നിങ്ങള്‍ ഒരു പാരാസോഷ്യല്‍ ബന്ധത്തിലാണോ? ലക്ഷണങ്ങള്‍ ഇവയാണ്

ആ വ്യക്തി നിങ്ങളുടെ പ്രിയപ്പെട്ട ആരോ ആണെന്ന് തോന്നുന്നുണ്ടോ? എന്താണ് പാരാസോഷ്യല്‍ ബന്ധം? ഒരാള്‍ അത്തരത്തിലൊരു ബന്ധത്തിലാണെന്നതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്

ഒരു വ്യക്തിക്ക് പല തരത്തിലുളള ബന്ധങ്ങള്‍ പല വ്യക്തികളുമായും ഉണ്ടാകാം. വ്യക്തിബന്ധങ്ങളും, സോഷ്യല്‍ മീഡിയയിലെ അപരിചിതരായ സുഹൃത്തും ഒക്കെ അതില്‍ ഉള്‍പ്പെടാം. എന്നാല്‍ എപ്പോഴെങ്കിലും 'പാരാസോഷ്യല്‍ റിലേഷന്‍' എന്ന പദം നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്ത് തരത്തിലുള്ള ബന്ധമായിരിക്കും അത്. അറിയാം പുതിയ തരത്തിലുള്ള ഒരു ബന്ധത്തെക്കുറിച്ച്…

സോഷ്യല്‍ മീഡിയയിലൂടെ സെലിബ്രിറ്റികള്‍ യൂട്യൂബര്‍മാര്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിങ്ങനെ പലരുമായും മുമ്പത്തെക്കാള്‍ എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിയുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അവരുടെ വീഡിയോകള്‍, എഴുത്തുകള്‍, ഫോട്ടോകള്‍ എല്ലാം നാം നിരന്തരം കാണുകയും വിവരങ്ങള്‍ അറിയുകയും ചെയ്യാറുണ്ട്. ഇങ്ങനെയുള്ള ചില കാര്യങ്ങള്‍ക്കിടെയാണ് ഒരു പാരാസോഷ്യല്‍ ബന്ധം പ്രസക്തമാകുന്നത്.

എന്താണ് പാരാസോഷ്യല്‍ റിലേഷന്‍

പാരാസോഷ്യല്‍ ബന്ധം എന്നാല്‍ ഒരാളുടെ മാത്രം ഉള്ളില്‍ തോന്നുന്ന അസന്തുലിതമായ ബന്ധമാണ്. ഉദാഹരണത്തിന് ഒരു സെലിബ്രിറ്റിയുമായോ അല്ലെങ്കില്‍ ഒരു സാങ്കല്‍പ്പിക കഥാപാത്രവുമായോ നേരിട്ട് ഒരു ബന്ധവും ഇല്ലാതെ അവരോട് വൈകാരിക അടുപ്പം തോന്നുകയാണ് ഇവിടെ. 1950കളില്‍ സാമൂഹിക ശാസ്ത്രജ്ഞരായ ഡോണാള്‍ഡ് ഹോര്‍ട്ടണും റിച്ചാര്‍ഡ് വോളുമാണ് ഇത്തരം ബന്ധത്തെക്കുറിച്ച് ആദ്യം ലോകത്തിന് പരിചയപ്പെടുത്തുന്നത്. അന്നത്തെ കാലത്ത് ടെലിവിഷനിലൂടെ കാണുന്ന വ്യക്തികളുമായാണ് ചിലര്‍ ഇത്തരത്തില്‍ പാരാസോഷ്യല്‍ ബന്ധം പുലര്‍ത്തിയിരുന്നത്.പിന്നീട് സോഷ്യല്‍ മീഡിയയുടെ വരവോടുകൂടി ഈ പ്രതിഭാസം വളരെയധികം വളര്‍ന്നു.

