ഗംഗാ ആരതി, കത്തിയെരിയുന്ന ചിതകള്‍, ബനാറസി സാരികള്‍; വാരാണസിയെന്ന അനുഭവം

ചരിത്രവും സംസ്‌കാരവും ആത്മീയതയുമെല്ലാം ഇഴചേര്‍ന്നു കിടക്കുന്ന ഇവിടം ഇന്ത്യയുടെ ആത്മീയ തലസ്ഥാനമെന്നും അറിയപ്പെടുന്നു

ആദ്യമായി വാരാണസി സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നടി അഹാന കൃഷ്ണ. അമ്മ സിന്ദു കൃഷ്ണയ്ക്കും സഹോദരി ഇഷാനിയ്ക്കുമൊപ്പമായിരുന്നു അഹാനയുടെ വാരാണസി യാത്ര. ഷൂട്ടിംഗ് ഇടവേളയ്ക്കിടെയാണ് അഹാന കാശി വിശ്വനാഥ ക്ഷേത്രമുള്‍പ്പെടെ വാരാണസിയിലെ കാഴ്ച്ചകള്‍ കാണാനിറങ്ങിയത്. വരാണസിയില്‍ നിന്നുള്ള മനോഹര ചിത്രങ്ങളും അഹാന പങ്കുവച്ചിട്ടുണ്ട്.

ഒരാള്‍ വാരാണസിയില്‍ വെച്ച് മരണപ്പെട്ടാല്‍ അയാള്‍ക്ക് മോക്ഷം ലഭിക്കുമെന്നാണ് ഹൈന്ദവ വിശ്വാസം. ഹിന്ദുക്കളും ബുദ്ധമതക്കാരും ജൈനമതക്കാരുമെല്ലാം ഒരുപോലെ പുണ്യസ്ഥലമായി കണക്കാക്കുന്നയിടം. കാശിയെന്നും ബനാറസെന്നുമെല്ലാം വിളിക്കപ്പെടുന്ന വാരാണസി ജീവിതത്തില്‍ ഒരിക്കലെങ്കിലും കാണണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്താണ് വാരാണസിയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്?

ഇന്ത്യയിലെ ഏഴ് പുണ്യ പുരാണ നഗരങ്ങളില്‍ ഒന്നാണ് വാരാണസി. ചരിത്രവും സംസ്‌കാരവും ആത്മീയതയുമെല്ലാം ഇഴചേര്‍ന്നു കിടക്കുന്ന ഇവിടം ഇന്ത്യയുടെ ആത്മീയ തലസ്ഥാനമെന്നും അറിയപ്പെടുന്നു. ഗംഗാനദിയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കല്‍പ്പടവുകളാണ് വാരാണസിയുടെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. ഘാട്ട് എന്നാണ് ഇവയെ വിളിക്കുന്നത്. പല പേരുകളില്‍ പല കര്‍മ്മങ്ങള്‍ക്കായാണ് ഈ ഘാട്ടുകള്‍ ഉപയോഗിക്കുന്നത്. ദശാശ്വമേധ് ഘട്ട് ആണ് ഇതില്‍ പ്രധാനം.

വാരാണസിയില്‍ എത്തുന്നവര്‍ ഏറ്റവുമധികം കാണാന്‍ ആഗ്രഹിക്കുന്നതും ദശാശ്വമേധ് ഘാട്ടില്‍ നടക്കുന്ന ഗംഗാ ആരതിയാണ്. എല്ലാ ദിവസവും വൈകുന്നേരം പുരോഹിതന്മാര്‍ മന്ത്രങ്ങള്‍ ഉരുവിട്ട് അഗ്‌നിയുമായി ഗംഗാ ആരതി ചെയ്യുന്നത് മനോഹരമായ കാഴ്ച്ചയാണ്. ഗംഗാ നദീതീരം ഭക്തിസാന്ദ്രമാകുന്ന നിമിഷങ്ങളിലൊന്നാണത്.

