ഒക്ടോബർ മുതൽ ഫെബ്രുവരി വരെ യാത്രയുടെ സുഖകരമായ കാലം; ഇന്ത്യയിൽ ഇവിടെയെല്ലാം പോകാം

യാത്രകള്‍ പോകാന്‍ ഇഷ്ടപ്പെടുന്നവരാണോ? ബാഗ് പാക്ക് ചെയ്‌തോളൂ. അടുത്തമാസം മുതല്‍ ട്രിപ്പ് തുടങ്ങാം

1 min read|22 Sep 2024, 03:07 pm

വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാന്‍ കഴിയുന്ന ധാരാളം അതിമനോഹരമായ സ്ഥലങ്ങളാല്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. വരുന്ന മാസം അതായത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെ ഇന്ത്യയില്‍ ഉറപ്പായും സന്ദര്‍ശിച്ചിരിക്കേണ്ട ചില സ്ഥലങ്ങളുണ്ട്. മഴമാറി ശരത്കാലവും ശീതകാലവുമൊക്കെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ഈ മാസങ്ങള്‍ പ്രകൃതി ഭംഗികൊണ്ടും സുഖകരമായ കാലാവസ്ഥകൊണ്ടും യാത്രയ്ക്ക് ഏറ്റവും മികച്ചതാണ്.

മുംബൈ

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന 30-ാമത്തെ നഗരമാണ് മുംബൈ. ട്രോപ്പിക്കല്‍ കാലാവസ്ഥ ആയതിനാല്‍ വര്‍ഷത്തില്‍ പലതരം കാലാവസ്ഥകളാണ് മുംബൈയില്‍ അനുഭവപ്പെടാറുള്ളത്. ഒക്ടോബര്‍ മാസത്തിന് ശേഷം മാര്‍ച്ച് വരെ വളരെ നല്ല കാലാവസ്ഥയാണ് ഇവിടെ. ഒക്ടോബറില്‍ നഗരം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ മാസമാണ്. കാഴ്ചകള്‍ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനും ഈ കാലാവസ്ഥ സുഖകരമാണ്. കലകൾ ഇഷ്ടപ്പെടുന്നവര്‍ക്കും മുംബൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയമാണ് ഈ കാലയളവ്. തണുത്ത കാറ്റ് ആസ്വദിക്കാനും പ്രകൃതിയുടെ മനോഹാരിതയിലേക്ക് ഇറങ്ങിച്ചെല്ലാനും യോജിച്ച സമയവും കൂടിയാണിത്.

കൊല്‍ക്കത്ത

പശ്ചിമ ബംഗാളിലെ ജോയ് സിറ്റിയാണ് കൊല്‍ക്കത്ത. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ കാണുവാനും ആസ്വദിക്കുവാനും ഇഷ്ടപ്പെടുന്ന സ്ഥലം കൂടിയാണിവിടം. ബ്രിട്ടീഷ് ഭരണകാലത്തെ വാസ്തുവിദ്യകള്‍, വിശാലമായ പൂന്തോട്ടങ്ങള്‍, ചരിത്ര സര്‍വ്വകലാശാലകള്‍, മ്യൂസിയങ്ങള്‍, നാഷണല്‍ ലൈബ്രറി, ഓഡിറ്റോറിയങ്ങള്‍, തിയേറ്റര്‍ ഹാളുകള്‍, ആര്‍ട്ട് ഗ്യാലറികള്‍, മാര്‍ക്കറ്റുകള്‍, ഫെസ്റ്റിവെലുകള്‍, സ്‌പോര്‍ട്‌സ് സ്റ്റേഡിയം, ഗംഗാര്‍ ഘട്ടുകള്‍ എന്നിവയെല്ലാം കൊണ്ട് ആകര്‍ഷകമാണ് കൊല്‍ക്കത്ത. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുളള സമയങ്ങളാണ് കൊല്‍ക്കത്ത സന്ദര്‍ശിക്കാന്‍ അനുയോജ്യം.നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുളള ശൈത്യകാലമാണ് പശ്ചിമബംഗാളിന്റെ ഭംഗി ആവോളം നുകരാന്‍ അനുയോജ്യം. ആ കാലയളവില്‍ 12-25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉണ്ടാവുക. പ്രസിദ്ധമായ കൊല്‍ക്കത്ത ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലും പുഷ്പമേളയുമൊക്കെ നടക്കുന്നതും ശീതകാലത്താണ്.

ചെന്നെ

ചെന്നെ സന്ദര്‍ശിക്കാനുള്ള ഏറ്റവും അനുകൂലമായ കാലാവസ്ഥ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുളള മാസങ്ങള്‍ക്കിടയിലാണ്. മണ്‍സൂണിന്റെ അവസാനം മുതല്‍ ശൈത്യം വരെയുളള സമയം. ഈ സമയത്ത് ചെന്നൈയിലെ കാലാവസ്ഥ വളരെ സുഖകരമാണ്. വേനല്‍ച്ചൂടിന്റെ കാഠിന്യമില്ലാതെ നിങ്ങള്‍ക്ക് ചുറ്റുമുള്ള കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയും. ശൈത്യകാലത്ത് ചെന്നൈയില്‍ നിരവധി പരമ്പരാഗത ഉത്സവങ്ങളുണ്ട്. അവയിലൊക്കെ പങ്കെടുക്കാന്‍ ഏറ്റവും അനുയോജ്യമായ സമയവും കൂടിയാണ് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുളള കാലം.

