വാട്ടർ പ്യൂരിഫയർ ഉണ്ടല്ലോ എന്ന് കരുതി സമാധാനിക്കണ്ട; കുടിക്കുന്നത് ശുദ്ധജലമാണോ എന്ന് എങ്ങനെ ഉറപ്പാക്കാം?

വാട്ടർ ഫിൽട്ടറുകളുടെ പ്രവർത്തനക്ഷമത ഉറപ്പുവരുത്താൻ കൃത്യമായ ഇടവേളകളിൽ അവ പരിശോധനക്ക് വിധേയമാക്കേണ്ടതാണ്

മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ് വെള്ളം. ആരോഗ്യപരമായ കാര്യങ്ങൾക്കും ശുചിത്വത്തിനും ഉപയോഗിക്കുന്ന ഈ വെള്ളം എത്രത്തോളം ശുദ്ധമാണ് എന്ന കാര്യത്തിൽ പലപ്പോഴും സംശയം ഉയരാറുണ്ട്.

ഇന്ന് വാട്ടർ ഫിൽറ്ററുകളുടെ കാലമാണ്. മിക്ക വീടുകളിലും വാട്ടർ ഫിൽറ്റർ ഉപയോഗിക്കുണ്ട്. അപ്പാർട്മെന്റുകളിലും ഹൗസിങ് കോളനികളിലുമെല്ലാം ലഭ്യമാകുന്നത് വിവിധ സ്രോതസ്സുകളില്‍ വെള്ളമാണ്. മുനിസിപ്പൽ സപ്ലൈ, കുഴൽക്കിണർ, ടാങ്കറുകൾ തുടങ്ങിയവയാണ് പ്രധാന സ്രോതസ്സുകള്‍. ഇവയിൽ ക്ലോറിൻ, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളുടെ അളവ് കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വെള്ളത്തിന് അരുചിയും മറ്റും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മാത്രമല്ല ഈ വെള്ളം പൂർണ്ണമായും ശുദ്ധമാണ് എന്ന് തീർത്ത് പറയാനും വയ്യ. ഇവിടെയാണ് വാട്ടർ ഫിൽറ്റർ അല്ലെങ്കിൽ പ്യൂരിഫയറുകളുടെ പ്രസക്തി.

വാട്ടർ ഫിൽറ്റർ ഉപയോഗിച്ചാൽ വെള്ളം തീർത്തും ശുദ്ധിയായി ലഭിക്കും എന്ന ആശയമാണ് വീടുകളിൽ വ്യാപകമായി വാട്ടർ ഫിൽറ്റർ അല്ലെങ്കിൽ പ്യൂരിഫയർ ഉപയോഗിക്കാൻ കാരണമായിരിക്കുന്നത്. എന്നാൽ ഈ വാട്ടർ ഫിൽറ്റർ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? അതിനും ചില വഴികളുണ്ട്.

വെള്ളത്തിൻ്റെ രുചിയിലോ മണത്തിലോ മാറ്റമുണ്ടോ?

ഫിൽറ്ററുകളുടെ പ്രവർത്തനം ശരിയായി നടക്കുന്നുണ്ടോ എന്നറിയാൻ ആദ്യം ചെയ്യണ്ടത് ഫിൽറ്ററിൽ നിന്ന് വരുന്ന വെള്ളത്തിന്റെ രുചിയും മണവും ശ്രദ്ധിക്കുക എന്നതാണ്. വെള്ളത്തിന് നിറവ്യത്യാസമോ അരുചിയോ ഇല്ലെങ്കിൽ ഫിൽറ്ററേഷൻ കൃത്യമായി നടക്കുന്നുണ്ട് എന്ന് മനസിലാക്കാം. എന്നാൽ തെളിഞ്ഞ വെള്ളത്തിന് പകരം നിറവ്യത്യാസമോ, ക്ലോറിൻ പോലുള്ള ധാതുക്കളുടെ രുചിയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഫിൽറ്ററിന്റെ പ്രവർത്തനം മന്ദഗതിയിലായി എന്ന് മനസിലാക്കാം. എത്രയും പെട്ടെന്ന് ഫിൽറ്റർ പ്രവർത്തനക്ഷമമാക്കാൻ സർവീസ് ചെയ്യുകയോ മാറ്റിയെടുക്കുകയോ ചെയ്യേണ്ടതാണ്.

