'ആലിം​ഗനങ്ങൾക്ക് മൂന്ന് മിനിറ്റ് മാത്രം'; സോഷ്യൽ മീഡിയ ഏറ്റെടുത്ത് ഡനീഡിൻ എയർപോർട്ടിലെ മുന്നറിയിപ്പ്

മൂന്നുമിനിറ്റിൽ കൂടുതൽ ആലിം​ഗനം ചെയ്യുന്നത് വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ പിഴയടക്കേണ്ടി വരും

വികാരനിർഭരമായ ആലിം​ഗനങ്ങൾക്കും കണ്ണീരിൽക്കുതിർന്ന യാത്രപറച്ചിലുകൾക്കും സാക്ഷിയാകുന്ന ഇടമാണ് പലപ്പോഴും വിമാനത്താവളങ്ങൾ. പ്രിയപ്പെട്ടവർ ​ദൂരെ യാത്രയ്ക്ക് പോകുമ്പോഴേല്ലാം ഒന്ന് ആലിം​ഗനം ചെയ്താണ് നമ്മൾ അവരെ യാത്ര അയ്ക്കാറുള്ളത്. എന്നാൽ ന്യൂസിലൻഡിലെ ഡനീഡിൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണെങ്കിൽ നിങ്ങളൊന്ന് ശ്രദ്ധിക്കണം. മൂന്നുമിനിറ്റിൽ കൂടുതൽ ആലിം​ഗനം ചെയ്യുന്നത് വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽ പെട്ടാൽ പിഴകൊടുക്കേണ്ടി വരും.

സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഡ്രോപ്പ് ഓഫ് സോണിലെ തിരക്കും ​ഗതാ​ഗതക്കുരുക്കും ഒഴിവാക്കുന്നതിനുമാണ് ന്യൂസിലാൻഡിലെ സൗത്ത് ഐലൻഡിലുള്ള ഈ വിമാനത്താവളത്തിനു മുന്നിലെ ആലിം​ഗനത്തിനും പ്രിയപ്പെട്ടവരുമായുള്ള യാത്രപറച്ചിലുകൾക്കും സമയം നിശ്ചയിച്ചിരിക്കുന്നത്.

'ആലിം​ഗനത്തിനായി മൂന്ന് മിനിറ്റ് മാത്രമാണ് ഇവിടെ ചെലവഴിക്കാൻ കഴിയുക. വൈകാരികമായ യാത്രപറച്ചിലുകൾക്ക് കാർപാർക്കിങ് ഉപയോ​ഗിക്കുക' എന്നാണ് വിമാനത്താവളത്തിന് മുന്നിൽ എഴുതി വെച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിയന്ത്രണം ബോർഡാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മനുഷ്യൻ്റെ വികാരങ്ങൾക്ക് പരിധിനിശ്ചയിക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് നെറ്റിസൺസ് ചോദിക്കുന്നത്. ഇത്തരം നിയമങ്ങൾ മനുഷ്യത്വര​ഹിതമാണെന്നാണ് ചിലരുടെ അഭിപ്രായം. എന്നാൽ ഈ നിയമങ്ങൾ എങ്ങനെ നടപ്പാക്കുമെന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് മറ്റ് ചിലർ.

Content Highlights: Airport introduces time limit on hugs

To advertise here,contact us