ഇങ്ങോട്ടാരും വരേണ്ട; വിദേശികള്‍ സ്വൈര്യ ജീവിതത്തിന് തടസ്സമാകുന്നെന്ന് ജപ്പാന്‍

മുന്‍പൊരിക്കലും അടയാളപ്പെടുത്തിയിട്ടില്ലാത്ത വിധത്തില്‍ ഇപ്പോള്‍ വിദേശീയരുടെ ഒഴുക്കാണ് ജപ്പാന്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം

ലോകരാജ്യങ്ങള്‍ക്കിടയില്‍ എന്നും വിസ്മയവും കൗതുകവും നിറഞ്ഞ രാജ്യമാണ് ജപ്പാന്‍. പ്രകൃതി ഭംഗികൊണ്ടും സംസ്‌കാരം കൊണ്ടും പുതിയ ടെക്‌നോളജി കൊണ്ടും വിനോദസഞ്ചാരികളെയും, വിദേശികളെയും മാടി വിളിക്കുകയും ചെയ്യുന്നുണ്ട് രാജ്യം. സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഒരുപടി മുന്നിട്ട് നില്‍ക്കുന്ന ജപ്പാനെ ആളുകൾ കൗതുകത്തോടെ നോക്കിക്കാണുന്നു. ഇത്രയൊക്കെ പ്രത്യേകതകള്‍ കാലങ്ങളായി ഈ നാടിനുണ്ടെങ്കിലും മുന്‍പൊരിക്കലും അടയാളപ്പെടുത്തിയിട്ടില്ലാത്ത വിധത്തില്‍ ഇപ്പോള്‍ വിദേശീയരുടെ ഒഴുക്കാണ് ജപ്പാന്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം.

ജപ്പാനിലേക്കുള്ള വിദേശികളുടെ ഒഴുക്കിനെ പ്രതിരോധിക്കാന്‍ പല വഴികളിലൂടെ ശ്രമം നടക്കുകയാണ്. ഒരു കാലത്ത് വിദേശികളെ ആകര്‍ഷിക്കുന്നതിന് നിരവധി പ്ലാനുകള്‍ നടപ്പിലാക്കിയ രാജ്യമാണ് ജപ്പാന്‍. എന്നാല്‍, നിലവില്‍ ആ രാജ്യത്തെ പൗരന്മാരെക്കാള്‍ വിദേശികളാണ് അവിടെ ജീവിക്കുന്നത് എന്ന തോന്നലില്‍ വിദേശികള്‍ക്കായി പുതിയ നയം കൊണ്ടുവരാനൊരുങ്ങുകയാണ് ഭരണകൂടം. വിദേശ പൗരന്മാര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍, ചില സര്‍ക്കാര്‍ ആനുകൂല്യങ്ങളുടെ മുതലെടുപ്പ് തുടങ്ങിയവയാണ് പുതിയ നയത്തിലേക്ക് നയിക്കാന്‍ കാരണമായത് എന്നാണ് ഔദ്യോ​ഗിക വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ജപ്പാന്റെ പ്രധാനമന്ത്രി ഷിഗേറു ഇഷിബയാണ് പുതിയ നയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ടാസ്‌ക് ഫോഴ്‌സ് എന്ന മാറ്റങ്ങൾ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയത്.

ജപ്പാന്‍ സ്വദേശികള്‍ക്കും, വിദേശീയര്‍ക്കും വേണ്ടിയുള്ള നയങ്ങളുടെ ഏകോപനമാണ് ടാക്‌സ് ഫോഴ്‌സിലൂടെ ഉദ്ദേശിക്കുന്നത്. കമാന്‍ഡ് സെന്റര്‍ എന്നാണ് ഇതിനായുള്ള ഓഫീസിന്റെ പേര്. കുടിയേറ്റം, ഭൂമി ഏറ്റെടുക്കല്‍, പണമടയ്ക്കാതെയുള്ള സാമൂഹിക ഇന്‍ഷുറന്‍സിന്റെ ഉപയോഗം എന്നിവയെക്കുറിച്ച് വ്യക്തവും കൃത്യവുമായ കണക്കെടുക്കാനും പരിശോധനകള്‍ നടത്താനും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നു. നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഭരണകൂടത്തിന്റെ തീരുമാനം.

വിദേശികള്‍ കൂടുതലായി കുടിയേറ്റം നടത്തിയതോടെ ജപ്പാനിലെ തദ്ദേശീയര്‍ക്ക് കടുത്ത അതൃപ്തിയാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്തെ 120 ദശലക്ഷത്തിലധികം വരുന്ന ജനസംഖ്യയില്‍ മൂന്ന് ശതമാനവും വിദേശീയരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു, ഇവർ പല കാലങ്ങളിലായി മറ്റ് രാജ്യങ്ങളില്‍ നിന്ന് കുടിയേറി ജപ്പാനില്‍ എത്തിയവരാണ്. ബാക്കി 97% ആളുകളാണ് യഥാർത്ഥത്തിൽ ജപ്പാൻ സ്വദേശികൾ‌. കൂടാതെ ജപ്പാനിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വലിയ വര്‍ധനവും ജപ്പാനിലെ പല ആളുകളെയും ചൊടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഫോട്ടോ എടുക്കുന്നതിനു കാഴ്ച്ചകള്‍ കാണുന്നതിനുമായി തങ്ങളുടെ വീട്ടിലും സമീപത്തും വരുന്നത് സ്വൈര്യ ജീവിതത്തെ ബാധിക്കുന്നു എന്നാണ് ഇവരുടെ പരാതി.

ജപ്പാനില്‍ ഉടന്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പാണ് പെട്ടെന്ന് ഇങ്ങനെ ഒരു മാറ്റത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിദേശികളും, വിനോദസഞ്ചാരികളും തങ്ങളുടെ സ്വൈര്യ ജീവിതത്തെ ബാധിക്കുന്നു എന്ന ജപ്പാനിലെ നാട്ടുകാരുടെ ആവശ്യത്തെ പരിഗണിക്കുന്നു എന്ന പ്രതീതി വരുത്താനാണ് പെട്ടെന്ന് പുതിയ നിയമം കൊണ്ടുവരുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്.

Content Highlight; Why Japan Set Up a Task Force on Foreigners

To advertise here,contact us