'ഗോ എറൗണ്ട്, ഗോ എറൗണ്ട്' എന്ന് കേട്ടാൽ പേടിക്കേണ്ട, നമ്മുടെ സുരക്ഷയ്ക്കായുള്ള മുന്നറിയിപ്പാണത്

അപകടങ്ങൾ ഒഴിവാക്കാൻ ഗോ എറൗണ്ട് സഹായിക്കും

കഴിഞ്ഞ ദിവസം കേരളത്തില്‍നിന്നുള്ള നാല് എംപിമാര്‍ അടക്കം 160 പേര്‍ യാത്ര ചെയ്തിരുന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തിരുന്നു. റഡാറുമായുള്ള ബന്ധത്തില്‍ തകരാര്‍ നേരിട്ടതിനെത്തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിങ് വേണ്ടിവന്നത്. എന്നാല്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊടുന്നനെ റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ട പൈലറ്റ് 'ഗോ എറൗണ്ട്' രീതി സ്വീകരിക്കുകയായിരുന്നു. എന്താണ് ഗോ എറൗണ്ട്?

ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍, റണ്‍വേയില്‍ എന്തെങ്കിലും തരത്തിലുളള തടസങ്ങള്‍ ഉണ്ടായാല്‍, വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിട്ടാല്‍ 'ഗോ എറൗണ്ട്' എന്ന നിര്‍ദേശമാണ് പൈലറ്റിന് ലഭിക്കുക. എളുപ്പത്തില്‍ പറഞ്ഞാല്‍ മറ്റൊരു ടേക്ക് ഓഫിനെ ആണ് ഗോ എറൗണ്ട് എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ലാന്‍ഡ് ചെയ്യാന്‍ താഴുന്ന വിമാനം പൊടുന്നനെ വീണ്ടും ടേക്ക് ഓഫ് ചെയ്യുന്നത് വിമാനയാത്രക്കാര്‍ പലരും കണ്ടിട്ടുണ്ടാകും. അപ്പോഴെല്ലാം ചിലര്‍ക്കെങ്കിലും ഇടനെഞ്ച് ഒന്ന് പിടയാതെയിരിക്കില്ല. പേടിക്കണ്ട, ഗോ എറൗണ്ട് എന്നത് യാത്രക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തി മാത്രം ചെയ്യുന്നതാണ്. കുറച്ച് സമയം ആകാശത്ത് വട്ടമിട്ട് പറന്നതിന് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളറിന്റെ നിര്‍ദേശപ്രകാരം വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ സാധിക്കും.

സുരക്ഷിതമായ ലാന്‍ഡിങ് സാധ്യമല്ല എന്നുകണ്ടാല്‍ പൈലറ്റുമാര്‍ 'ഗോ എറൗണ്ട്' രീതി സ്വീകരിക്കുന്നത് സാധാരണയാണ്. എയര്‍ ട്രാഫിക് കണ്‍ട്രോളറിന്റെ നിര്‍ദേശത്തോട് കൂടിയായിരിക്കും ഇവ നടപ്പിലാക്കുക. അപകടങ്ങള്‍ ഒഴിവാക്കാന്‍ ഗോ അറൗണ്ട് സഹായിക്കും. ഇത് സുരക്ഷിതവുമാണ്. വിമാനയാത്രകളില്‍ പൈലറ്റുമാര്‍ ഉപയോഗിക്കുന്ന സാധാരണ പല കമാന്‍ഡ് പ്രയോഗങ്ങളില്‍ ഒന്ന് മാത്രമാണ് ഗോ എറൗണ്ട്. പാന്‍ കോള്‍, മെയ്‌ഡേ കോള്‍ എന്നിവയാണ് മറ്റുള്ളവ. വൈമാനികരും നാവികരും ഉപയോഗിക്കുന്ന രാജ്യാന്തര റേഡിയോ അടിയന്തര സിഗ്‌നലാണ് പാന്‍ ജാഗ്രത നിര്‍ദേശം. വിമാനത്തിനോ ജീവനോ ഉടനടി ഭീഷണി ഇല്ലാത്ത, എന്നാല്‍ പെട്ടെന്ന് ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ നേരിടുമ്പോഴാണ് പൈലറ്റുമാര്‍ ഈ സിഗ്‌നല്‍ ഉപയോഗിക്കാറുള്ളത്. എന്‍ജിന്‍ ഭാഗികമായി തകരാറിലാണ്, വിമാനത്തില്‍ മെഡിക്കല്‍ എമര്‍ജന്‍സിയുണ്ട്, ഇന്ധനം കുറവാണ്, ഗുരുതരമല്ലാത്ത മെക്കാനിക്കല്‍ തകരാറുകള്‍ കാണുന്നു, അല്ലെങ്കില്‍ തീപിടുത്തമുണ്ടായിട്ടുണ്ട്. തുടങ്ങി വിമാനം അടിയന്തരമായി നിലത്തിറങ്ങേണ്ട സാഹചര്യമുണ്ട് എന്ന് സൂചിപ്പിക്കുന്നതാണ് പൈലറ്റ് നടത്തുന്ന പാന്‍ കോള്‍.

അടിയന്തര ഘട്ടത്തില്‍ നടത്തുന്ന അപായസൂചനയാണ് മെയ്‌ഡേ കോള്‍. അഹമ്മദാബാദ് വിമാനപേടകത്തിന് തൊട്ടുമുന്‍പ് അപകടം തൊട്ടടുത്തെത്തി എന്നറിഞ്ഞ പൈലറ്റുമാര്‍ മെയ്‌ഡേ കോള്‍ നല്‍കിയിരുന്നു.

Content Highlights: What is go around call at flights?

To advertise here,contact us