വിമാനയാത്രക്കിടയിൽ എയർപോർട്ട് ലോഞ്ച് സൗജന്യമായി ഉപയോഗിക്കാറുണ്ടോ;ആരാണ് നിങ്ങൾക്ക് വേണ്ടി പണം മുടക്കുന്നത്?

ചില ലോഞ്ചുകളിലാണെങ്കില്‍ സ്പാ സര്‍വീസുകള്‍, സ്ലീപ്പിങ് പോഡുകള്‍, ഷവര്‍ എന്നിവയും ലഭ്യമാണ്.

ആഡംബരത്തിന്റെ അടയാളമാണ് വിമാനത്താവളങ്ങളിലെ ലോഞ്ചുകള്‍. ഭക്ഷണം, പാനീയങ്ങള്‍, സൗജന്യ വൈഫൈ, ചാര്‍ജിങ് പോയിന്റുകള്‍ തുടങ്ങിയവ പ്രത്യേകിച്ച് ബില്ലൊന്നും അടയ്ക്കാതെ തന്നെ ആസ്വദിക്കാനാവും. ചില ലോഞ്ചുകളിലാണെങ്കില്‍ സ്പാ സര്‍വീസുകള്‍, സ്ലീപ്പിങ് പോഡുകള്‍, ഷവര്‍ എന്നിവയും ലഭ്യമാണ്. യാത്രക്കാരല്ല ഈ ലോഞ്ചുകളുടെ ബില്ലുകള്‍ അടയ്ക്കുന്നതെങ്കില്‍ പിന്നെ മറ്റാരാണ് ഇത് ചെയ്യുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഡേറ്റ അനലിസ്റ്റായ സൂരജ് കുമാര്‍ തല്‍രേജ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എക്‌സ് പോസ്റ്റിലൂടെ പങ്കുവച്ചിരിക്കുകയാണ്.

'ഇന്ത്യയിലെ യാത്രക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കാതെ വിമാനത്താവളങ്ങളിലെ ലോഞ്ചുകള്‍ ഉപയോഗിക്കാറുണ്ട്. കയ്യിലുള്ള ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ സൈ്വപ്പ് ചെയ്ത് ഈ ലോഞ്ചുകള്‍ക്കുള്ളില്‍ പലരും പ്രവേശിക്കും, ഇത് ഫ്രീയായാണ് അനുഭവപ്പെടുക. അങ്ങനെയാണെങ്കില്‍ ആരാണ് ഇതിനുള്ള പണം മുടക്കുന്നത്. അതിനുത്തരം നിങ്ങളുടെ ബാങ്ക് അല്ലെങ്കില്‍ കാര്‍ഡ് നെറ്റ്വര്‍ക്ക് എന്നാണ്.' സൂരജ് കുമാര്‍ തല്‍രേജ പറയുന്നു.

നിങ്ങള്‍ ഓരോ തവണയും നിങ്ങളുടെ കാര്‍ഡ് ഉപയോഗിച്ച് അത് എച്ച്ഡിഎഫ്‌സിയുടെയോ, എസ്ബിഐയുടെയോ, ഐസിഐസിയുടെയോ അല്ലെങ്കില്‍ റുപേ കാര്‍ഡോ ആകട്ടെ, ലോഞ്ച് നടത്തുന്ന ആള്‍ക്ക് പണം നല്‍കുന്നത് ബാങ്ക് ആണ്. ഇത് നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് ബെനിഫിറ്റ് പാക്കേജില്‍ അടങ്ങിയിട്ടുള്ളതാണ്. ലോയല്‍റ്റി ആന്‍ഡ് അക്വിസിഷന്‍ കോസ്റ്റിലേക്കാണ് ബാങ്ക് ഇത് കണക്കാക്കുന്നത്.

ലോഞ്ച് ചാര്‍ജിലേക്ക് വരികയാണെങ്കില്‍ ഇന്ത്യയില്‍ 600 രൂപ മുതല്‍ 1200 രൂപ വരെയാണ് ഈടാക്കുന്നത്. അന്താരാഷ്ട്ര ലോഞ്ചുകളില്‍ 25 ഡോളര്‍ മുതല്‍ 35 ഡോളര്‍ വരെയും. എന്നാല്‍ പലരും ലോഞ്ച് ഉപേക്ഷിച്ച് വിമാനത്താവളത്തിലെ ഫുഡ് കോര്‍ട്ടില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുന്നവരുണ്ട്. ലോഞ്ചില്‍ നിന്ന് കഴിക്കുകയാണെങ്കില്‍ 500 മുതല്‍ ആയിരം രൂപ വരെ ലാഭിക്കാമെന്ന് സുരജ് പറയുന്നു. സൗജന്യ വൈഫൈയും ചാര്‍ജ് ചെയ്യാന്‍ സൗകര്യമുള്ളതിനാല്‍ സുഖമായി ജോലി ചെയ്യാനും സാധിക്കും.

Content Highlights: The Real Cost of 'Free' Airport Lounge Visits: A Data Analyst's Breakdown

To advertise here,contact us