ലണ്ടനിലെ ബംഗാളി സൈന്‍ ബോര്‍ഡ്; അസന്തുഷ്ടി പ്രകടിപ്പിച്ച് എംപി, പിന്തുണച്ച് മസ്ക്: വിമര്‍ശനം

മസ്കിൻ്റെ പ്രതികരണം വിമർശനങ്ങളിലേക്കും വഴിവച്ചു.

സമൂഹമാധ്യമത്തിൽ വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കി ഇലോൺ മസ്ക്. ലണ്ടനിലെ ഒരു റെയിൽവേ സ്റ്റേഷനിൽ ഇം​ഗ്ലീഷിലും ബം​ഗാളിലും എഴുതിയ ദ്വിഭാഷ ബോർഡിൽ ഇം​ഗ്ലീഷ് മാത്രം മതിയെന്ന യുകെ എംപിയുടെ പ്രസ്താവനയിൽ പ്രതികരിച്ചതോടെയാണ് മസ്ക് വീണ്ടും ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. യുകെ ഗ്രേറ്റ് യാർമൗത്ത് എംപിയായ റൂപർട്ട് ലോവാണ് എക്സ് അക്കൗണ്ടിലൂടെ വൈറ്റ്ചാപ്പൽ സ്റ്റേഷനിലെ ദ്വിഭാഷ ബോർഡിന്റെ ചിത്രം പോസ്റ്റ് ചെയ്തത്.

ഇത് ലണ്ടനാണ് സ്റ്റേഷൻ്റെ പേര് ഇം​ഗ്ലീഷിൽ ആയിരിക്കണം, ഇം​ഗ്ലീഷ് മാത്രമേ ഉപയോ​ഗിക്കാവൂ, മിസ്റ്റർ ലോവ് സ്റ്റേഷനിലെ ദ്വിഭാഷ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലാവുകയും ചെയ്തു. പിന്നാലെ എക്സ് ഉടമയായ ഇലോൺ മസ്കിൽ നിന്നും അഭിപ്രായം തേടുകയും ചെയ്തു. "അതെ,"‍‌എന്നായിരുന്നു ഇലോൺ മസ്കിന്റെ പ്രതികരണം. മസ്കിൻ്റെ പ്രതികരണം വിമർശനങ്ങളിലേക്കും വഴിവെച്ചു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തായ മസ്‌ക് റിഫോം യുകെ നേതാവായ നിഗൽ ഫാരേജിനെ മാറ്റണമെന്ന് അടുത്തിടെ ആവശ്യപ്പെടുകയും 67 കാരനായ ലോവിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പോസ്റ്റിന് നിരവധി പ്രതികരണങ്ങളാണ് ലഭിച്ചിരിക്കുന്നത്. ചിലർ യുകെ എംപിയെ പിന്തുണച്ചു. മറ്റു ചിലർ മറ്റ് ഭാഷകൾ അടയാളപ്പെടുത്തിയിരിക്കുന്നത് തെറ്റല്ല എന്നും പറഞ്ഞു.

Also Read:

Health
ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കുറയ്ക്കാൻ കഴിയുന്നില്ലേ? കാരണങ്ങൾ ഇതാ...

കിഴക്കൻ ലണ്ടന് ബംഗാളി സമൂഹം നൽകിയ സംഭാവനകളെ ആദരിക്കുന്നതിനായി 2022ൽ വൈറ്റ്ചാപ്പൽ ട്യൂബ് സ്റ്റേഷനിൽ ഒരു ബം​ഗാളി സൈന്‍ബോര്‍ഡ് സ്ഥാപിച്ചിരുന്നു. മെച്ചപ്പെടുത്തലുകളുടെ ഭാ​ഗമായി വൈറ്റ്ചാപ്പൽ സ്റ്റേഷനിലുടനീളം പിന്നീട് ദ്വിഭാഷ അടയാളങ്ങൾക്ക് ടവർ ഹാംലെറ്റ്സ് കൗൺസിൽ ധനസ​ഹായം നൽകി. യുകെയിൽ ഏറ്റവും അധികം ബംഗാളി സമൂഹം വസിക്കുന്നത് ഈ പ്രദേശത്താണെന്ന് റിപ്പോർട്ടുണ്ട്.

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഈ നീക്കത്തെ പ്രശംസിച്ചിരുന്നു. ലണ്ടൻ ട്യൂബ് റെയിൽ വൈറ്റ് ചാപ്പൽ സ്റ്റേഷനിൽ ബം​ഗാളി ഭാഷയെ ഒരു സൂചനാ ഭാഷയായി അം​ഗീകരിച്ചതിൽ അഭിമാനമുണ്ട്. ഇത് 1000 വർഷം പഴക്കമുള്ള ഭാഷയുടെ വർദ്ധിച്ചുവരുന്ന ആ​ഗോള പ്രാധാന്യത്തെയും ശക്തിയേയും സൂചിപ്പിക്കുന്നതായി മമത ബാനർജി 2022 മാർച്ചിൽ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു.

Content Highlights: Elon Musk Reacts to Bengali Signboard at London station

To advertise here,contact us