ഉത്സവങ്ങളുടെ മാസം ഇങ്ങ് എത്തി; യാത്രക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! 6,000 സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ ഇതാ

ഒക്ടോബർ മാസം ഉയരുന്ന യാത്രക്കാരുടെ തിരക്ക് നേരിടുക എന്നതാണ് പ്രധാന ലക്ഷ്യം

ദുര്‍ഗാപൂജ, ദീപാവലി, ദസറ, നവരാത്രി തുടങ്ങി ആഘോഷങ്ങളും ഉത്സവങ്ങളും ഒന്നിനുപുറകെ ഒന്നായി വരുന്ന മാസമാണ് ഒക്ടോബര്‍. അതുകൊണ്ട് തന്നെ യാത്രക്കാരുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഈ മാസമുണ്ടാകാറുണ്ട്. ഈ തിരക്ക് മുന്‍കൂട്ടി കണ്ട് സ്‌പെഷ്യല്‍ ട്രെയ്‌നുകള്‍ അനുവദിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഏകദേശം 6,000 പ്രത്യേക ട്രെയിനുകള്‍ ആരംഭിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള റൂട്ടുകളിലാണ് ഒക്ടോബറില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. ഇവയടക്കം തിരക്കേറിയ റൂട്ടുകളിലെ 108 റെഗുലര്‍ ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നുംറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിട്ടുണ്ട്. ഈ ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ പ്രധാന ഉത്സവങ്ങളിലൊന്നായ ദുര്‍ഗ്ഗാ പൂജ ഒക്ടോബര്‍ 6 ന് ആരംഭിക്കും. തുടര്‍ന്ന് ദീപാവലി ദിനമായ 31 വരെ പ്രത്യേക ട്രെയിനുകള്‍ നല്‍കുക എന്നതാണ് ലക്ഷ്യം. ഈ ട്രെയിനുകളുടെ റൂട്ടുകളും തീയതികളും സമയവും വരും ദിവസങ്ങളില്‍ പുറത്തുവരും.

ഈ മാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് പുതിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ഈ പദ്ധതിയും പ്രഖ്യാപിച്ചിരിക്കുന്നത്.

Content Hightlights : Indian Railways Introducing 6,000 Special Trains For October Festive Rush

To advertise here,contact us