ഗോവ

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഗോവ സമ്പന്നമായ ചരിത്രമുറങ്ങുന്ന ഒരു പോര്‍ച്ചുഗീസ് കോളനിയാണ്. ഇന്ത്യന്‍ പോര്‍ച്ചുഗീസ് സംസ്‌കാരവും, കലയും വാസ്തുവിദ്യയും കോര്‍ത്തിണക്കിയ പാരമ്പര്യവും ഒക്കെയടങ്ങിയ ആഘോഷങ്ങളുടെ നാടാണ് ഗോവ എന്ന മാന്ത്രിക ഭൂമി. മനോഹരമായ കടല്‍ത്തീരങ്ങളും രാത്രിജീവിതവും ഗോവയെ വേറിട്ട് നിര്‍ത്തുന്നു. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുളള സമയം ഗോവ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ശൈത്യകാലത്തെ സുഖകരമായ കാലാവസ്ഥ വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നു.

വാരാണസി

ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങളിലൊന്നാണ് കാശി അല്ലെങ്കില്‍ ബനാറസ് എന്നറിയപ്പെടുന്ന വാരാണസി. ഗംഗാനദിയുടെ തീരത്തുള്ള ഈ പുണ്യനഗരം ആത്മീയതയുടെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും ഒരു സംഗമ ഭൂമിയാണ്. ഇന്ദ്രിയങ്ങളെ ആകര്‍ഷിക്കാനും ആത്മാവിനെ ഉണര്‍ത്താനും കഴിയുന്ന നിരവധി ആകര്‍ഷണങ്ങള്‍ വാരണാസി നമുക്ക് ഒരുക്കിത്തരുന്നുണ്ട്. വാരണാസിയില്‍ ചൂടുകുറയുന്നത് ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ്. വേനല്‍ക്കാലത്ത് വാരണാസിയിലെ കാലാവസ്ഥ വളരെ മോശവുമാണ്.

ജയ്പൂര്‍

രജപുത്രന്‍മാരുടെ ചരിത്രംകൊണ്ടും വ്യത്യസ്തമായ ഭൂപ്രകൃതികൊണ്ടും പ്രശസ്തമായ സ്ഥലമാണ് രാജസ്ഥാന്‍.രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂര്‍ അവിടുത്തെ ഏറ്റവും വലിയ നഗരവും. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ജയ്പൂര്‍ ഇതിന്റെ സംസ്‌കാരവും പാരമ്പര്യവും വാസ്തുവിദ്യയും ഒക്കെക്കൊണ്ട് വേറിട്ട് നില്‍ക്കുന്നു. പുരാതന ഹിന്ദുവാസ്തുവിദ്യ മുതല്‍ പാശ്ചാത്യ വാസ്തുവിദ്യവരെ ഈ നഗരത്തിന്റെ പ്രത്യേകതയാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയമാണ് ജയ്പൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണ് ജയ്പൂരില്‍ ഏറ്റവും സുഖകരവുമായ കാലാവസ്ഥയുളളത്.

മേഘാലയയിലെ ഷില്ലോങ്

വടക്കുകിഴക്കന്‍ ഇന്ത്യയിലെ പച്ചപുതച്ച കുന്നുകളില്‍ സ്ഥിതിചെയ്യുന്ന മേഘാലയ, അതിമനോഹരമായ ഭൂപ്രകൃതികള്‍, വെള്ളച്ചാട്ടങ്ങള്‍, മനോഹരമായ വനങ്ങള്‍, ഇരുണ്ട ഗുഹകള്‍, ആകര്‍ഷകമായ സാംസ്‌കാരങ്ങള്‍ എന്നിവയാല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.വളരെ മനോഹരമായ വടക്കുകിഴക്കന്‍ നഗരമായ ഷില്ലോങ്, മേഘാലയയുടെ തലസ്ഥാനം കൂടിയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച നഗരമാണ് ഷില്ലോങ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് മാസംവരെയാണ് മലനിരകളില്‍ മഞ്ഞുകാലത്തിന്റെ സുഖം അനുഭവിക്കാന്‍ കഴിയുന്നത്. മനോഹരമായ പെയിന്റിംഗ് പോലെയായിരിക്കും ആ കാലയളവില്‍ അവിടുത്തെ പ്രകൃതി ഭംഗി. നഗരത്തിലെ ഉത്സവങ്ങളുടെ കാലവും കൂടിയാണിത്.

ഒഡീഷയിലെ ഭുവനേശ്വര്‍

നിറഞ്ഞുനില്‍ക്കുന്ന ചരിത്രവും അതിന്റെ അവശേഷിപ്പുകളും കാത്തുസൂക്ഷിക്കുന്ന സംസ്ഥാനമാണ് മുന്‍പ് ഒറീസ എന്നറിയപ്പെട്ടിരുന്ന ഒഡീഷ. ഒഡീഷയിലെ ഏറ്റവും വലിയ നഗരമായ ഭുവനേശ്വര്‍, ക്ഷേത്രങ്ങള്‍, തടാകങ്ങള്‍, ഗുഹകള്‍, മ്യൂസിയം, ഉദ്യാനം, അണക്കെട്ടുകള്‍ എന്നിങ്ങനെ പല വ്യത്യസ്തതകള്‍കൊണ്ടും പേരുകേട്ടതാണ്. ഒക്ടോബറില്‍ തുടങ്ങി ഫെബ്രുവരി വരെ നീണ്ടുനില്‍ക്കുന്ന ശീതകാലമാസങ്ങാണ് ഭുവനേശ്വറിനെ ആസ്വദിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

To advertise here,contact us