എന്തുകൊണ്ടാണ് വിമാന യാത്രക്കാര് ഇടതുവശത്തുകൂടി വിമാനത്തില് കയറുന്നതെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതൊരു ചെറിയ കാര്യമായി തോന്നുമെങ്കിലും ഈ രീതിയ്ക്ക് പിന്നില് സുഗമമായ ബോര്ഡിംഗ് പ്രക്രിയയ്ക്കും മെച്ചപ്പെട്ട സുരക്ഷയ്ക്കും കാരണമാകുന്ന പലതുമുണ്ട്. ജറ്റ്ബ്ലൂവിലെ പൈലറ്റും ഇന്ത്യന് എയര് ഫോഴ്സിന്റെ മുന് മിലിട്ടറി ഫൈറ്റര് പൈലറ്റുമായ സന്ദീപ് ചന്ദ്ര ഒരു ദേശീയ മാധ്യമത്തോട് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചു.
വിമാനത്തിന്റെ ഇടതുവശത്ത് നിന്ന് യാത്രക്കാരെ കയറ്റുന്ന രീതി പുരാതന കാലംമുതല് ഉണ്ടായിരുന്ന സമുദ്ര പാരമ്പര്യത്തില് വേരൂന്നിയതാണ്. മുന്പ് കടല്യാത്ര പ്രശസ്തമായിരുന്ന കാലത്ത് യാത്രക്കാര്ക്ക് ഇടതുവശത്തുനിന്ന് ഇറങ്ങാന് പാകത്തിലായിരുന്നു കപ്പലുകള് രൂപകല്പ്പന ചെയ്തിരുന്നത്. തുറമുഖങ്ങളില് കപ്പലുകള് ഇടതുവശത്ത് നങ്കൂരമിടുന്നതിനാലാണ് ഇങ്ങനെ ചെയ്തിരുന്നത്.പിന്നീട് വിമാന യാത്ര വിപുലമായിത്തുടങ്ങിയ കാലത്ത് ഈ സമുദ്രപാരമ്പര്യം അവിടെയും പ്രതിഫലിച്ചു. ഇടതുവശത്തുനിന്ന് യാത്രക്കാര് കയറുന്ന രീതിയിലാണ് വിമാനങ്ങളും രൂപ കല്പ്പന ചെയ്തത്. സമുദ്രയാത്രയും വിമാനയാത്രയും തമ്മില് വളരെ അന്തരമുണ്ടായിട്ടും ആ സമുദ്ര പാരമ്പര്യം വിമാന യാത്രയിലും ഒരു മാനദണ്ഡമായി മാറി.
ഫ്ളൈറ്റുകളിൽ ഇടതുവശം യാത്രക്കാർക്ക് കയറുന്നതിനും ഇറങ്ങുന്നതിനും വലതുവശം കേറ്ററിംഗ് സര്വ്വീസിനും മറ്റ് സേവനങ്ങള്ക്കും വേണ്ടിയാണ് ക്രമീരിച്ചിരിക്കുന്നത്. ഇത് വിമാന യാത്രയുടെ സേവനത്തില് കാര്യക്ഷമത ഉറപ്പാക്കി. പ്രത്യേകിച്ച് വിമാനത്താവളങ്ങളിലെ ജെറ്റ് ബ്രിഡ്ജുകള് (ടെര്മിനലിനെ വിമാനവുമായി ബന്ധിപ്പിക്കുന്ന ചലിക്കുന്ന നടപ്പാതകള്) ഇടതുവശത്ത് ബോര്ഡിംഗിന് കഴിയുന്ന രീതിയിലാണ് രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഇത് യാത്രക്കാരുടെ ക്രമാതീതമായ ഒഴുക്ക് നിയന്ത്രിക്കാന് സഹായിക്കുന്നു.
ഇന്ഡിഗോ പോലുള്ള വിമാന കമ്പനികള് ഇടതുവശം മാത്രമല്ല വിമാനത്തിന്റെ ഇരുവശവും ഉപയോഗപ്പെടുത്തുന്ന രീതിയിലുള്ള ത്രീ ഡോര് സിസ്റ്റം ഉപയോഗിക്കുന്നത് പോലുള്ള ബദല് ബോര്ഡിങ് തന്ത്രങ്ങള് പരീക്ഷിച്ചുകഴിഞ്ഞു. പക്ഷെ ഈ സമ്പ്രദായം വ്യാപകമായിട്ടില്ല. ജെറ്റ് ബ്രിഡ്ജുകള് ഉപയോഗിക്കുമ്പോൾ ഇത് പ്രായോഗികമല്ല. സ്റ്റെപ്പ് ഗോവണികൾ ബോര്ഡിംഗിനായി ഉപയോഗിക്കാൻ കഴിയുമ്പോഴാണ് ഇത് പ്രയോജനപ്രദമാകുക. ഇത്തരത്തില് ഇരുവശത്തുനിന്നും യാത്രക്കാരെ പ്രവേശിക്കാനും പുറത്തുകടക്കാനും അനുവദിക്കുന്നതിലൂടെ, വിമാനക്കമ്പനിക്ക് ബോര്ഡിംഗ്, ഇറങ്ങല് സമയം കുറയ്ക്കാന് കഴിയുമെന്നും അതുമൂലം ഗ്രൗണ്ടില് സമയം ലാഭിക്കാമെന്നും സന്ദീപ് ചന്ദ്ര പറയുന്നു.