'പൊന്നാമ്പൽ പുഴയിലന്ന്...' വിട്ടാലോ മലരിക്കലേക്ക്

പിങ്ക് നിറത്തിലെ പാതിവിരിഞ്ഞ നിൽക്കുന്ന പൂക്കൾക്കിടയിലൂടെ സന്ദർശനത്തിനിറങ്ങുന്ന വെള്ള കൊറ്റികളും, പൂക്കളെ വകഞ്ഞു മാറ്റി പോകുന്ന ചെറു വള്ളങ്ങളുമെല്ലാം മലരിക്കലിലെ ഓരോ ചിങ്ങ മാസ പുലരികളിലെയും സ്ഥിരം കാഴ്ചയാണ്.

നീണ്ടു നിവർന്ന് കിടക്കുന്ന പാടങ്ങളിൽ ആമ്പൽ പൂക്കൾ വിരുന്നുവരുന്നത് മലരിക്കൽ നിവാസികൾക്ക് ഒരു പുതു കാഴ്ചയല്ല, എന്നാൽ ഇവിടേക്കെത്തുന്ന ഓരോ സഞ്ചാരികൾക്കും അതൊരു പുതു അനുഭവമാണ്. പിങ്ക് നിറത്തിലെ പാതിവിരിഞ്ഞ നിൽക്കുന്ന പൂക്കൾക്കിടയിലൂടെ സന്ദർശനത്തിനിറങ്ങുന്ന വെള്ള കൊറ്റികളും, പൂക്കളെ വകഞ്ഞു മാറ്റി പോകുന്ന ചെറു വള്ളങ്ങളുമെല്ലാം മലരിക്കലിലെ ഓരോ ചിങ്ങ മാസ പുലരികളിലെയും സ്ഥിരം കാഴ്ചയാണ്. ആമ്പൽ പൂ ശേഖരം തേടിയെത്തുന്ന ഓരോ കാഴ്ചക്കാരനെയും അതിന്റെ ഭംഗിയുടെ പൂര്ണത അറിയിച്ചിട്ടേ മലരിക്കൽ തിരിച്ചയക്കുകയുള്ളു എന്ന് തീർച്ച.

ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പൂക്കുന്ന പൂക്കൾ ചിലയിടങ്ങളിൽ നവംബർ വരെ കാണാനാകും. മലരിക്കലിന് അടുത്ത് തന്നെയുള്ള കൊല്ലാടും അമ്പാട്ടുകടവിലും സമാനമായ കാഴ്ച കാത്തിരിപ്പുണ്ട്. കൊയ്ത്ത് കാലത്തിനുശേഷം പാടത്ത് വീണു കിടക്കുന്ന വിത്തുകളിൽ നിന്ന് ആമ്പൽ ചെടികൾ പൂവിടാൻ തുടങ്ങും. പതിയെ പാടങ്ങൾ മുഴുവൻ ഈ ആമ്പൽ പൂക്കൾ കൈയേറും. സൂര്യോദയ അസ്തമയ സമയങ്ങളിലാണ് കാഴ്ചയ്ക്ക് ഭംഗിയേറുക.

മലരിക്കലിൽ എങ്ങനെ എത്താം ?

കോട്ടയത്തെ ഇല്ലിക്കൽ കവലയിൽ എത്തിയതിന് ശേഷം, തിരുവാർപ്പ് റോഡിൽ ഇടത്തോട്ട് തിരിയുക. കാഞ്ഞിരം ബോട്ട് ജെട്ടി റോഡിൽ എത്തിയതിന് ശേഷം കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ അതിമനോഹരമായ മലരിക്കൽ ആമ്പൽ പാടങ്ങൾ കാണാം. കുമരകത്ത് നിന്ന് 9 കിലോമീറ്ററും കോട്ടയത്ത് നിന്ന് ഏഴര കിലോമീറ്ററും സഞ്ചരിച്ചാൽ കാഞ്ഞിരം മലരിക്കലിൽ എത്തിച്ചേരാം. ആമ്പൽ പാടങ്ങൾക്കിടയിലൂടെ വള്ളത്തിൽ യാത്ര ചെയ്യാനുള്ള നിരക്ക് ഒരാൾക്ക് നൂറ് രൂപയാണ്. നൂറ് രൂപകൊടുത്തുള്ള ആമ്പൽ ചെടികൾക്കിടയിലെ യാത്ര മനസ് നിറയ്ക്കുമെന്ന കാര്യം തീർച്ച.

To advertise here,contact us