TDS പരിശോധനഫിൽറ്റർ അല്ലെങ്കിൽ പ്യൂരിഫയറിൽ നിന്ന് വരുന്ന വെള്ളം TDS പരിശോധനക്ക് വിധേയമാക്കണം. കുടിക്കുന്ന വെള്ളത്തിൽ ധാതുക്കളുടെ അളവ് കൃത്യമായിരിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. ധാതുക്കളുടെ അളവ് കൂടിയാലും കുറഞ്ഞാലും അത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കും. ഫിൽറ്ററുകൾ വെള്ളത്തിലെ ധാതുക്കളുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇവ കാര്യക്ഷമമായാണോ പ്രവർത്തിക്കുന്നത് എന്നറിയാൻ TDS പരിശോധന നടത്തുന്നത് സഹായകമാകും. ഫിൽറ്ററിൽ നിന്ന് വരുന്ന വെള്ളമാണ് TDS മീറ്റർ ഉപയോഗിച്ച് TDS നിലവാരം പരിശോധിക്കേണ്ടത്. ആരോഗ്യകരമായ TDS നിലവാരം 50 - 150 ppm ആണ്. എന്നാൽ ഇത് 300 ppm വരെയും ആകാം. TDS പരിശോധനയിൽ നിലവാരം ഇതിൽ കൂടുതൽ ഉയർന്നാണ് നിൽക്കുന്നത് എങ്കിൽ ഫിൽറ്റർ മാറ്റുകയോ സർവീസ് ചെയ്യുകയോ ചെയ്യേണ്ടതാണ്.

വെള്ളത്തിന്റെ ഒഴുക്ക്ഫിൽറ്ററിൽ നിന്ന് വരുന്ന വെള്ളത്തിന്റെ അളവ് ശ്രദ്ധിക്കുക വഴിയും ഫിൽറ്ററിന്റെ പ്രവർത്തനക്ഷമത മനസ്സിലാക്കാവുന്നതാണ്. വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ ഫിൽറ്ററിൽ എന്തെങ്കിലും അടഞ്ഞിരിക്കാനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. ഉടൻ തന്നെ അത് നീക്കം ചെയ്യുന്നതിന് സർവീസ് സേവനങ്ങളെ ആശ്രയിക്കേണ്ടതാണ്.

ഇൻഡിക്കേറ്റർ ലൈറ്റുകൾ ശ്രദ്ധിക്കുകഇപ്പോൾ ഇറങ്ങുന്ന മിക്ക ഫിൽറ്ററുകളിലും ഇൻഡിക്കേറ്റർ ലൈറ്റുകൾ, ഡിജിറ്റൽ ഡിസ്‌പ്ലേകൾ, ആപ്പ് നോട്ടിഫിക്കേഷനുകൾ തുടങ്ങിയവ ലഭ്യമാണ്. ഇവ നല്കുന്ന അറിയിപ്പുകൾ ശ്രദ്ധിക്കേണ്ടത് ഫിൽറ്റർ സേവനങ്ങൾ ആരോഗ്യപ്രദമാകാൻ സഹായിക്കും. ഇൻഡിക്കേറ്റർ ലൈറ്റുകൾ നല്കുന്ന സൂചനകൾ നിരസിച്ചാൽ ഒരുപക്ഷെ ഫിൽറ്ററിൽ നിന്ന് വരുന്നത് മലിനജലമാകാൻ സാധ്യതയുണ്ട്. ഇത് ശരീരത്തിൽ പ്രവേശിക്കുന്നതിലൂടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത കൂടുതലാണ്.

ലീക്കുകൾ ഉണ്ടോയെന്ന് പരിശോധിക്കുകഫിൽറ്ററിൽ നിന്ന് വെള്ളം ലീക്ക് ആകുന്നുവെങ്കിൽ യന്ത്രം കേടാകാറായി എന്ന സൂചയാണ്‌ നല്കുന്നത്.

കൃത്യമായ ഇടവേളകളിൽ അതായത് ഏകദേശം ഓരോ 2 മാസത്തിലൊരിക്കൽ ഫിൽറ്റർ സർവീസിംഗ് നടത്തുന്നത് യന്ത്രത്തിന്റെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും സഹായകമാകും. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മലിന ജലം സേവിക്കുന്നത് ഒഴിവാക്കാനും അതുവഴി ഉണ്ടാകാൻ സാധ്യത ഉള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തടയാനും സാധിക്കും.

Content Highlights: Water filters should be checked regularly to ensure they are working properly.

To advertise here,contact us