ഓപ്പറേഷന് സിന്ദൂറുമായി ബന്ധപ്പെട്ട് തീവണ്ടിയാത്രയില് പരിശോധന കര്ശനമാക്കി റെയില്വേ. ഇനിമുതല് റിസര്വ്വ് ടിക്കറ്റെടുത്ത് യാത്ര ചെയ്യുമ്പോള് തിരിച്ചറിയല് രേഖകള് പരിശോധിക്കുമെന്ന് റെയില്വേ അറിയിച്ചിട്ടുണ്ട്.
സീറ്റിലും ബര്ത്തിലും ഉള്ള യാത്രക്കാരുടെ പേര് ചോദിക്കുകയും അത് ഒത്തുനോക്കുകയുമാണ് ഇതുവരെ ചെയ്തുകൊണ്ടിരുന്ന രീതി. തിരിച്ചറിയല് രേഖ കാണിച്ചില്ലെങ്കില് കര്ശനമായ നടപടി എടുക്കുമെന്ന് റെയില്വേയുടെ ഉത്തരവില് പറയുന്നു.
ഓണ്ലൈനായി എടുത്ത ടിക്കറ്റാണെങ്കില് ഐആര്സിടിസി/ റെയില്വേ ഒറിജിനല് മെസേജും തിരിച്ചറിയല് കാര്ഡും ടിക്കറ്റ് പരിശോധിക്കുന്നവരെ കാണിക്കേണ്ടതാണ്. സ്റ്റേഷനില് നിന്നെടുത്ത റിസര്വ്വ്ടിക്കറ്റിനൊപ്പവും തിരിച്ചറിയല് രേഖ കാണിക്കണം.
യാത്രാ സമയം തിരിച്ചറിയല് കാര്ഡ് കാണിക്കാന് സാധിച്ചില്ലെങ്കില് ടിക്കറ്റില്ലാത്ത യാത്രക്കാരനായി കണക്കാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. യാത്ര ചെയ്യുന്ന ആള്ക്ക് പിഴ ഈടാക്കി സീറ്റ് അനുവദിക്കുകയോ അല്ലെങ്കില് പിഴ ഈടാക്കിയ ശേഷം ജനറല് കോച്ചിലേക്ക് മാറ്റുകയോ ചെയ്യും. ഓണ്ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള് ദുരുപയോഗം ചെയ്യാന് സാധ്യത കൂടുതലുണ്ടെന്ന സാഹചര്യത്തില് തിരിച്ചറിയല് രേഖകള് പരിശോധിക്കുന്നത് കര്ശനമാക്കുമെന്ന് മുന്പു തന്നെ നിര്ദ്ദേശമുണ്ടായിരുന്നു.
Content Highlights:Identity card mandatory for train travel from now on