ദശാശ്വമേധ് ഘാട്ടിലേക്കുളള ചെറിയ വഴിയിലാണ് കാശി വിശ്വനാഥ ക്ഷേത്രം. വാരാണസിയിലെത്തിയാല്‍ ഒഴിവാക്കാനാകാത്ത ഒരിടം. ശിവനാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പ്രതിദിനം ആയിരക്കണക്കിന് ഭക്തരാണ് കാശി വിശ്വനാഥക്ഷേത്രം സന്ദര്‍ശിക്കുന്നത്. വാരാണസിയിലെ ഘാട്ടുകളിലൂടെ നടന്നാല്‍ അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗാനദിയില്‍ മോക്ഷം ലഭിക്കാനായി സ്നാനം ചെയ്യുന്ന അനേകം ഭക്തരെ കാണാം.

മൃതദേഹങ്ങള്‍ക്കു മാത്രമായി ഒരു ഘാട്ടുണ്ട് വാരാണസിയില്‍. മണികര്‍ണിക ഘാട്ട് എന്ന് പേരുളള ഈ ഘാട്ടിലാണ് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. ആയിരക്കണക്കിന് മൃതദേഹങ്ങളാണ് ഈ ഘാട്ടില്‍ ദിനംപ്രതി ദഹിപ്പിക്കുന്നത്. ഗംഗാതീരത്ത് 88 ഘാട്ടുകളുണ്ട്. അതില്‍ അസിഘാട്ടുമുതല്‍ മണികര്‍ണിക ഘാട്ടുവരെയുളള 3 കിലോമീറ്ററാണ് പ്രധാനപ്പെട്ട ഘാട്ടുകള്‍. ആളുകള്‍ക്ക് ഇരിക്കാന്‍ പാകത്തിനാണ് ഇതിന്റെ നിര്‍മ്മാണം.

വാരാണസിയുടെ മറ്റൊരു പ്രത്യേകത ഗല്ലികളാണ്. പഴയ കെട്ടിടങ്ങള്‍ക്കിടയിലൂടെയുളള ചെറിയ വഴികളാണ് ഗല്ലികള്‍. ഗല്ലികള്‍ക്ക് ഇരുവശത്തുമായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നു. ഈ ഗല്ലികളെല്ലാം ചെന്നവസാനിക്കുന്നതാകട്ടെ ഗംഗാനദീതീരത്തും. പരമ്പരാഗതമായി ഗുസ്തി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന നിരവധി അഘാഡകള്‍ വാരാണസിയിലുണ്ട്. ഭക്തരല്ലാത്ത സഞ്ചാരികളുടെ പ്രിയപ്പെട്ടയിടമാണ് ഈ അഘാഡകള്‍. ലോകപ്രസിദ്ധമായ ബനാറസി പട്ടുകള്‍ നിര്‍മ്മിക്കുന്ന നിരവധി നെയത്തുശാലകളും വാരാണസിയിലുണ്ട്.

വാരാണസിയില്‍ നിന്നും 10 കിലോമീറ്റര്‍ അകലെ ബുദ്ധ തീര്‍ത്ഥാടന കേന്ദ്രമായ സാര്‍നാഥുണ്ട്. ബുദ്ധന്‍ ജ്ഞാനോദയമുണ്ടായതിനുശേഷം ആദ്യത്തെ പ്രഭാഷണം നടത്തിയത് ഇവിടെയാണ് എന്നാണ് പറയപ്പെടുന്നത്. ഇവിടെ ധമേക് സ്തൂപം, സാര്‍നാഥ് ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം എന്നിവ സന്ദര്‍ശിക്കാം. ഇവിടെയെത്തിയാല്‍ ഗംഗാനദിയിലെ ബോട്ട് യാത്ര, ബനാറസി പാന്‍, പ്രാദേശികമായ പലഹാരങ്ങള്‍ തുടങ്ങി ആസ്വദിക്കാന്‍ ഒരുപാടുണ്ട്. ചരിത്രവും സംസ്‌കാരവും ആത്മീയതയും സമന്വയിക്കുന്ന വാരാണസി സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട അനുഭവമാകും.

Content Highlights: Oldest Living City in the World Varanasi

To advertise here,contact us