ഇന്ത്യക്കാര്‍ക്ക് കോടീശ്വരന്മാരെ പോലെ പോയിവരാവുന്ന ആറ് രാജ്യങ്ങള്‍

വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകളാണ് മനസ്സിലുള്ളതെങ്കില്‍ നിങ്ങള്‍ക്ക് കോടീശ്വരനെ പോലെ യാത്ര ചെയ്യാനാകുന്ന ആറ് രാജ്യങ്ങളുണ്ട്. അതേതാണെന്നല്ലേ?

അവധിക്കാലമല്ലേ, ഒരു യാത്രപോയാലോ? വിദേശരാജ്യങ്ങളിലേക്കുള്ള യാത്രകളാണ് മനസ്സിലുള്ളതെങ്കില്‍ നിങ്ങള്‍ക്ക് കോടീശ്വരനെ പോലെ യാത്ര ചെയ്യാനാകുന്ന ആറ് രാജ്യങ്ങളുണ്ട്. അതേതാണെന്നല്ലേ?വിയറ്റ്‌നാം,ഇന്തോനേഷ്യ,ശ്രീലങ്ക,നേപ്പാള്‍,കംബോഡിയ,ജപ്പാന്‍

വിയറ്റ്‌നാം

മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുമാണ് വിയറ്റ്‌നാം സന്ദര്‍ശിക്കാനുള്ള ഏറ്റവും മികച്ച സമയം. ബജറ്റ് യാത്രക്കാരുടെ പറുദീസയായ ഇവിടം മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പുകളാല്‍ മനോഹരമാണ്. സമ്പന്നമായ പാരമ്പര്യവും വിയറ്റ്‌നാമിന്റെ പ്രത്യേകതയാണ്. എവിടെപ്പോയാലും ഷോപ്പിങ് മുഖ്യമെന്ന് കരുതുന്നവര്‍ക്ക് ഇവിടം സ്വര്‍ഗമായിരിക്കും. മാത്രമല്ല ഭക്ഷണം, താമസം എന്നിവയും വളരെ ചുരുങ്ങിയ ചെലവില്‍ ലഭ്യമാകും. ഒരു സൈക്കിളില്‍ നാട്ടിന്‍പുറം ചുറ്റിക്കാണുകയോ, പ്രാദേശിക രുചികള്‍ ആസ്വദിച്ച് ബീച്ചില്‍ വിശ്രമിക്കുകയോ ചെയ്യാം. ഹോ ചി മിന്‍ സിറ്റിയിലെ തിരക്കുകളായാലും സാപയിലെ പ്രസന്നമായ സൗന്ദര്യമായാലും ഏതൊരു യാത്രക്കാരനും തങ്ങള്‍ക്കിഷ്ടമുള്ളത് ലഭിക്കുന്ന ഒരിടമാണ് വിയറ്റ്‌നാം. നമ്മുടെ ഒരു രൂപ ഇവിടെ 294 വിയറ്റ്‌നാമീസ് ഡോങ് ആണ്.വിയ്റ്റ്‌നാമില്‍ പോയാല്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. നൂറുരൂപയ്ക്ക് താഴെയുള്ള ഫോ കഴിക്കാം..മെകോങ് ഡെല്‍റ്റ സന്ദര്‍ശിക്കാന്‍ മടിക്കരുത്. മനോഹര നഗരമായ ഹോയ് ആനിലൂടെ ഒന്നു ചുറ്റിക്കറങ്ങാനും മടിക്കരുത്.

ഇന്തോനേഷ്യ

നമ്മുടെ ഒരു രൂപ ഇവിടെ 186 ഇന്തോനേഷ്യന്‍ റുപ്യയാണ്. ഏപ്രില്‍ ഒക്ടോബര്‍ മാസങ്ങളാണ് ഇന്തോനേഷ്യ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ചത്. വിനോദസഞ്ചാരികളുടെയെല്ലാം ബക്കറ്റ് ലിസ്റ്റിലുള്ള ബാലി ഇന്തോനേഷ്യയിലാണ്. ദമ്പതികള്‍ക്ക് ഹണിമൂണ്‍ ട്രിപ്പിനായാലും കുടുംബമൊന്നിച്ച് അവധിക്കാലം ചെലവഴിക്കാനായാലും പറ്റിയ ഇടമാണ് ഇന്തോനേഷ്യ. ബാലിയിലും പുറത്തും യാത്ര ചെയ്യുന്നതിന് അധികം ചെലവില്ല. തെഗല്ലലാങ് റൈസ് ടെറസുകള്‍ സന്ദര്‍ശിക്കുകയും, നൂസ പെനിഡയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുകയും ഒരു രാത്രിക്ക് വെറും മൂവായിരം രൂപ മാത്രം ഈടാക്കുന്ന സ്വകാര്യപൂളുകളുള്ള ആഡംബര വില്ലയില്‍ താമസിക്കാനും മറക്കരുത്.

