ബ്ലോക്കോട് ബ്ലോക്ക്… ഏറ്റവും മോശം ട്രാഫിക്… ഏഷ്യയില്‍ ഒന്നാം സ്ഥാനത്ത് ഈ ഇന്ത്യന്‍ നഗരം

ബെംഗളൂരുവില്‍ ഒരോരുത്തരും വര്‍ഷം 132 മണിക്കൂറുകള്‍ ട്രാഫിക് ബ്ലോക്കില്‍ കുടുക്കിക്കിടക്കുന്നു

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാകുന്ന നഗരങ്ങളുടെ പട്ടികയില്‍ മുന്നില്‍ ബെംഗളൂരു. 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ശരാശരി ബെംഗളൂരുവില്‍ 28 മിനിറ്റും 10 സെക്കന്റും വേണം. അതായത് ഇന്ത്യന്‍ ടെക് ഹബ്ബായ ബെംഗളൂരുവില്‍ ഒരോരുത്തരും വര്‍ഷം 132 മണിക്കൂറുകള്‍ അധികം ട്രാഫിക് ബ്ലോക്കില്‍ കുടുക്കിക്കിടക്കുന്നു. ടോംടോം ട്രാഫിക് ഇന്‍ഡക്‌സ് അനുസരിച്ചുള്ള കണക്കാണിത്.

ഏഷ്യയിലെ തന്നെ ഏറ്റവും 'മന്ദഗതി'യിലുള്ള റോഡുകളാണ് ബെംഗളൂരുവിലേതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്രയിലെ പൂനെ ആണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 27 മിനിറ്റും 50 സെക്കന്റുമാണ് 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വേണ്ട ശരാശരി സമയം. ഫിലിപ്പൈന്‍സിലെ മനിലയാണ് മൂന്നാം സ്ഥാനത്ത്. 27 മിനിറ്റും 20 സെക്കന്റുമാണ് മനിലയില്‍ 10 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വേണ്ടത്. ഇതേദൂരം പിന്നിടാന്‍ 26 മിനിറ്റും 50 സെക്കന്റും ശരാശരി സമയം എടുക്കുന്ന തായ്‌വാനിലെ തായ്ചുങ് ആണ് നാലാം സ്ഥാനത്ത്.

50ല്‍ അധികം രാജ്യങ്ങളിലെ 387 നഗരങ്ങളിലെ ട്രാഫിക് വിവരങ്ങള്‍ പരിശോധിച്ചാണ് ടോംടോം ട്രാഫിക് ഇന്‍ഡക്‌സ് തയ്യാറാക്കിയത്. ശരാശരി യാത്രാ സമയം, ഇന്ധനച്ചെലവ് തുടങ്ങിയ വിവരങ്ങളാണ് പഠനത്തിനായി പരിശോധിച്ചത്.

Content Highlights: Bengaluru Tops List Of Asia's Worst Cities For Traffic

To advertise here,contact us