പാരാസോഷ്യല്‍ ബന്ധങ്ങള്‍ വ്യക്തിപരമായ ഒരു ബന്ധത്തിന്റെ മിഥ്യാധാരണ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് നിങ്ങള്‍ ഒരു പ്രത്യേക യൂട്യൂബറെയോ സിനിമാ താരത്തേയോ നിരന്തരമായി സോഷ്യല്‍ മീഡിയയിലൂടെ പിന്തുടരുകയാണെന്ന് കരുതുക. അപ്പോള്‍ അവരുടെ വ്യക്തിത്വത്തെയും ജീവിത തിരഞ്ഞെടുപ്പുകളെയും പോലും നിങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് തോന്നിയേക്കാം. കാലക്രമേണ അയാളുടെ വിജയവും പരാജയവും ബന്ധങ്ങളും വിവാദങ്ങളും പോലും നിങ്ങള്‍ക്ക് വൈകാരികമായി തോന്നാം.അങ്ങനെ നിങ്ങള്‍ക്ക് അവരെ വ്യക്തിപരമായി അറിയാമെന്ന് തോന്നും.

ഏകാന്തതയും പാരാസോഷ്യല്‍ ബന്ധങ്ങളും

ഏകാന്തതയും പാരാസോഷ്യല്‍ ബന്ധങ്ങളും തമ്മില്‍ പോസിറ്റീവായ ഒരു ബന്ധം പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഏകാന്തതയോ സാമൂഹിക ഒറ്റപ്പെടലോ അനുഭവിക്കുന്ന പലര്‍ക്കും ഇത്തരം കാര്യങ്ങള്‍ ഉപകാരപ്പെടും. സാമൂഹിക ബന്ധം നിലനിര്‍ത്തുന്ന ഫീല്‍ ഉണ്ടാവുകയും വ്യക്തികള്‍ക്ക് തങ്ങള്‍ക്ക് ഒരു സുഹൃത്തോ കൂട്ടാളിയോ ഉണ്ടായിട്ടുണ്ടെന്ന് തോന്നുകയും ചെയ്യാം. എന്നിരുന്നാലും പാരാസോഷ്യല്‍ ബന്ധങ്ങള്‍കൊണ്ട് ഏകാന്തതയില്‍നിന്ന് താല്‍കാലികമായി രക്ഷപെടാന്‍ സാധിക്കുമെങ്കിലും അവയ്ക്ക് യഥാര്‍ഥ ജീവിത ബന്ധങ്ങളെ പൂര്‍ണമായും മാറ്റിസ്ഥാപിക്കാന്‍ കഴിയില്ല എന്ന് മനസിലാക്കേണ്ടത് പ്രധാനമാണ്.

ഒരാള്‍ പാരാസോഷ്യല്‍ ബന്ധത്തിലാണെന്ന് എങ്ങനെ മനസിലാക്കാം

ഒരു സെലിബ്രിറ്റിയോടോ മറ്റേതെങ്കിലും പ്രശസ്തരായ വ്യക്തികളോടോ ഉള്ള എല്ലാ ആരാധനയും ഒരു പാരാസോഷ്യല്‍ ബന്ധമല്ല. അതിനപ്പുറം ഒരു ബന്ധം ആഴമേറിയ വൈകാരിക മേഖലയിലേക്ക് കടന്നിരിക്കാം എന്ന് സൂചിപ്പിക്കുന്ന ചില അടയാളങ്ങളുണ്ട്. ആളുകള്‍ സ്വന്തം ജീവിതത്തെ മറ്റേയാളുടെ ജീവിതശൈലിയുമായി താരതമ്യം ചെയ്യാന്‍ തുടങ്ങുമ്പോള്‍ അത് അപകടമാകും. ഇത് യാഥാര്‍ഥ്യബോധമില്ലാത്ത പ്രതീക്ഷകളിലേക്കോ സ്വയം സംശയത്തിലേക്കോ നയിച്ചേക്കാം. വിനോദത്തിനും ആസ്വാദനത്തിനുമായി സോഷ്യല്‍ മീഡിയയും മറ്റും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. പക്ഷേ അത് ബന്ധത്തിന് പകരമാകുമ്പോള്‍ അതില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കണം.

To advertise here,contact us