ഒരുപാട് വിനോദ സഞ്ചാര കേന്ദ്രങ്ങളും, കാഴ്ചകളും, കൗതുകം തോന്നിക്കുന്ന സംസ്കാരവുമെല്ലാമുള്ള രാജ്യമാണ് ചൈന. ചൈനയിലേക്ക് ഒരുതവണ യാത്ര നടത്താൻ അവസരം ലഭിച്ചാൽ പോകാൻ താൽപര്യമില്ലെന്ന് ആരും പറയാറില്ല. അതിനാൽ, വിസ മാനദണ്ഡങ്ങളിൽ ഇളവ് കൊണ്ടുവന്നതോടെ നിരവധി ആളുകളാണ് ചൈനയിലേക്ക് ഒഴുകിയെത്തിയത്. ഇത് വിനോദ സഞ്ചാരമേഖലയിൽ വൻകുതിപ്പാണ് ഉണ്ടാക്കിയത്. 74 രാജ്യങ്ങളിലെ പൗരന്മാർക്ക് 30 ദിവസത്തേക്ക് വിസയില്ലാതെ ചൈനയിൽ പ്രവേശിക്കാനുള്ള അനുമതിയാണ് ചൈനീസ് സർക്കാർ നൽകിയത്. വിനോദസഞ്ചാര മേഖല, സമ്പദദ വ്യവസ്ഥ, സോഫ്റ്റ് പവർ എന്നിവയിൽ മാറ്റം കൊണ്ടുവരാനായി ചൈന എടുത്ത തീരുമാനം രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയിൽ 48 ശതമാനത്തിന്റെ ഉയർച്ചയിലേക്കാണ് നയിച്ചത്.
2024ൽ 20 ദശലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് വിസയില്ലാതെ ചൈനയിലെ കാഴ്ച്ചകൾ ആസ്വദിക്കാനെത്തിയത്. ചൈനയുടെ നാഷണൽ ഇമിഗ്രേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെക്കാൾ കൂടുതലാണ് ഈ വർഷത്തെ വിനോദസഞ്ചാരികളുടെ എണ്ണം. ഇതിലൂടെ മുഴുവൻ അന്താരാഷ്ട്ര വരുമാനത്തിന്റെ മൂന്നിലൊന്ന് വിനോദസഞ്ചാരത്തിലൂടെ തന്നെ കണ്ടെത്താനായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2023ലാണ് കോവിഡ്-19ന് ശേഷം ചൈന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി വിനോദസഞ്ചാര മേഖല സജീവമാക്കിയത്. എന്നാൽ അന്ന് ചൈനയിലേക്ക് എത്തിയത് 13.8 ദശലക്ഷം ആളുകൾ മാത്രമായിരുന്നു. കോവിഡിന് മുൻപ് 2019ൽ ചൈനയിലെത്തിയിരുന്നത് ഏകദേശം 31.9 ദശലക്ഷത്തോളം ആളുകളായിരുന്നു, എന്നാൽ 2023 ആയപ്പോഴേക്കും ഇത് പകുതിയായി കുറഞ്ഞു.
2023ന്റെ അവസാനത്തില് ഫ്രാൻസ്, ഇറ്റലി, ജർമനി, മറ്റ് യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ആളുകൾക്ക് വിസ ഇല്ലാതെ ചൈനയിൽ പ്രവേശിക്കാം എന്ന നിയമം വന്നു. ചൈനയിലെ വിസ രഹിത പ്രവേശനം നേട്ടം കൊയ്തതോടെ, 75 രാജ്യങ്ങളിലെ ആളുകൾക്ക് വിസരഹിത പ്രവേശനം സാധ്യമാക്കാനൊരുങ്ങുകയാണ് അസർബൈജാനും, ജൂലൈ 16 മുതൽ ആരംഭിക്കുന്ന ഇളവുകൾ ഒരു വർഷത്തേക്ക് പ്രാബല്യത്തിലുണ്ടാകുമെന്നാണ് സൂചന.
ചൈനയിലേക്ക് പ്രവേശിക്കുന്നതിന് വിസ വേണ്ടാത്ത രാജ്യങ്ങളിൽ ലാറ്റിൻ അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യയുടെ ചില ഭാഗങ്ങൾ എന്നിവ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രധാനപ്പെട്ട ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഇളവ് നൽകിയിട്ടില്ല.
Content Highlight; China Allows Visa-Free Entry for 74 Countries, Tourist Numbers Rise 45%