വിമാന യാത്രയ്ക്കിടയില്‍ നിങ്ങളുടെ ലഗേജ് നഷ്ടപ്പെട്ടോ,കേടുപാടുകള്‍ സംഭവിച്ചോ ?, ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്

21 ദിവസത്തിനുളളില്‍ ബാഗ് കണ്ടെത്തിയില്ലെങ്കില്‍ അത് ഔദ്യോഗികമായി നഷ്ടപ്പെട്ടു എന്നാണ് അര്‍ത്ഥമാക്കുന്നത്

ദീര്‍ഘദൂര യാത്രയ്ക്ക് പോകുമ്പോള്‍ ലഗേജുകള്‍ കൊണ്ടുപോകുന്നത് സാധാരണമാണ്. പ്രത്യേകിച്ച് വിമാന യാത്ര ചെയ്യുമ്പോള്‍ ലഗേജുകളുടെ കാര്യത്തില്‍ ആശങ്ക കൂടി ഉണ്ടാവും. കാരണം നിങ്ങള്‍ ചെക്ക് ഔട്ട് ചെയ്ത് പുറത്ത് എത്തുമ്പോള്‍ ബാഗുകളും ലഭിക്കണമല്ലോ? എന്നാല്‍ ചില സമയങ്ങളില്‍ ലഗേജുകള്‍ സമയത്ത് ലഭിക്കാറില്ല. പലപ്പോഴും ലഗേജുകള്‍ നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം

വിമാന യാത്രയ്ക്കിടയില്‍ ലഗേജ് നഷ്ടപ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങള്‍

നിങ്ങളുടെ ബാഗ് കാണുന്നില്ല എന്ന് മനസിലായാല്‍ ഉടന്‍ വിമാനത്താവളത്തിലെ എയര്‍ലൈനിന്റെ ബാഗേജ് സര്‍വീസ് ഡെസ്‌കിലേക്ക് ചെല്ലേണ്ടതാണ്. ഒരു പ്രോപ്പര്‍ട്ടി ഇറിഗുലാരിറ്റി റിപ്പോര്‍ട്ട് (PIR) ഫയല്‍ ചെയ്യുക. അതിന്റെ ഒരു പകര്‍പ്പ് നിങ്ങളുടെ കൈവശവും വയ്ക്കുക. നഷ്ടപരിഹാരത്തിനായി ഏഴ് ദിവസത്തിനുള്ളില്‍ ഫോമിന്റെ ഒരു പകര്‍പ്പ് ഉള്‍പ്പെടെ എയര്‍ലൈന് രേഖാമൂലമുള്ള ഒരു ക്ലെയിം സമര്‍പ്പിക്കുക. ബാഗ് വൈകുന്ന ഓരോ ദിവസത്തിനും ഒരു നിശ്ചിത തുക നഷ്ടപരിഹാരം ലഭിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.

ഓണ്‍ലൈന്‍ പരാതി ചെയ്യുക

പ്രോപ്പര്‍ട്ടി ഇറിഗുലാരിറ്റി റിപ്പോര്‍ട്ട് (PIR) ഫയല്‍ ചെയ്താലും എയര്‍ലൈനിന്റെ വെബ്‌സൈറ്റില്‍ ഒരു ഔപചാരിക പരാതി ഫയല്‍ ചെയ്യാവുന്നതാണ്. ഓണ്‍ലൈന്‍ ഫോളോ-അപ്പുകള്‍ക്ക് പലപ്പോഴും വേഗത്തിലുള്ള പ്രതികരണങ്ങള്‍ ലഭിക്കാറുണ്ട്.

സാങ്കേതിക വിദ്യ ഉപയോഗിച്ച് ബാഗ് ട്രാക്ക് ചെയ്യുക.

നിങ്ങളുടെ ലഗേജിനുളളില്‍ ആപ്പിള്‍ എയര്‍ടാഗ്, അല്ലെങ്കില്‍ ഒരു ബ്ലൂടൂത്ത് ട്രാക്കര്‍ ഉണ്ടെങ്കില്‍ ആപ്പ് തുറന്ന് അത് കണ്ടെത്താന്‍ ശ്രമിക്കാം. ബാഗുകള്‍ കണ്ടെത്താന്‍ പല യാത്രക്കാരും ഇപ്പോള്‍ ഈ ഉപകരണങ്ങളെ ആശ്രയിക്കാറുണ്ട്.

നഷ്ടപരിഹാരം

21 ദിവസത്തിനുളളില്‍ ബാഗ് കണ്ടെത്തിയില്ലെങ്കില്‍ അത് ഔദ്യോഗികമായി നഷ്ടപ്പെട്ടതായി കണക്കാക്കാം. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാര ക്ലെയിം ഫയല്‍ ചെയ്യാവുന്നതാണ്.

ലഗേജ് കേടായാല്‍

വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് എയര്‍ലൈനിന്റെ ബാഗേജ് സര്‍വ്വീസ് ഓഫീസില്‍ എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അറിയിക്കുക. കൃത്യസമയത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് എയര്‍ലൈന്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.ലഗേജിന്റെയും അതിനുളളില്‍ ഉണ്ടായിരുന്ന സാധനങ്ങളുടെയും ചിത്രങ്ങള്‍ നേരത്തെ എടുത്ത് വയ്ക്കുന്നത് ബാഗേജ് നഷ്ടപ്പെട്ടാല്‍ ക്ലയിം ഫയല്‍ ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. എയര്‍ലൈന്‍ സര്‍വ്വീസ് ഡസ്‌കില്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഫ്‌ളൈറ്റിന്റെ വിശദാംശങ്ങള്‍, ബാഗേജ് ടാഗ് നമ്പറുകള്‍, നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങള്‍ ഇവ നല്‍കുക.

താമസ സ്ഥലത്തേക്ക് ബാഗ് ലഭിക്കാന്‍

എയര്‍ലൈനിന് നിങ്ങളെ ബന്ധപ്പെടാന്‍ കഴിയുന്ന തരത്തില്‍ നിങ്ങളുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ നല്‍കുന്നത് ഉറപ്പാക്കുക. മിക്ക എയര്‍ലൈനുകളും നിങ്ങളുടെ ലഗേജ് കണ്ടെത്തിക്കഴിഞ്ഞാല്‍ അത് നിങ്ങളുടെ വീട്ടിലേക്കോ താമസ സ്ഥലത്തേക്കോ നേരിട്ട് എത്തിക്കും.

ഏജന്റ് ഈ ഡെലിവറി ഓപ്ഷനെക്കുറിച്ച് പറഞ്ഞില്ല എങ്കില്‍, വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് അവരോട് അത് ചോദിക്കുക. നിങ്ങളുടെ ലഗേജ് ക്ലെയിം ചെയ്യാന്‍ വിമാനത്താവളത്തിലേക്കുള്ള മറ്റൊരു യാത്ര ലാഭിക്കാന്‍ ഇത് നിങ്ങളെ സഹായിക്കും. ഒരു ബിസിനസ്സ് യാത്രയിലായിരിക്കുമ്പോള്‍ നിങ്ങള്‍ക്ക് സമയക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് പ്രത്യേകിച്ചും സഹായകരമാകും.

Content Highlights :What to do if your luggage is lost or damaged during a flight

To advertise here,contact us