ശ്രീലങ്ക

ഡിസംബറാണ് ശ്രീലങ്ക സന്ദര്‍ശിക്കാനുള്ള ഏറ്റവും മികച്ച സമയം. ഏപ്രില്‍ മധ്യകാലത്തും ശ്രീലങ്കയില്‍ ധാരാളം വിനോദസഞ്ചാരികള്‍ എത്താറുണ്ട്. വൈവിധ്യമാര്‍ന്ന ഭൂപ്രകൃതികള്‍, വൃത്തിയുള്ളതും മനോഹരവുമായ ബീച്ചുകളും ടീപ്ലാന്റേഷനുകളും ഇവിടുത്തെ മനോഹര ദൃശ്യങ്ങളാണ്. താമസമാണെങ്കിലും ഭക്ഷണമാണെങ്കിലും ഗതാഗതമാണെങ്കിലും ഇവിടെ ചെലവുകുറവാണ്. എല്ലയിലൂടെയുള്ള തീവണ്ടിയാത്രകള്‍ മനോഹരമാണ്. യാല ദേശീയ ഉദ്യാനത്തില്‍ ഒരു വൈല്‍ഡ് ലൈഫ് സഫാരിക്ക് നിര്‍ബന്ധമായും പോയിരിക്കണം. നമ്മുടെ ഒരു രൂപ ഇവിടെ മൂന്നുരൂപയാണ്(ശ്രീലങ്കന്‍)

നേപ്പാള്‍

ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറവാണ് ഇവിടുത്തെ രൂപയ്ക്കും. നമ്മുടെ ഒരു രൂപ ഇവിടെ 1.60 നേപ്പാളീസ് റുപ്പീസ് ആണ്. അതിമോനഹരമായ പര്‍വത കാഴ്ചകളാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ നിര്‍ബന്ധമായും നേപ്പാള്‍ സന്ദര്‍ശിച്ചിരിക്കണം. ഇന്ത്യന്‍ യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഹിമാലയന്‍ വിരുന്ന് എന്നുതന്നെ വിളിക്കാവുന്ന നേപ്പാള്‍ യാത്രയേക്കാള്‍ ബജറ്റ് ഫ്രണ്ട്‌ലി ആയ മറ്റൊരു യാത്ര ഇല്ല. ട്രെക്കിങ്ങിനുള്ള മൂഡിലാണെങ്കില്‍ എവറസ്റ്റ്് ബേസ് ക്യാമ്പിലേക്ക് ട്രെക്ക് ചെയ്യാം. അതല്ലെങ്കില്‍ പശുപതി നാഥ് ക്ഷേത്രം സന്ദര്‍ശിച്ച് മടങ്ങാം.

കംബോഡിയ

നമ്മുടെ ഒരു രൂപ കംബോഡിയയില്‍ 46 കംബോഡിയന്‍ റിയെലാണ്. നവംബര്‍ മുതല്‍ മെയ് വരെ കംബോഡിയ സന്ദര്‍ശിക്കാം. അങ്കോര്‍ വാട് ടെംപിള്‍സ്, കംബോഡിയയിലെ സമ്പന്നമായ പാരമ്പര്യങ്ങള്‍, സംസ്‌കാരം തുടങ്ങിയവ യാത്രക്കാരെ വല്ലാതെ ആകര്‍ഷിക്കും. ജീവിക്കാന്‍ വളരെ ചെലവു കുറവുള്ള സ്ഥലമാണ് ഇത്. അതിനാല്‍ തന്നെ സ്ട്രീറ്റ് ഫുഡ്, താമസം എന്നിവയെല്ലാം ചീപ്പായി ലഭിക്കും. മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളെ വച്ചുനോക്കുമ്പോള്‍ വളരെ ആഡംബരപൂര്‍ണമായ ഒരു യാത്ര നിങ്ങള്‍ക്കിവിടെ നടത്താനാകും.

ജപ്പാന്‍

മാര്‍ച്ച് മുതല്‍ മെയ് വരെയും സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയും ജപ്പാനില്‍ വിനോദസഞ്ചാരികളുടെ സീസണാണ് എന്നുപറയാം. നമ്മുടെ ഇന്ത്യന്‍ രൂപ ജപ്പാനില്‍ 1.75 യെന്‍ ആണ്. മനോഹരങ്ങളായ ക്ഷേത്രങ്ങള്‍, പരമ്പരാഗത ടീ ഹൗസുകള്‍, തുടങ്ങി തികച്ചും വ്യത്യസ്തമായ ഒരു സംസ്‌കാരം അവിടെ ആസ്വദിക്കാന്‍ സാധിക്കും. ക്യോട്ടോ, മൗണ്ട് ഫുജി എന്നിവയുടെ കാഴ്ചകള്‍ വാക്കുകള്‍ക്കതീതമാണ്. പ്രകൃതിയും സംസ്‌കാരവും സാഹസികതയും ഇഴചേര്‍ന്ന മനോഹരമായ ഒരു അനുഭവമായിരിക്കും ജപ്പാന്‍ യാത്ര

To advertise here,contact us