ഈ നഗരത്തിൽ ഓട്ടോയുമില്ല ടാക്‌സിയുമില്ല, യാത്രയെല്ലാം 'ലിഫ്റ്റാണ്'; നാടിന്റെ സംസ്‌കാരമായി മാറിയ ഒരു രീതി

എംസിബി ജില്ലയിലെ മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശമായ ഇവിടെ ഓട്ടോറിക്ഷ, ടാക്‌സി സേവനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടു

ഛത്തിസ്ഗഡിന്റെ ഹൃദയഭാഗത്തായുള്ള ഒരു നഗരം ഇവിടുത്തെ അസാധാരണമായ ഗതാഗത പാരമ്പര്യം കൊണ്ട് വ്യത്യസ്തമാണ്. കൽക്കരി ഖനികൾക്ക് പേരുകേട്ട ചിർമിരിയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇവിടെ യാത്ര ചെയ്യാൻ ഓട്ടോറിക്ഷയോ ടാക്സിയോ ഒന്നുമില്ല. ഇതിന് പകരം ആളുകൾ സഞ്ചരിക്കുക വളരെ അപൂർവമായ ഒരു രീതിയിലൂടെയാണ്, മറ്റൊന്നുമല്ല സൗജന്യ യാത്രയായ, ജനപ്രീതി നേടിയ ലിഫ്റ്റ് സമ്പ്രദായത്തിലൂടെ.

പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം ഇവിടെ പൊതുഗതാഗത സംവിധാനങ്ങളൊന്നും സജ്ജീകരിക്കാൻ സാധിച്ചിട്ടില്ല. കുന്നും പ്രദേശമാണെന്നത് മാത്രമല്ല എട്ട് വ്യത്യസ്തമായ ഹിൽടോപ്പ് സോണാണ് ഇവിടം. എംസിബി ജില്ലയിലെ മുൻസിപ്പൽ കോർപ്പറേഷൻ പ്രദേശമായ ഇവിടെ ഓട്ടോറിക്ഷ, ടാക്‌സി സേവനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും പരാജയപ്പെട്ടു. ഇന്നും ആരെങ്കിലും റോഡ്‌സൈഡിൽ കാത്തുനിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മോട്ടോർസൈക്കിൾ യാത്രികരോ കാർ യാത്രികരോ അവർക്ക് ലിഫ്റ്റ് കൊടുക്കും. അത് അപരിചിതരാവട്ടെ, നഗരത്തിലേക്ക് ആദ്യമായി എത്തുന്നവരാവട്ടെ ഒരു പക്ഷാഭേദവുമില്ല. ഇപ്പോൾ ഈ രീതി നഗരത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗമായിരിക്കുകയാണ്.

29 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ചിർമിരിൽ ജനസംഖ്യ 85,000ത്തോളമാണ്. പൊഡി, ഹൽദി ബാരി, ബഡാ ബസാർ, ഡോം ഹിൽ, ഗെഹ്ലാപാനി, കൊറിയ കൊല്ലിയേരി എന്നിങ്ങനെയാണ് ഇവിടുത്ത പ്രദേശങ്ങളുടെ പേര്. ഇവ തമ്മിൽ ഒന്നു മുതൽ ഏഴു കിലോമീറ്റർ ദൂരമാണ് ഉള്ളത്. കുത്തനെ ഉള്ള വഴികളും വനങ്ങൾ നിറഞ്ഞ പ്രദേശങ്ങളുമാണ് ഇവിടുള്ളത്. ഇവിടെ ഓട്ടോറിക്ഷ ഓടിക്കുക സാധ്യമല്ല. ജീപ്പുകളാണ് സ്വകാര്യ ഗതാഗതത്തിന് ഏറ്റവും മികച്ച ഓപ്ഷൻ.

മധ്യപ്രദേശ് വിഭജിക്കുന്നതിന് മുമ്പ് ഇവിടെ ഖനി തൊഴിലാളികൾ ഉപയോഗിച്ചിരുന്ന സ്‌കൂട്ടറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഇവിടെ ലിഫ്റ്റ് കൊടുക്കുന്നതും ലിഫ്റ്റ് ചോദിക്കുന്നതുമൊക്ക ഒരു രീതിയായി മാറിയെന്ന് പ്രദേശവാസികൾ പറയുന്നു.

പ്രദേശത്തെ മുൻ മേയറായ ധമരൂ റെഡ്ഡി ഇവിടെ ബസ് സർവീസ് ആരംഭിച്ചെങ്കിലും ഇവയ്ക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അത് അവസാനിച്ചു. ഇതുമായി ബന്ധപ്പെട്ട സർക്കാരിന്റെ പത്തു വർഷത്തെ കരാർ ഈയടുത്താണ് അവസാനിച്ചത്. ഇതിനായി ഉപയോഗിച്ചിരുന്ന ബസുകളെല്ലാം മോശമായ അവസ്ഥയിലാണ്.

പ്രദേശവാസികൾക്ക് ഈ രീതി വലിയ പ്രശ്‌നമില്ലെങ്കിലും ഇവിടെ എത്തുന്ന സഞ്ചാരികളും ആദ്യമായി എത്തുന്ന ആളുകളുമെല്ലാം പൊതുഗതാഗതമില്ലാത്തതിനാൽ ചിലപ്പോഴെങ്കിലും ബുദ്ധിമുട്ടാറുണ്ട്.Content Highlights: Let's know about Chirmiri, which has a unique transport tradition

To advertise here,contact us