വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മികച്ച യാത്രാ പദ്ധതിയുമായി തായ്ലന്ഡ്. 2,00,000 വിദേശ സഞ്ചാരികള്ക്ക് സൗജന്യ ആഭ്യന്തര വിമാന ടിക്കറ്റുകള് നല്കാന് തായ്ലന്ഡിലെ ടൂറിസം, കായിക മന്ത്രാലയം ഒരുങ്ങുന്നുവെന്നാണ് റിപ്പോര്ട്ട്. ഇന്ത്യയിലെ ഉള്പ്പെടെ അന്താരാഷ്ട്ര സന്ദര്ശകര്ക്ക് രാജ്യം ചുറ്റിക്കാണിക്കുന്നത് കൂടുതല് ആവേശകരമാക്കുന്ന പുതിയ യാത്രാ പദ്ധതിക്ക് ബൈ ഇന്റര്നാഷണല്, ഫ്രീ തായ്ലന്ഡ് ഡൊമസ്റ്റിക് ഫ്ളൈറ്റ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ബാങ്കോക്ക്, ഫുക്കറ്റ് പോലുള്ള പതിവ് ടൂറിസ്റ്റ് ഹോട്ട്സ്പോട്ടുകള്ക്കപ്പുറമുള്ള പുതിയ സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരികളെ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മൂന്ന് മാസത്തിനുള്ളില് തായ്ലന്ഡിലുടനീളം വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി. തായ് എയര്വേയ്സ്, തായ് എയര് ഏഷ്യ, ബാങ്കോക്ക് എയര്വേയ്സ്, നോക്ക് എയര്, തായ് ലയണ് എയര്, തായ് വിയറ്റ്ജെറ്റ് എന്നീ ആറ് തായ് വിമാനക്കമ്പനികളില് അന്താരാഷ്ട്ര വിമാന ടിക്കറ്റ് കൈവശമുള്ള വിദേശികള്ക്ക് 20 കിലോഗ്രാം ബാഗേജുള്ള ഒരു റൗണ്ട് ട്രിപ്പ് ആഭ്യന്തര വിമാന ടിക്കറ്റ് സൗജന്യമായി ക്ലെയിം ചെയ്യാന് കഴിയുമെന്നും ഇതുവരെ ബാങ്കോക്കിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാത്ത വിദേശ സന്ദര്ശകര്ക്കുള്ള ഒരു പ്രത്യേക ക്യാമ്പെയ്നാണിതെന്നും ടൂറിസം, കായിക മന്ത്രി സൊറാവോങ് തിയെന്തോംഗ് പറഞ്ഞു. പരിപാടിയെ പിന്തുണയ്ക്കുന്നതിനായി ടൂറിസം, കായിക മന്ത്രി സൊറാവോങ് തിയെന്തോങ് മന്ത്രിസഭയില് നിന്ന് 700 മില്യണ് ബാറ്റ് ബജറ്റ് അഭ്യര്ത്ഥിക്കാനുള്ള പദ്ധതികള് വെളിപ്പെടുത്തിയതായി ദി നേഷന് തായ്ലന്ഡ് റിപ്പോര്ട്ട് ചെയ്തു.
പുതിയ പദ്ധതി എങ്ങനെ പ്രവർത്തിക്കും?
ഈ പദ്ധതി പ്രകാരം, ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 1,750 ബാറ്റ് (പോയിവരുന്നതിന് 3,500 ബാറ്റ്) വിലയുള്ള ആഭ്യന്തര വിമാന ടിക്കറ്റുകള്ക്ക് തായ്ലന്ഡ് സര്ക്കാര് സഹായം നല്കും. യുനെസ്കോയുടെ ലോക പൈതൃക നഗരങ്ങള്, പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്, രാജ്യത്തുടനീളമുള്ള പ്രധാന പ്രദേശങ്ങള് എന്നിവ ലക്ഷ്യസ്ഥാനങ്ങളില് ഉള്പ്പെടും. ഈ പദ്ധതി 2025 ഓഗസ്റ്റ് മുതല് ഡിസംബര് വരെ നടപ്പിലാക്കാനാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിനും നവംബറിനും ഇടയില് യാത്ര ചെയ്യാന് സാധിക്കും.
തായ്ലന്ഡിലേക്ക് സ്റ്റാന്ഡേര്ഡ് അന്താരാഷ്ട്ര ടിക്കറ്റുകള് വാങ്ങുന്ന ഇന്ത്യന് ടൂറിസ്റ്റുകള് ഉള്പ്പെടെയുള്ള വിദേശ ടൂറിസ്റ്റുകള്ക്ക് എയര്ലൈന് വെബ്സൈറ്റുകള്, മള്ട്ടി-സിറ്റി ഓപ്ഷനുകള്, ഫ്ലൈ-ത്രൂ സേവനങ്ങള്, അല്ലെങ്കില് ഓണ്ലൈന് ട്രാവല് ഏജന്റുമാര് എന്നിവയിലൂടെ ഓഫറിന് അര്ഹത ലഭിക്കും. ഓരോ യാത്രക്കാരനും രണ്ട് ആഭ്യന്തര വിമാന ടിക്കറ്റുകള് (ഒന്ന് പുറപ്പെടുന്നതിനും ഒന്ന് മടങ്ങുന്നതിനും) ലഭിക്കും. കൂടാതെ 20 കിലോ ബാഗേജ് അലവന്സും ലഭിക്കും.
തായ്ലന്ഡിലെ മറ്റ് ടൂറിസം സംരംഭങ്ങള്
ഇതോടൊപ്പം, ആഭ്യന്തര യാത്ര പ്രോത്സാഹിപ്പിക്കുന്നതിനായി തായ്ലന്ഡ് സര്ക്കാര് 'ഹാഫ്-പ്രൈസ് തായ്ലന്ഡ് ട്രാവല്' പദ്ധതിയും നടപ്പിലാക്കുന്നുണ്ട് . ഈ പരിപാടിയുടെ കീഴിലുള്ള പ്രധാന നഗരങ്ങളിലെ ബുക്കിംഗുകള് ഇതിനകം പൂര്ണ്ണ ശേഷിയിലെത്തി, 500,000 സ്ലോട്ടുകളില് ഏകദേശം 54,075 എണ്ണം ഇപ്പോഴും ചെറിയ സ്ഥലങ്ങളില് ലഭ്യമാണ്. സെപ്റ്റംബറോടെ ഇവ ഉപയോഗിക്കപ്പെടുമെന്ന് ഉദ്യോഗസ്ഥര് പ്രതീക്ഷിക്കുന്നു.
Content Highlights: Thailand Plans Free Domestic Flights For Indians And Other International Tourists