കെഎസ്ആര്‍ടിസി വന്‍ പൊളി, ഹൈടെക് ആകാനൊരുങ്ങി സംവിധാനങ്ങള്‍; ബസ് എവിടെ എത്തിയെന്ന് ആപ്പ് നോക്കി അറിയാം

പുത്തന്‍ സംവിധാനങ്ങളുമായി മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി

നമ്മുടെ കെഎസ്ആര്‍ടിസി ഇനി വെറും കെഎസ്ആര്‍ടിസി അല്ല, ഹൈടെക് ആവുകയാണ്. യാത്രക്കാര്‍ക്ക് സഹായകരമാകുന്ന പല പുതിയ പദ്ധതികളും കെഎസ്ആര്‍ടിസി അടുത്ത കാലത്തായി നടപ്പിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ കെഎസ്ആര്‍ടിസിയുടെ പുത്തന്‍ സംവിധാനമാണ് സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പദ്ധതി.

മൊബൈലില്‍ ഒരു ആപ്പ് തുറന്നാല്‍ ബസുകള്‍ എവിടെ എത്തി. എത്ര സമയംകൊണ്ട് സ്റ്റോപ്പിലെത്തും, ബസില്‍ സീറ്റ് ഒഴിവുണ്ടോ പിറകെ വരുന്ന ബസ്സുകള്‍ ഏതൊക്കെയാണ്. ഈ വിവരങ്ങളൊക്കെ ആപ്പിലൂടെ അറിയാന്‍ കഴിഞ്ഞാലോ. സംഗതി സെറ്റല്ലേ. ഇനി സീറ്റ് ഒഴിവുണ്ടെങ്കില്‍ അപ്പോള്‍തന്നെ ബുക്ക് ചെയ്യാം. ടിക്കറ്റെടുക്കാനുമുണ്ട് സംവിധാനങ്ങള്‍.

കെഎസ് ആര്‍ടിസിയുടെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ സംവിധാനം ഇങ്ങനെ

മൊബൈല്‍ ആപ്പിലൂടെയുളള കെഎസ്ആര്‍ടിസിയുടെ ലൈവ് ബസ്ട്രാക്കിംഗ് സംവിധാനം വളരെ വ്യത്യസ്തമാണ്. നാലായിരത്തിലധികം ബസിന്റെ വിവരങ്ങളും റൂട്ടും സമയവും ഒക്കെ ആപ്പില്‍ കൃത്യമായി ഉണ്ട്. സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ മെയ് മാസത്തില്‍ ഉത്ഘാടനം ചെയ്യും.

എന്തൊക്കെയാണ് പ്രധാനപ്പെട്ട സംവിധാനങ്ങള്‍

  • ഇ- ഫയലിംഗ് സംവിധാനം നടപ്പിലാക്കും.93 ഡിപ്പോയിലും ഫയലുകള്‍ പേപ്പര്‍ലെസാകും.
  • ടിക്കറ്റ് എടുക്കാനും മറ്റ് ഇടപാടുകള്‍ക്കുമായി കാര്‍ഡ് പുറത്തിറക്കും. ഇത് ആവശ്യാനുസരണം റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാം.
  • സ്റ്റുഡന്റ് കണ്‍സെഷന്‍ കാര്‍ഡ് ഇനിമുതല്‍ സ്മാര്‍ട്ട് കാര്‍ഡ് ആക്കും. ഇത് കോഴ്‌സ് കഴിയുന്നതുവരെ ആപ്പില്‍ നിന്ന് പുതുക്കി ഉപയോഗിക്കാം.
  • ബസ്സുകളുടെയെല്ലാം മുന്നിലും പിന്നിലും സിസിടിവി ക്യാമറ സ്ഥാപിക്കും
  • പ്രധാന ബസ് സ്‌റ്റോപ്പുകള്‍ ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡ് സ്ഥാപിക്കും.

ഈ മാസം ആദ്യമാണ് കെഎസ്ആര്‍ടിസി ബസുകളില്‍ ഡിജിറ്റല്‍ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനം നിലവില്‍ വരുമെന്ന പ്രഖ്യാപനമുണ്ടായത്. എടിഎം കാര്‍ഡുകളിലൂടെയും ഓണ്‍ലൈന്‍ വാലറ്റുകളിലൂടെയും ബസുകളില്‍ ടിക്കറ്റെടുക്കാം. ദീര്‍ഘദൂര ബസുകള്‍ പുറപ്പെട്ട ശേഷവും ഓണ്‍ലൈനില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാവും. ഇത് സംബന്ധിച്ച കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയായതായി മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു.

Content Highlights :KSRTC is preparing to revamp its face with new digital systems

To advertise here,contact us