ഞായറാഴ്ചയും അവധിയും അടുത്തടുത്ത് വരുന്ന സമയം നോക്കി 2 ദിവസംകൂടി ലീവ് സംഘടിപ്പിച്ച്, കുടുംബത്തെയും കൂട്ടുകാരെയും ദിവസങ്ങള്‍ക്കോ, മാസങ്ങള്‍ക്കോ മുന്‍പ് പ്ലാന്‍ ചെയ്ത, പലപ്പോഴും നടക്കാതെ പോയ, സ്ഥലത്തേക്കൊരു ബഡ്ജറ്റ് യാത്ര.. മലയാളിയുടെ യാത്രകളെല്ലാം ഒരുകാലത്ത് ഇങ്ങനെയായിരുന്നു. കോവിഡ് വന്നതോടെ സംഗതികളെല്ലാം മാറിമറിഞ്ഞു. ജീവിതം ദേ ഇത്രയേയുള്ളൂ എന്ന ബോധ്യം വന്നതോടെ കിട്ടുന്ന അവസരങ്ങളെല്ലാം യാത്രകള്‍ക്കായി മാറ്റിവയ്ക്കാനും പണം ചെലവഴിക്കാനും ആര്‍ക്കും മടിയില്ലാതായി. അതിലുപരി മലയാളിയുടെ യാത്രകളെ സ്വാധീനിച്ച മറ്റൊരു പ്രധാന സംഗതി കൂടിയുണ്ട്. ഇന്‍സ്റ്റഗ്രാം റീലുകള്‍..ഓര്‍മയില്ലേ റീലുകണ്ട് പാലക്കാട്ടെ കൊലങ്കോട്ടേക്ക് യാത്രക്കാര്‍ വരിവരിയായെത്തിയത്.
യാത്രയുടെ സ്വഭാവം തന്നെ റീലുകള്‍ മാറ്റിമറിച്ചു. യാത്രാനുഭവം പങ്കുവയ്ക്കുന്നതിന് ഉപരി പലരുടെയും യാത്രാപ്ലാനുകള്ക്ക് കാരണമാകുന്നത് പോലും റീലുകളായി. വാഹനസൗകര്യവും ഭക്ഷണവും ശൗചാലയ സൗകര്യമൊന്നുമില്ലെങ്കിലും ഒട്ടും പരിചയമില്ലാത്ത സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കാന്‍ ആര്‍ക്കും മടിയില്ലാതായിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ആര്‍ക്കുമറിയാത്ത അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുക മാത്രമല്ല, എങ്ങനെ യാത്ര ചെയ്യണം, ഒരു സ്ഥലത്ത് പോയാല്‍ അവിടെ എവിടെയൊക്കെ സന്ദര്‍ശിക്കണം, ഏത് ഭക്ഷണം കഴിക്കണം തുടങ്ങി യാത്ര പ്ലാന്‍ ചെയ്യുന്നതലത്തിലേക്ക് റീല്‍സ് വളര്‍ന്നു.
കാലങ്ങളായി താലോലിച്ചിരുന്ന സ്ഥലത്തേക്ക് യാത്ര തിരിക്കുമ്പോള്‍ ഗൂഗിള്‍ ചെയ്ത് സ്ഥലത്തെ കുറിച്ച് ഒരു ധാരണ ഉണ്ടാക്കി വയ്ക്കുന്നതിന് പകരം ആ സ്ഥലത്തെ കുറിച്ച് പലരും ചെയ്ത റീലുകള്‍ നോക്കി കൃത്യമായി എവിടെ താമസിക്കണം എന്നതുമുതല്‍ എന്തൊക്കെ കാണണം എന്നുവരെ കൃത്യമായി പ്ലാന്‍ ചെയ്താണ് ഇന്ന് പലരും യാത്രക്കിറങ്ങുന്നത്. ടൂറിസ്റ്റ് ഗൈഡുകളുടെ പോലും സഹായം ആവശ്യമില്ലാത്ത രീതിയിലേക്ക് യാത്ര വളര്‍ന്നുകൊണ്ടിരിക്കുകയാണ്.
കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഇന്‍സ്റ്റ റീലുകള്‍ കണ്ട് യാത്ര പുറപ്പെട്ട് നിരാശരായി തിരിച്ചെത്തുന്നവരും കുറവല്ല. എന്തിന്റെയും മനോഹാരിത മാത്രം എന്നതാണ് ഇന്‍സ്റ്റഗ്രാമിന്റെ പൊതുവായ ഒരു പ്രവണത. അതുകൊണ്ടുതന്നെ സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള റീലുകളില്‍ കാണുന്ന ഭംഗിയൊന്നും പലപ്പോഴും നേരിട്ട് ചെല്ലുമ്പോള്‍ കാണാനായെന്നുവരില്ല. സെക്കന്‍ഡുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ വളരെ ശ്രദ്ധാപൂര്‍വം ഏറ്റവും മികച്ചത് മാത്രം നോക്കി എഡിറ്റ് ചെയ്തിടുന്ന കണ്ടന്റുകളാണ്. മിന്നുതെല്ലാം പൊന്നല്ല എന്ന പഴഞ്ചൊല്ല് മനസ്സില്‍ ഓര്‍ത്തുവേണം യാത്ര പുറപ്പെടാനെന്നു സാരം.
യഥാര്‍ഥ യാത്രകള്‍ ഇല്ലാതാകുന്നു എന്നുള്ളതാണ് മറ്റൊരു പ്രധാന കാര്യം. ഒരു സ്ഥലം വൈറലായി കഴിഞ്ഞാല്‍ പിന്നെ വരിവരിയായി നിരനിരയായി അതേ ട്രെന്ഡുപിടിച്ച് അതേ സ്ഥലത്തെത്തി ഫോട്ടോയും വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാനായിരിക്കും ഭൂരിഭാഗംപേരും ശ്രമിക്കുന്നത്. ഫലമോ തിക്കും തിരക്കും. പോകുന്ന ഒരാള്‍ക്ക് പോലും ആ സ്ഥലത്തിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിഞ്ഞെന്നുവരില്ല.
ഇനി എന്തുചെയ്യണം?
Content Highlights: How Instagram ruins your TRAVEL plans