ഏറ്റവും മോശം; യുകെയില്‍ നിന്ന് പുറപ്പെടാന്‍ സ്ഥിരം വൈകുന്ന വിമാന സര്‍വീസ് : 'എയറി'ലായി എയര്‍ ഇന്ത്യ

ഗാറ്റ്‌വിക്കില്‍ നിന്ന് ബെംഗളുരുവിലേക്കുള്ള വിമാനങ്ങളാണ് ഏറ്റവുമധികം കാലതാമസമുണ്ടാക്കിയിട്ടുള്ളത്

യുകെയില്‍ പതിവായി പുറപ്പെടാന്‍ വൈകുന്ന ഏറ്റവും മോശം വിമാന സര്‍വീസായി എയര്‍ ഇന്ത്യ. 2024ലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) ഡേറ്റ അവലോകനം ചെയ്തുകൊണ്ടാണ് പിഎ വാര്‍ത്താ ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2024ലെ കണക്കുകള്‍ പ്രകാരം എയര്‍ ഇന്ത്യ പുറപ്പെടാന്‍ ശരാശരി 45 മിനിറ്റ് 48 സെക്കന്‍ഡ് വൈകുന്നതായാണ് റിപ്പോര്‍ട്ട്.

ഗാറ്റ്‌വിക്കില്‍ നിന്ന് ബെംഗളുരുവിലേക്കുള്ള വിമാനങ്ങളാണ് ഏറ്റവുമധികം കാലതാമസമുണ്ടാക്കിയിട്ടുള്ളത്. ഏകദേശം 50 തവണകളിലായി ശരാശരി ഒന്നര മണിക്കൂറോളമാണ് വിമാനങ്ങള്‍ വൈകിയിട്ടുള്ളത്. എയര്‍ ഇന്ത്യയുടെ ഈ സമീപനം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കണ്‍സ്യൂമര്‍ മാസികയായ 'വിച്ചി'ന്റെ ട്രാവല്‍ എഡിറ്റര്‍ റോറി ബോളണ്ട് വ്യക്തമാക്കി.

കണക്കുകള്‍ പ്രകാരം സമയനിഷ്ഠയില്‍ കൃത്യത പാലിക്കാത്ത രണ്ടാമത്തെ എയര്‍ലൈന്‍സ് ഗ്വെന്‍സി ആസ്ഥനമായുള്ള ഓറിഗ്നി എയര്‍ലൈനായിരുന്നു. ശരാശരി അരമണിക്കൂറിലധികമാണ് വിമാനങ്ങള്‍ വൈകിയിരിക്കുന്നത്. തുര്‍ക്കിയില്‍ കുറഞ്ഞ നിരക്കില്‍ വിനോദ സഞ്ചാരത്തിന് അവസരമൊരുക്കുന്ന വിമാന കമ്പനിയായ സണ്‍ എക്‌സ്പ്രസ് 29 മിനിട്ടും, എയര്‍ പോര്‍ട്ടുഗല്‍ 25 മിനിട്ടുമാണ് വര്‍ഷത്തില്‍ ശരാശരി വൈകിയിരിക്കുന്നത്.

2024ല്‍ യുകെയില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങളില്‍ ഐറിഷ് വിമാന കമ്പനിയായ എമറാള്‍ഡ് എയര്‍ലൈന്‍സായിരുന്നു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നത്. വര്‍ഷത്തില്‍ ശരാശരി 10 മിനിട്ട് മാത്രമായിരുന്നു വിമാനങ്ങൾ വൈകിയത്. 2024ല്‍ യുകെയില്‍ നിന്ന് 2,500ലധികം സര്‍വീസുകള്‍ നടത്തിയ വിമാനക്കമ്പനികളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം നടത്തിയത്. ഇതില്‍ റദ്ദാക്കിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

കോടിക്കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടായിരുന്ന എയര്‍ ഇന്ത്യയെ 2022 ജനുവരിയില്‍ ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. എയര്‍ ഇന്ത്യ ബര്‍മിംഗ്ഹാം, ഗാറ്റ്‌വിക്ക്, ഹീത്രോ എന്നീ യുകെ വിമാനത്താവളങ്ങളില്‍ നിന്ന് ഡല്‍ഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കാണ് സര്‍വ്വീസ് നടത്തുന്നത്. ഏവിയേഷന്‍ അനലിറ്റിക്‌സ് കമ്പനിയായ സിറിയത്തിന്റെ ഡാറ്റ പ്രകാരം 2019നെ അപേക്ഷിച്ച് 2024ല്‍ എയര്‍ ഇന്ത്യ 56% കൂടുതല്‍ സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്.

2024ല്‍ യുകെയിലേക്കുള്ള വിമാനങ്ങള്‍ക്ക് കാലതാമസമുണ്ടായിരുന്നു, എന്നാല്‍ ഇതില്‍ അധികവും തങ്ങളുടെ നിയന്ത്രണ പരിധിയിലുള്ള കാരണങ്ങള്‍ മൂലമായിരുന്നില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. യുകെയിലേക്കുള്ള റൂട്ടുകളില്‍ എ350, ബി 797-9 തുടങ്ങിയ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. ഇത് എയര്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട കൃത്യനിഷ്ഠ തിരികെ പിടിക്കാന്‍ സഹായിക്കുമെന്നും എയര്‍ ഇന്ത്യ കൂട്ടിച്ചേര്‍ത്തു. 2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാന്‍ സാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യുകെയില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് റൂട്ടിന്റെ ദൂരവും, സംഭവിച്ചേക്കാവുന്ന കാലതാമസവും അനുസരിച്ച് ഭക്ഷണം, ആശയവിനിമയത്തിനുള്ള മാര്‍ഗം തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. ഏതെങ്കിലും സമയത്ത് എയര്‍ലൈന്‍സിന്റെ പിഴവ് മൂലം വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 50,000 രൂപയിലധികം വരെ നഷ്ടപരിഹാരം ലഭിക്കാനും അര്‍ഹതയുണ്ട്.Content highlight: Air India Ranked Worst for UK Flight Delays, Averaging 45-Minute Hold-Ups

To advertise here,contact us