'ഓഫീസിൽ പോകാൻ ഓട്ടോ വിളിക്കില്ല, ആഴ്ചയിൽ 30 കിലോമീറ്റർ നടക്കും'; കാരണം തുറന്ന് പറഞ്ഞ് യുവാവ്

'ആഴ്ചയില്‍ മൂന്ന് ദിവസമാണ് വാഹനത്തെ ആശ്രയിക്കാതെ നടന്ന് ഓഫീസില്‍ പോകുന്നത്'

ദിവസവും രാവിലെ കുറച്ച് നേരം നടക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. എന്നാല്‍ തിരക്കേറിയ ജീവിതവും വാഹനങ്ങളുടെ ലഭ്യതയും നമ്മള്‍ ഓരോരുത്തരുടെയും നടത്തത്തെ വലിയ രീതിയില്‍ കുറച്ചിട്ടുണ്ട്. അതുകൊണ്ട് ചെറിയ ദൂരം പോലും പലരും നടന്ന് പോകാന്‍ മടിക്കാറുണ്ട്.

എന്നാല്‍, ഓഫീസിലേക്ക് നടന്നുപോകുന്ന ശീലം ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ച് തുറന്നുപറയുകയാണ് ഒരു യുവാവ്. 5 കിലോമീറ്റര്‍ അകലെയുള്ള ഓഫീസിലേക്ക് കാല്‍നടയായാണ് യാത്ര ചെയ്ത് എത്തുന്നതെന്നും ഇത് തന്റെ ശരീരത്തിന് ഉണ്ടാക്കിയ മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും ഇയാള്‍ പറയുന്നു. ആഴ്ചയില്‍ മൂന്ന് ദിവസമാണ് താന്‍ വാഹനത്തെ ആശ്രയിക്കാതെ നടന്ന് ഓഫീസില്‍ പോകുന്നതെന്നും ഇത് ജീവിത്തിലെടുത്ത ഏറ്റവും മികച്ച തീരുമാനമാണെന്നും റെഡിറ്റില്‍ പങ്കുവെച്ച കുറിപ്പില്‍ ഇയാള്‍ പറയുന്നു.

'എന്റെ ഓഫീസില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയാണ് ഞാന്‍ താമസിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി, ഞാന്‍ ടാക്‌സികളോ വാഹനങ്ങളോ ഉപയോഗിക്കുന്നത് നിര്‍ത്തി, മൂന്ന് പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസിലേക്ക് നടന്ന് വരാന്‍ തീരുമാനിച്ചു. അതായത് ആഴ്ചയില്‍ 30 കിലോമീറ്റര്‍ നടക്കും. ആദ്യം ഞാന്‍ കരുതിയത് ഈ നടത്തം എന്നെ വളരെ ക്ഷീണിപ്പിക്കും എന്നായിരുന്നു. പക്ഷേ അതിശയകരമെന്നു പറയട്ടെ, എന്റെ ആരോഗ്യത്തിനും വാലറ്റിനും വേണ്ടി ഞാന്‍ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നായിരുന്നു അത്' യുവാവ് പറയുന്നു.

നടത്തം ആരംഭിച്ചതിന് ശേഷം തന്റെ ശരീരത്തിലും ജീവിതത്തിലും വലിയ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്നും പോസ്റ്റില്‍ പറയുന്നു. ഈ നടത്തം ശരീരത്തില്‍ നിന്ന് 500 മുതല്‍ 600 വരെ കലോറി കുറയ്ക്കുന്നുവെന്നും ഓട്ടോ, ക്യാബ് ചിലവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ടെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. "ഏകദേശം ഒരു മണിക്കൂര്‍ സമയമാണ് ഒരു സൈഡിലേക്ക് നടക്കാന്‍ ഞാന്‍ എടുക്കുന്നത്. ഇതിന് പുറമേ ഇപ്പോള്‍ ഓട്ടോ, ക്യാബ് ഡ്രൈവര്‍മാരുമായി തര്‍ക്കിക്കേണ്ടി വരുന്നില്ല. മികച്ച ദഹനം നടക്കുന്നു. രാവിലെ വയര്‍ വീര്‍ക്കുന്നത് കുറഞ്ഞു. ജോലിസമയത്ത് കൂടുതല്‍ ഊര്‍ജ്ജസ്വലത അനുഭവപ്പെടാനും തുടങ്ങി. ഇപ്പോള്‍ വേഗം ഉറങ്ങുകയും ഉന്മേഷത്തോടെ ഉണരുകയും ചെയ്യുന്നുണ്ട്. സമ്മര്‍ദ്ദവും കുറഞ്ഞു. ഒരു ഫ്രീ ജിം മെമ്പര്‍ഷിപ്പ് ലഭിച്ചത് പോലെയുമാണ് എനിക്ക് ഇപ്പോള്‍ തോന്നുന്നത്," പോസ്റ്റില്‍ പറയുന്നു.

ബിപിയോ ഷുഗര്‍ പ്രശ്‌നങ്ങളോ ഒന്നുമില്ലെങ്കിലും ഒരു പ്രതിരോധ നടപടി എന്ന നിലയിലാണ് താന്‍ ഇത് ചെയ്യുന്നതെന്നും പോസ്റ്റില്‍ പറയുന്നു. പഠനങ്ങള്‍ പ്രകാരം വേഗത്തിലുള്ള നടത്തം ദീര്‍ഘകാല ഹൃദയാരോഗ്യം, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ തടയുന്നതിന് സഹായിക്കുമെന്നും ഇത് തനിക്ക് സത്യമാണെന്ന് തോന്നുന്നുണ്ടെന്നും യുവാവ് പറയുന്നുണ്ട്.

Content Highlights- 'Not taking taxi, walking for 30 km in a week' reddit post goes viral

To advertise here,contact us