തലയണയിലോ ഹെയര്ബ്രഷിലോ ഒന്നോ രണ്ടോ മുടിയിഴകള്‍ കണ്ടാല്‍ പോലും ടെൻഷൻ അടിക്കാറുണ്ടോ? വിഷമിക്കേണ്ട, അത്തരം സാഹചര്യങ്ങൾ വലിയ കാര്യമാക്കേണ്ട കാര്യമല്ല. സീസണുകള്‍ മാറുന്നത് അനുസരിച്ച്, മുടികൊഴിച്ചിലിന്റെ രീതിയിൽ മാറ്റങ്ങള്‍ ഉണ്ടാകാം. എന്നാൽ അമിതമായ രീതിയിലാണ് മുടി നഷ്ടമാകുന്നതെങ്കിലോ? എന്തെങ്കിലും ആരോഗ്യപ്രശ്നം മൂലമാണോ അതോ ബാഹ്യമായ എന്തെങ്കിലും ഘടകമാണോ മുടി കൊഴിയാന്‍ കാരണമെന്നൊരു സംശയം ഉണ്ടാകാം. മുടിയിഴകള്‍ ഒരു പരിധിവരെ നഷ്ടമാകുന്നത് സാധാരണ കാര്യമാണെങ്കിലും അമിതമായി മുടി കൊഴിയുക, മുടിയുടെ ഉള്ള് കുറയുക, അറ്റം പൊട്ടുക തുടങ്ങിയ പ്രശ്നങ്ങള്‍ അവഗണിക്കരുത്.
സാധാരണയായി മുടി കൊഴിഞ്ഞാല്‍ അത് പതിയെ തന്നെ വളര്‍ന്നു വരും. മുടിയുടെ ആരോഗ്യത്തിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് അതിലൂടെ മനസിലാകുകയും ചെയ്യും. അമേരിക്കന്‍ അക്കാദമി ഒഫ് ഡെര്‍മറ്റോളജി പ്രകാരം അമ്പത് മുതല്‍ നൂറ് മുടിയിഴകള്‍ കൊഴിയുന്നത് സാധാരണയാണ്. നിങ്ങളുടെ മുടിയുടെ നീളം, മുടി നിരന്തരം കഴുകുന്ന രീതി, എങ്ങനെയാണ് മുടി ചീകുന്നത് എന്നതെല്ലാം മുടി കൊഴിയുന്നതിനെ സ്വാധീനിക്കും. ശൈത്യകാലങ്ങളില്‍ മുടി കൊഴിയുന്നതിന്റെ അളവ് കൂടുന്നതായി കണ്ടുവരാറുണ്ട്. എന്നാല്‍ അത് വലിയ കാര്യമായി കാണേണ്ടതില്ല. എന്നാല്‍ നിങ്ങളുടെ മുടി രണ്ട് ഭാഗമായി മാറ്റുമ്പോള്‍ അതിനിടയിലെ വിടവ് അധികമായി തോന്നിയാല്‍ ശ്രദ്ധിക്കണം. മാത്രമല്ല നെറ്റിയ്ക്ക് ചുറ്റുമുള്ള മുടിയുടെ അളവ് കുറഞ്ഞുവന്നാല്‍ മുടി വളരുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടെന്ന് സംശയിക്കേണ്ടി വരും.
അമിതമായ ആശങ്ക, കടുത്ത പനി, പെട്ടെന്നുള്ള ശരീരഭാരത്തിലെ മാറ്റം, ചില ശസ്ത്രക്രിയകള്‍, പോസ്റ്റ്പാര്‍ട്ടം ഹോര്‍മോണ്‍ മാറ്റങ്ങള്‍ തുടങ്ങിയവ മുടിയുടെ വളര്‍ച്ചയെ ബാധിക്കാം. രണ്ടോ മൂന്നോ മാസം ഇതുമൂലം അമിതമായി മുടികൊഴിയാം. എന്നാല്‍ മുടി അമിതമായി കൊഴിയുന്നത്, കഷണ്ടി പോലെയുള്ള പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്, മുടിയുടെ കട്ടി കുറയുന്ന അവസ്ഥ, തലയോട്ടിയിലെ ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, ചുവന്നതടിപ്പ് എന്നിവ ദീര്‍ഘകാലം നീണ്ടുനിന്നാല്‍ വീട്ടിലെ പൊടിക്കൈകള്‍ ഉപേക്ഷിച്ച് ഡോക്ടറെ കാണണം.
ഡോക്ടര്‍മാര്‍ രക്തപരിശോധനയിലൂടെ ഇരുമ്പിന്റെ കുറവാണോ, തൈറോയ്ഡ് പ്രശ്നങ്ങളാണോ മുടികൊഴിച്ചിലിന് കാരണമെന്ന് കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യും. കൃത്യമായ പരിശോധനകളില്ലാതെ മറ്റ് മരുന്നുകള്‍ ഉപയോഗിച്ചാല്‍ ഗുണത്തെക്കാള്‍ ഏറെ ദോഷമാകും സംഭവിക്കുക.
മുടിയുടെ സംരക്ഷണത്തിനായി ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് കഴിക്കുന്ന ഭക്ഷണത്തിലാണ്. പ്രോട്ടീനും ഇരുമ്പും അടങ്ങിയ ഭക്ഷണം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇറുകിയ രീതിയിലുള്ള ഹെയര്‍ സ്റ്റൈലുകള്‍ ഒഴിവാക്കാം. മുടി ഹീറ്റ് ചെയ്യുക, ടവല്‍ ഉപയോഗിച്ച് കടുത്ത രീതിയില്‍ മുടി ഉണക്കുക എന്നീ ശീലങ്ങള്‍ അവസാനിപ്പിക്കണം. ഇത്തരം കാര്യങ്ങള്‍ മുടിയുടെ വേരുകൾക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
(ശ്രദ്ധിക്കുക: ആരോഗ്യ-ഫിറ്റ്നസ് ഉപദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ഈ ലേഖനം പൊതുവായ വിവരങ്ങള്‍ മാത്രമാണ് നല്‍കുന്നത്. ഇതിനെ ഒരു വിദഗ്ദ്ധനായ ഡോക്ടറിന്റെ ഉപദേശത്തിന് പകരമായി കണക്കാക്കരുത്. കൃത്യമായ ആരോഗ്യ നിര്‍ണയത്തിനായി എല്ലായ്പോഴും ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ ഉപദേശം തേടുക)
Content Highlights: Noticing hair strands on your pillow after waking up may raise concerns about hair loss. Understanding the possible causes of hair shedding during sleep and following proper hair care practices can help maintain healthy hair