ഫ്‌ളൈറ്റ് അറ്റന്‍ഡിനെ പരിഹസിച്ചു; മൂന്ന് ഇന്ത്യന്‍ സ്ത്രീകളെ ഇറക്കിവിട്ട് സ്പിരിറ്റ് എയര്‍ലൈന്‍സ്

സംഭവവുമായി ബന്ധപ്പെട്ട് ടിക് -ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം നിരവധി ആളുകളാണ് കണ്ടത്

അമേരിക്കയിലെ സ്പിരിറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ വിമാന ജീവനക്കാരിയുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യന്‍ വംശജരായ മൂന്ന് സ്ത്രീകളെ വിമാനത്തില്‍നിന്ന് പുറത്താക്കി. ടിക്ക് ടോക്കിലൂടെ പങ്കുവയ്ക്കപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം 4 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

വിമാനം പുറപ്പെടുന്നതിന് മുന്‍പ് ഫ്ളൈറ്റ് അറ്റന്‍ഡന്റ് ന്യൂയോര്‍ക്കിലേക്ക് എന്ന് പറയേണ്ടതിന് പകരം ന്യൂ ഓര്‍ലിയാന്‍സിലേക്കാണ് പോകുന്നതെന്ന് തെറ്റായി പറഞ്ഞിരുന്നു. അതിന് ശേഷം ഫ്‌ളയിറ്റ് അറ്റന്‍ഡന്റ് അവരുടെ തെറ്റ് സമ്മതിക്കുകയും ചെയ്തു. പക്ഷേ മൂന്ന് സ്ത്രീകള്‍ ജീവനക്കാരി തെറ്റായി സ്ഥലപേര് പറഞ്ഞതിന് അവരെ കളിയാക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ' നിങ്ങള്‍ എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയില്ല' എന്ന് ഒരു സ്ത്രീ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.

പിന്നീട് ജീവനക്കാരി സ്ത്രീകളോട് അവരുടെ കൈയ്യിലിരുന്ന ബാഗ് സീറ്റിനടിയില്‍ സൂക്ഷിക്കാന്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ സ്ത്രീകള്‍ അത് ശ്രദ്ധിക്കാതെ ജീവനക്കാരി ന്യൂ ഓര്‍ലിയാന്‍സിലേക്കാണ് പോകുന്നതെന്ന് തെറ്റായി പറഞ്ഞത് എടുത്ത് പറയുകയും. ആദ്യം നമ്മള്‍ എവിടേക്കാണ് പോകുന്നതെന്ന് അറിയുകയും ചെയ്യണം എന്ന് വാദിച്ചുകൊണ്ടിരിക്കുകയും ചെയതു. ഈ സമയം ക്ഷമ നഷ്ടപ്പെട്ട ഫ്‌ളയിറ്റ് അറ്റന്‍ഡന്റ് സ്ത്രീകളെ ഇറക്കി വിടുമെന്ന് മുന്നറിയിപ്പ് നല്‍കി. ടിക് ടോക്കില്‍ അപ്‌ഡേറ്റ് ചെയ്ത വീഡിയോയുടെ രണ്ടാം ഭാഗത്തില്‍ യാത്രക്കാരെ ഇറക്കാന്‍ പൊലീസുകാര്‍ വിമാനത്തിനുളളില്‍ കയറുന്നത് കാണാം.

വിമാനം ഒരു മണിക്കൂര്‍ വൈകിയത് കൊണ്ടുതന്നെ പൊലീസുകാര്‍ സ്ത്രീകളോട് എഴുന്നേറ്റ് പുറത്തേക്ക് വരാന്‍ പറഞ്ഞെങ്കിലും അവരത് കൂട്ടാക്കിയില്ല. ഒന്നുകില്‍ നിങ്ങള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങണം അല്ലെങ്കില്‍ നിങ്ങളെ ജയിലില്‍ അടയ്‌ക്കേണ്ടിവരുമെന്ന് പൊലീസുകാര്‍ പറയുന്നുണ്ട്. ഒടുവില്‍ സ്ത്രീകള്‍ അവരുടെ ലഗേജുകള്‍ എടുത്ത് വിമാനത്തില്‍ നിന്നും ഇറങ്ങി. ഈ വീഡിയോകള്‍ രണ്ടും സോഷ്യല്‍ മീഡിയയില്‍ സ്ത്രീകളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമായി. സ്ത്രീകള്‍ വിമാന ജീവനക്കാരിയോട് മോശമായി സംസാരിച്ചു എന്ന് പലരും ആരോപിച്ചു.

Content Highlights :Three Indian-origin women removed from Spirit Airlines flight after altercation with flight attendant

To advertise here,contact us