'നേരാണ് നുമ്മട കൊച്ചി...'; അടുത്ത വർഷം ഏഷ്യയിൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാമത്

സുസ്ഥിര വികസനം, മികച്ച ജലഗതാഗതം, ഉത്സവങ്ങൾ എന്നിവയാണ് കൊച്ചിയുടെ പ്രധാന ആകർഷകമായി വിവരിക്കുന്നത്

അടുത്ത വർഷം ഏഷ്യയിൽ ഉറപ്പായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തി കൊച്ചി. ലോകപ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ കൊണ്ടെ നാസ്റ്റ് ട്രാവലറിന്റെ പട്ടികയിലാണ് കൊച്ചി ഒന്നാമതെത്തിയത്. സുസ്ഥിര വികസനം, മികച്ച ജലഗതാഗതം, ഉത്സവങ്ങൾ എന്നിവയാണ് കൊച്ചിയുടെ പ്രധാന ആകർഷകമായി വിവരിക്കുന്നത്.

പത്ത് ദ്വീപുകളെ ബന്ധിപ്പിക്കുന്ന 78 കിലോമീറ്റർ ദൈർഘ്യമുളള വാട്ടർമെട്രോ വിപ്ലവകരമായ മാറ്റമാണ്. 2024 അവസാനത്തോടെ ഇത് പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുമെന്നത് പ്രതീക്ഷയുണർത്തുന്ന വസ്തുതയാണെന്ന് മാസിക വിലയിരുത്തി. പൂര്ണമായും സൗരോര്ജ്ജത്തില് പ്രവര്ത്തിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളം കൊച്ചിയിലാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്മിനലും കൊച്ചിയിലാണെന്ന് ലേഖനത്തില് പറയുന്നു.

മൂന്നാര് മുതല് കോഴിക്കോട് വരെയും, പൂരനഗരമായ തൃശൂര് മുതല് ബിനാലെ നടക്കുന്ന കൊച്ചി വരെയുമുള്ള ടൂറിസം ഇടനാഴി മികച്ചതാണ്. ചൈനീസ് വലയിലെ മീന് പിടുത്തവും, കണ്ടല്ക്കാടുകളിലൂടെയുള്ള വഞ്ചിയാത്രയും, ഭാരതപ്പുഴയിലൂടെയുള്ള യാത്രയുമെല്ലാം സഞ്ചാരികളെ ആകര്ഷിക്കും. പൊക്കാളിപ്പാടങ്ങള്, പാലക്കാടന് ഗ്യാപ്പ്, പൊന്നാനി അങ്ങാടി എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുമെന്നാണ് ലേഖനത്തിലെ വിലയിരുത്തൽ.

'ഈ ബോഗികൾ സഞ്ചരിക്കാനുള്ളതല്ല'; ട്രെയിൻ കാരവൻ ഒരുക്കി റെയിൽവേ, കാരണമറിയാമോ?

കൊണ്ടെ നാസ്റ്റ് ട്രാവലറിന്റെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ നഗരമാണ് കൊച്ചി. ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ നിഷ്കർഷ എന്നിവയാണ് ഈ നേട്ടത്തിനു പിന്നിലെന്നു ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ജനസമൂഹത്തിന്റെ വൈവിദ്ധ്യങ്ങള്, സാംസ്ക്കാരിക ഉത്സവങ്ങള്, പൈതൃക-ആധുനിക നാഗരികത എന്നിവയാണ് കൊച്ചിയെ വേറിട്ടു നിറുത്തുന്നതെന്ന് ടൂറിസം സെക്രട്ടറി കെ ബിജു പറഞ്ഞു.

To advertise here,contact us