ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ഹ്രസ്വദൂര യാത്രകള്‍ സുഗമമാക്കാന്‍ വരുന്നു 150 ട്രെയിനുകള്‍

ഹ്രസ്വദൂര യാത്രകള്‍ ഇനി സുഗമമാകും

ഹ്രസ്വദൂര ട്രെയിന്‍ യാത്രകള്‍ സുഗമമാക്കുന്നതിന് 100 പുതുതലമുറ മെയിന്‍ലൈന്‍ ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്(മെമു) ട്രെയിനുകളും 50 നമോ ഭാരത് ട്രെയിനുകളും അവതരിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ' 100 മെമു ട്രെയിനുകള്‍ നിര്‍മ്മിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. നിലവില്‍ പ്രവര്‍ത്തനക്ഷമമായ ട്രെയിനുകളിലെ 8-12 കോച്ചുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ട്രെയിനുകളില്‍ 16-20 കോച്ചുകള്‍ ഉണ്ടാകും. തെലങ്കാനയിലെ കാസിപേട്ടിലുള്ള ഒരു പുതിയ ഫാക്ടറിയിലാണ് ഈ ട്രെയിനുകള്‍ നിര്‍മ്മിക്കുന്നത്. അവ ഹ്രസ്വദൂര യാത്രകളെ സഹായിക്കും' എന്ന് അശ്വനി വൈഷ്ണവ് പറയുന്നു.

ഹ്രസ്വ, ഇടത്തരം റൂട്ടുകള്‍ക്കായി പ്രത്യേകിച്ച് നഗര പ്രദേശങ്ങളിലും അര്‍ഥ നഗര പ്രദേശങ്ങളിലും രൂപകല്‍പന ചെയതിട്ടുള്ള ഇലക്ട്രിക് ട്രെയിനുകളായ മെമു ട്രെയിനുകള്‍ കൂടുതല്‍ യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ളവയാണ്. ഉത്സവ സീസണുകളിലെ വര്‍ധിച്ചുവരുന്ന ആവശ്യം നിറവേറ്റാന്‍ ഇത് സഹായിക്കും.

അഹമ്മദാബാദ്-ഭുജ്, ജയനഗര്‍-പട്‌ന റൂട്ടുകളില്‍ സര്‍വ്വീസ് നടത്തുന്ന രണ്ട് നമോ ഭാരത് ട്രെയിനുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചത് കണക്കിലെടുത്ത് 50 എണ്ണം കൂടി നിര്‍മിക്കാനുള്ള തീരുമാനമായി. ഹ്രസ്വദൂര യാത്രകള്‍ക്ക് പ്രത്യേകിച്ച് ഇന്റര്‍സിറ്റി റൂട്ടുകളില്‍ അനുയോജ്യമായ പൂര്‍ണ്ണമായും എസി ട്രെയിനുകളാണ് നമോ ഭാരത് ട്രെയിനുകള്‍.

ഇതോടെ 150 പുതിയ പാസഞ്ചര്‍ ട്രെയിനുകളാണ് ഇന്ത്യന്‍ റെയില്‍വേ ഇനി പുറത്തിറക്കാന്‍ പോകുന്നത്. 2024-25 കാലഘട്ടത്തില്‍ ഇന്ത്യയില്‍ ഏകദേശം 720 കോടി യാത്രക്കാര്‍ ട്രെയിനുകളില്‍ സഞ്ചരിച്ചതായി റെയില്‍വേ മന്ത്രി പറഞ്ഞു. കൂടുതല്‍ ജനറല്‍ കോച്ചുകള്‍ അവതരിപ്പിക്കാനുളള ശ്രമം രണ്ടര വര്‍ഷത്തിലേറെയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights :Union Railway Minister Ashwini Vaishnav has announced that 100 MEMU trains and 50 Namo Bharat trains will be introduced to facilitate short-distance train travel

To advertise here,contact us