില്‍ പറയുന്നു.

Content Highlights: Flying in the 1920s-1930s was expensive and very uncomfortable

dot image
To advertise here,contact us
dot image