120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും നല്‍കി വിവാഹമോചനം, പാലഭിഷേകം നടത്തി കേക്കുമുറിച്ച് യുവാവ്; വിമര്‍ശനം

എല്ലാ അവസാനങ്ങളും ശുഭപര്യവസായി ആയിരിക്കണമെന്നില്ലല്ലോ, അതുപോലെ ജീവിതത്തിന്റെ അവസാനവും. അതുചിലപ്പോള്‍ മറ്റൊന്നിന്റെ തുടക്കമാകാം.

120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും നല്‍കി വിവാഹമോചനം, പാലഭിഷേകം നടത്തി കേക്കുമുറിച്ച് യുവാവ്; വിമര്‍ശനം
dot image

The End, എന്നതിനുപകരം പണ്ടുകാലത്ത് സിനിമകളില്‍ ശുഭം എന്നെഴുതി കാണിച്ചിരുന്നത് ഓര്‍മയില്ലേ..എല്ലാം ശുഭമായി പര്യവസാനിച്ചു എന്നാണ് അതിലൂടെ അര്‍ഥമാക്കിയിരുന്നത്. എന്നാല്‍ എല്ലാ അവസാനങ്ങളും ശുഭപര്യവസായി ആയിരിക്കണമെന്നില്ലല്ലോ, അതുപോലെ ജീവിതത്തിന്റെ അവസാനവും. അതുചിലപ്പോള്‍ മറ്റൊന്നിന്റെ തുടക്കമാകാം.

ഇപ്പോഴിതാ അത്തരത്തില്‍ ജീവിതത്തിന്റെ മറ്റൊരു തുടക്കം ആഘോഷത്തോടെ തുടങ്ങിയ ഒരു യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തന്റെ വിവാഹമോചനമാണ് ഇയാള്‍ ആഘോഷമാക്കിയത്. താനിപ്പോള്‍ തനിച്ചാണെന്നും സന്തോഷവാനാണെന്നും കേക്ക് മുറിച്ച് ആഘോഷിച്ചാണ് ഇയാള്‍ ലോകത്തോട് വിളിച്ചുപറഞ്ഞത്. കൗതുകമെന്തെന്നാല്‍ മുന്‍ഭാര്യക്ക് 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും നല്‍കിയാണ് യുവാവ് വിവാഹമോചനം നേടിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ യുവാവ് നിലത്ത് ഇരിക്കുന്നതും തലയിലൂടെ പാല്‍ ഒഴിക്കുന്നതും കാണാം. വിശ്വാസമനുസരിച്ച് പാലഭിഷേകം നടത്തുന്നത് ശുദ്ധി വരുത്തുന്നതിന് വേണ്ടിയാണ്. വിവാഹമോചനം നേടിയ യുവാവ് പുതിയൊരു ജീവിതം തുടങ്ങുന്നതിന് മുമ്പായി സ്വയം ശുദ്ധീകരിക്കുന്നതിന് വേണ്ടി ഇത്തരത്തില്‍ അമ്മയെക്കൊണ്ട് പാലഭിഷേകം നടത്തുകയായിരുന്നു. പാലഭിഷേകത്തിന് ശേഷം പാര്‍ട്ടിക്കായി തയ്യാറായെത്തിയ യുവാവ് കേക്ക് കട്ട് ചെയ്യുന്നതും മറ്റും കാണാം. കേക്കിന് മുകളില്‍ ഹാപ്പി ഡിവോഴ്‌സ് എന്നും 120 ഗ്രാം ഗോള്‍ഡ് 18 ലക്ഷം രൂപയെന്നും എഴുതിയിട്ടുണ്ട്. ഒപ്പം രണ്ട് സ്‌മൈലിയും.

വിവാഹമോചിതനെന്ന നിലയില്‍ തനിക്ക് പറയാനുള്ള കാര്യവും വീഡിയോയ്‌ക്കൊപ്പം ഇയാള്‍കുറിക്കുന്നുണ്ട്.'സന്തോഷത്തോടെയിരിക്കൂ..ആഘോഷിക്കൂ..ഒരിക്കലും വിഷാദത്തിലാവരുത്. 120 ഗ്രാം സ്വര്‍ണവും 18 ലക്ഷം രൂപയും വാങ്ങുകയല്ല കൊടുക്കുകയാണ് ചെയ്തത്. ഒറ്റയ്ക്കാണ്, സന്തോഷവാനാണ്, സ്വതന്ത്രനാണ്..എന്റെ ജീവിതം, എന്റെ നിയമങ്ങള്‍..' യുവാവ് എഴുതുന്നു.

പക്ഷേ ഇതിനകം മൂന്നുമില്യണില്‍ അധികം പേര്‍ കണ്ട വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ചിലര്‍ ഇയാളെ മമ്മാസ് ബോയ് എന്ന് പരിഹസിക്കുന്നുണ്ട്. അമ്മ യുവാവിന്റെ ശരീരത്തിലൂടെ പാലൊഴിക്കുന്നത് കണ്ടപ്പോള്‍ തന്നെ ആ പെണ്‍കുട്ടി രക്ഷപ്പെട്ടെന്നാണ് തനിക്ക് തോന്നിയതെന്ന് ഒരു ഉപയോക്താവ് കുറിക്കുന്നു. ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പ് നിങ്ങളുടെ ഭാര്യ അവസാനിപ്പിച്ചതായാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ അമ്മയ്‌ക്കൊപ്പം ഇരിക്കൂ. പ്രിയപ്പെട്ട പെണ്‍കുട്ടികളെ ഈ അമ്മക്കുട്ടനില്‍ നിന്ന് അകന്നിരിക്കൂ എന്നും ചിലര്‍ പറയുന്നു. എന്തിനാണ് വിവാഹത്തിനും വിവാഹമോചനത്തിനും ഇത്രയേറെ ആഘോഷങ്ങള്‍ എന്ന് ചോദിക്കുന്നവരുമുണ്ട്.

Content Highlights: Mumma's Boy' or New Beginning? Unconventional Post-Divorce Ritual Sparks Debate

dot image
To advertise here,contact us
dot image