കുറഞ്ഞ ചെലവില്‍ ഉയര്‍ന്ന സൗകര്യങ്ങള്‍; വരുന്നു അമൃത് ഭാരത് എക്‌സ്പ്രസ് 3.0

സാധാരണ യാത്രക്കാരെ ലക്ഷ്യം വച്ചുകൊണ്ടാണ് ഇന്ത്യന്‍ റെയില്‍വേയുടെ ഈ പുതിയ സംവിധാനം

ഇന്ത്യന്‍ റെയില്‍വേ മാറ്റങ്ങളുടെ പാതയിലാണ്. ഇത്തവണ അമൃത് ഭാരത് എക്‌സ്പ്രസ് 3.0 എന്ന ആശയവുമായാണ് റെയില്‍വേ മുന്നോട്ടുവരുന്നത്. അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ ആദ്യ രണ്ട് പതിപ്പുകളും വിജയകരമായതിന്റെ പശ്ഛാത്തലത്തിലാണ് പുതിയ മോഡല്‍ പരിശോധിച്ച് 3.0 എന്ന ആശയം കൊണ്ടുവരുന്നത്. ചെന്നൈ ആസ്ഥാനമായുളള ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ICF) ആണ് ഈ ആധുനിക ട്രെയിനിന്റെ നിര്‍മ്മാതാക്കള്‍.എസി, നോണ്‍ എസി കോച്ചുകള്‍ രുമിച്ചാണ് ഇതില്‍ ഉണ്ടാവുക. സാധാരണ യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി.

പ്രീമിയം ട്രെയിനുകളായ വന്ദേഭാരത് ചെയര്‍ കാര്‍, വന്ദേഭാരത് സ്‌ളീപ്പര്‍ എന്നീ പ്രീമിയം ട്രെയിനുകള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ അല്ലെന്ന വിമര്‍ശനം ഉണ്ടായിരുന്നു. ഈ വിമര്‍ശനം നിലനില്‍ക്കെയാണ് അമൃത് ഭാരത് എക്‌സ്പ്രസ് റെയില്‍വേ രംഗത്തുകൊണ്ടുവരുന്നത്.

സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ മികച്ച യാത്രാനുഭവം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു 2023 ല്‍ ആരംഭിച്ച അമൃത് ഭാരത് ട്രെയിനുകള്‍. നിലവില്‍ രാജ്യത്തുടനീളം ആകെ എട്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ ഓടുന്നുണ്ട്. സാധാരണക്കാര്‍ക്കും ഇടത്തരക്കാരും ഏറ്റെടുത്ത ആദ്യത്തെ രണ്ട് പതിപ്പുകള്‍ക്കും ശേഷമാണ് 3.0 എന്ന പരിഷ്‌കരിച്ച സംവിധാനം കൊണ്ടുവരുന്നത്.

അമൃത് ഭാരത് 3.0 യുടെ പ്രത്യേകതകള്‍

ജനറല്‍, സ്‌ളീപ്പര്‍ കോച്ചുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ആദ്യത്തെ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ എത്തിയത്. പിന്നീട് പരിഷ്‌കരിച്ച പതിപ്പുകള്‍ ഇറക്കിയപ്പോള്‍ സെമി-ഓട്ടോമാറ്റിക് കപ്ലറുകള്‍, പുതിയ മോഡുലാര്‍ ടോയ്‌ലറ്റുകള്‍, എമര്‍ജന്‍സി ടോക്ക് ബാക്ക് സംവിധാനം, ഇപി അസിസ്റ്റഡ് ബ്രേക്ക് സിസ്റ്റം, പുതുതായി രൂപകല്‍പന ചെയ്ത സീറ്റുകളും ബര്‍ത്തുകളും, പുതിയ ഡിസൈനിലുള്ള പാന്‍ട്രി കാര്‍, വന്ദേ ഭാരതിന് സമാനമായ ലൈറ്റിങ് സംവിധാനം, ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം, പുറത്തുള്ള എമര്‍ജന്‍സി ലൈറ്റുകള്‍, മൊബൈല്‍ ഫോണ്‍ ഹോള്‍ഡറുകളോടുകൂടിയ ചാര്‍ജിങ് സോക്കറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. ഇതോടൊപ്പം എസി കംപാര്‍ട്ട്‌മെന്റുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 3.0 സംവിധാനം വരുന്നത്.

Content Highlights :Amrit Bharat Express 3.0 comes with high facilities at a low cost

To advertise here,contact us