കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് 10 കിലോ സൗജന്യ ബാഗേജ്; കൂടുതൽ ആനുകൂല്യങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്

കുഞ്ഞിനും മുതിര്‍ന്നവര്‍ക്കും കൂടി ഹാന്‍ഡ് ബാഗേജ് ഉള്‍പ്പെടെ 47 കിലോവരെ കൊണ്ടുപോകാം

ഇന്ത്യൻ യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്. ബാഗേജില്‍ കൂടുതല്‍ ആനുകൂല്യങ്ങളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുന്നോട്ടുവെക്കുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 30 കിലോ ചെക്ക് ഇന്‍ ബാഗേജിനും ഏഴ് കിലോ ഹാന്‍ഡ് ബാഗേജിനും പിന്നാലെയാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ എയർ ഇന്ത്യ എക്സപ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യമാണ് എയർ ഇന്ത്യ എക്സപ്രസ് അധികമായി അനുവദിക്കുന്നത്.

കുഞ്ഞിനും മുതിര്‍ന്നവര്‍ക്കും കൂടി ഹാന്‍ഡ് ബാഗേജ് ഉള്‍പ്പെടെ 47 കിലോവരെ കൊണ്ടുപോകാം. ക്യാബിന്‍ ബാഗേജില്‍ രണ്ട് ബാഗുകളാണ് അനുവദിക്കുക. രണ്ടിന്റേയും മൊത്തം തൂക്കം 7 കിലോ ആയിരിക്കണം. സീറ്റിന് താഴെയോ കയ്യിലോ പിടിക്കാന്‍ സാധിക്കുന്ന ബാഗുകളായിരിക്കണം.

ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി എക്‌സ്പ്രസ് ലൈറ്റ് എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ പുതിയ ടിക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഈ ടിക്കറ്റുകാര്‍ക്ക് മൂന്ന് കിലോ സൗജന്യ ഹാന്‍ഡ് ബാഗ് കയ്യില്‍ കരുതാവുന്നതാണ്. കൂടാതെ ലൈറ്റ് ടിക്കറ്റ് എടുത്തവര്‍ക്ക് ബാഗേജ് കൂട്ടാനും അവസരമുണ്ടാകും.

അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കി 20 കിലോ വരെ അധിക ചെക്ക് ഇന്‍ ബാഗേജും കരുതാം. ഇന്ത്യയില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അന്താരാഷ്ട്ര വിമാനങ്ങളില്‍ പുതിയ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.

Content Highlights: Air india Express Offer more baggage services

To advertise here,contact us