നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയ യുവതി വിവാഹനിശ്ചയ ചടങ്ങിനിടെ വരനെ ആലിംഗനം ചെയ്തതിന് പണം ആവശ്യപ്പെട്ടത് ചർച്ചയാകുന്നു. ചൈനയിലെ ഹനാൻ പ്രവിശ്യയിലാണ് സംഭവം.
പിങ്ഡിങ്ഷാൻ എന്ന പ്രദേശത്ത് താമസിക്കുന്ന യുവാവും യുവതിയും കഴിഞ്ഞ വർഷം ഒരു കല്യാണ ബ്രോക്കർ വഴിയാണ് പരിചയപ്പെടുന്നത്. വൈകാതെ ജനുവരിയിൽ ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. നവംബറിൽ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്.
വിവാഹനിശ്ചയ ചടങ്ങിന്റെ ഭാഗമായി വരൻ 200000 യുവാൻ (24,83,008 രൂപ) യുവതിയ്ക്ക് സമ്മാനമായി നൽകിയിരുന്നു. ചൈനീസ് സംസ്കാരത്തിന്റെ ഭാഗമായുള്ള ഒരു ചടങ്ങാണിത്. പിന്നീട് വിവാഹത്തിന്റെ ഒരുക്കങ്ങളുമായി ഇരുവരുടെയും കുടുംബം മുന്നോട്ടു പോയി.
ഹാൾ ബുക്ക് ചെയ്യുക, ക്ഷണക്കത്ത് തയ്യാറാക്കുക, അതിഥികൾക്ക് താമസിക്കാനുള്ള ഹോട്ടൽ ബുക്ക് ചെയ്യുക തുടങ്ങിയ കാര്യങ്ങളെല്ലാം പൂർത്തിയാക്കി. എന്നാൽ കഴിഞ്ഞ ദിവസം യുവതി വിവാഹത്തിൽ നിന്നും പിന്മാറുന്നതായി അറിയിക്കുകയായിരുന്നു.
വിവാഹ നിശ്ചയത്തിന് സമ്മാനമായി നൽകിയ തുക മുഴുവനായി തിരിച്ചുനൽകാൻ ആകില്ലെന്നും യുവതി വരനെ അറിയിച്ചു. വിവാഹനിശ്ചയ സമയത്ത് എടുത്ത ചിത്രങ്ങളിൽ കെട്ടിപ്പിടിച്ചിരുന്നെന്നും അതുകൊണ്ട് 'ഹഗ്ഗിങ് ഫീ' ആയി 30000 യുവാൻ(3,72,451 രൂപ) താൻ എടുക്കുകയാണെന്നുമാണ് യുവതി പറഞ്ഞത്. മറ്റ് ചില ചെലവുകൾ കൂടി ഇതിന്റെ ഭാഗമാണെന്നും ഇവർ പറയുന്നു. വരന്റെ വീട്ടുകാർക്ക് 170500 യുവാൻ (2116764 രൂപ)യാണ് തിരിച്ച് ലഭിച്ചിരിക്കുന്നത്.
ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ യുവതിക്കെതിരെ വ്യാപകമായി വിമർശനമാണ് ഉയരുന്നത്. മുഴുവൻ തുകയും തിരിച്ചുനൽകണമെന്നാണ് നിരവധി പേർ അഭിപ്രായപ്പെടുന്നത്. വിവാഹനിശ്ചയത്തിൽ നിന്നും പിന്മാറിയ യുവതികൾ പലപ്പോഴും സമ്മാനമായി ലഭിച്ച തുകയിൽ നിന്നും ഒന്നും തന്നെ വരന് തിരിച്ചുനൽകാൻ തയ്യാറാകാത്ത ചില സംഭവങ്ങളെ കുറിച്ചും സമൂഹമാധ്യമങ്ങളിൽ പലരും പരാമർശിക്കുന്നുണ്ട്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റിൽ കല്യാണ ബ്രോക്കർ ഇതേ കുറിച്ച് പറയുന്ന കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. 'വരൻ ആവശ്യത്തിലേറെ സത്യസന്ധനായ ഒരാളാണെന്നും ഇയാൾക്ക് വേണ്ടത്ര വരുമാനമില്ലെന്നുമാണ് ആ പെൺകുട്ടി ഇപ്പോൾ പറയുന്നത്. ഇത് പറഞ്ഞാണ് വിവാഹത്തിൽ നിന്നും ഒഴിവായിരിക്കുന്നത്. ഞാൻ നൂറുകണക്കിന് കല്യാണം നടത്തിയിട്ടുണ്ട്. പക്ഷെ ഇങ്ങനെയൊരു അനുഭവം ആദ്യമാണ്,' ബ്രോക്കർ പറയുന്നു.
അതേസമയം, യുവതിയോ യുവാവോ വീട്ടുകാരോ ഇതിൽ പ്രതികരണം നടത്തിയിട്ടില്ല. അതുകൊണ്ട് തന്നെ, വ്യക്തിപരമായോ വീട്ടുകാർ തമ്മിലോ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നതിലും വ്യക്തതയില്ല.
Content Highlights: Woman backs off from wedding, demands Hugging fee from Betrothal money from the ex fiance